സൈക്കിളിൽ ഒരു സോളോ ട്രിപ്പ് ടു ആഫ്രിക്ക
|ആഫ്രിക്കയിലേക്കുള്ള യാത്രയിൽ 22 രാജ്യങ്ങൾ സൈക്കിളിൽ താണ്ടും. ഏതാണ്ട് 25,000 കിലോമീറ്റർ ദൂരം രണ്ടു വർഷം കൊണ്ട് പൂർത്തിയാക്കാനാകുമെന്നാണ് അരുണിമയുടെ പ്രതീക്ഷ
മലപ്പുറം: 23-ാം വയസിൽ 22 രാജ്യങ്ങളിലേക്ക് സൈക്കിളുമായി യുവതിയുടെ സോളോ ട്രിപ്പ്. എന്താ നടക്കില്ലെന്നു തോന്നുന്നുണ്ടോ? എന്നാൽ, പാലക്കാട് ഒറ്റപ്പാലം സ്വദേശിക്ക് അക്കാര്യത്തിലൊരു സംശയവുമില്ല കെട്ടോ...
ആഫ്രിക്കയിലേക്കാണിപ്പോൾ അരുണിമ സൈക്കിളുമായി ഇറങ്ങിയിരിക്കുന്നത്. ഇതിനിടെ 22 രാജ്യങ്ങൾ ചുറ്റും. ഏതാണ്ട് 25,000 കിലോമീറ്റർ ദൂരം. രണ്ടു വർഷം കൊണ്ടാണ് യാത്ര പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നത്. ഒരു ദിവസം 150 കി.മീറ്റർ ആണ് ലക്ഷ്യം. കേരളം പോലെയുള്ള സ്ഥലങ്ങളിൽ 50-60 കി.മീറ്ററും.
പോകുന്നയിടങ്ങളിൽ ടെന്റടിച്ചും ലഭിക്കുന്ന താമസസ്ഥലങ്ങളിൽ തങ്ങിയുമാണ് സാഹസിക സൈക്കിൾ യാത്ര. അടിയന്തര ഘട്ടത്തിൽ മാത്രമേ താമസത്തിനു മറ്റു സൗകര്യങ്ങളെ ആശ്രയിക്കൂ. മറ്റു യാത്രാചെലവെല്ലാം പ്രതീക്ഷിക്കുന്നുണ്ട്.
മുംബൈ വരെ സൈക്കിളിൽ യാത്ര ചെയ്ത് അവിടെനിന്ന് വിമാനമാർഗം ഒമാനിലേക്കു പറക്കും. പിന്നീടങ്ങോട്ട് മുഴുവൻ യാത്രയും സൈക്കിളിലായിരിക്കും. ഒമാൻ വിസ കൈയിലുണ്ടെന്നും യു.എ.ഇയിലും മറ്റ് രാജ്യങ്ങളിലും പോകുന്നവഴിക്ക് വിസ എടുക്കാനാണ് പദ്ധതിയെന്നും അരുണിമ 'മീഡിയവണി'നോട് പറഞ്ഞു. ജി.സി.സി പൊതുവെ എളുപ്പമാണ്. സൗദി അറേബ്യയാണ് കൂട്ടത്തിൽ അൽപം ബുദ്ധിമുട്ടുള്ളത്. ആഫ്രിക്കയിലേക്ക് കടക്കുമ്പോൾ നമീബിയയിലും സുഡാനിലുമെല്ലാം വിസ ലഭിക്കാൻ ഇത്തിരി ബുദ്ധിമുട്ടാണെന്നുമുള്ള ബോധ്യമുണ്ട്. എന്നാലും, അവിടെയൊക്കെ വരുംവഴിക്ക് കാണാമെന്ന ഉറപ്പിലാണ് പുറപ്പാട്.
അഞ്ച് രാജ്യങ്ങളിലേക്ക് നേരത്തെ തന്നെ യാത്രപോയിട്ടുണ്ട് ഈ മിടുക്കി. ഇന്ത്യയിൽ ഒട്ടുമിക്ക സ്ഥലങ്ങളിലും സന്ദർശിച്ചിട്ടുണ്ട്. കഴിഞ്ഞ ഒന്നര വർഷമായി യാത്രകൾ തന്നെയാണ്. ഇതിനിടെ ചെറിയ പ്രശ്‌നങ്ങളൊക്കെ നേരിട്ടിട്ടുണ്ടെന്നല്ലാതെ വലിയ ദുരനുഭവങ്ങളൊന്നുമില്ല. വഴിയിലെവിടെയും പല തരത്തിലുമുള്ള അപകടം പതിയിരിക്കുന്നുണ്ടെന്ന ബോധ്യമാണ് ധൈര്യം. കേരളത്തിൽ രണ്ടു പ്രാവശ്യം കുരുമുളക് സ്‌പ്രേ ഉപയോഗിക്കേണ്ടിവന്ന അനുഭവമുണ്ടെന്നും അരുണിമ പറയുന്നു. രാത്രി ലിഫ്റ്റ് അടിച്ചുപോകുമ്പോൾ ലോറി ഡ്രൈവർമാർക്കു നേരെയായിരുന്നു അത്.
ദേശങ്ങൾ തേടിയുള്ള അരുണിമയുടെ ആഫ്രിക്കൻ യാത്രയ്ക്ക് കഴിഞ്ഞ ദിവസമാണ് തുടക്കമായത്. മലപ്പുറത്ത് മന്ത്രി വി അബ്ദുറഹ്മാനാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. കുടുംബമാണ് പ്രചോദനം. അവരെല്ലാവരും യാത്രയ്ക്ക് പൂർണ പിന്തുണ നൽകുന്നുണ്ടെന്നും അരുണിമ പറയുന്നു.
Summary: 23 year Old Kerala girl, Arunima, starts solo trip to Africa by by-cycle