കുലുക്കം മുതൽ എയർ ഹോസ്റ്റസ് വരെ; എയർ ഇന്ത്യയിൽ യാത്രക്കാർ ആഗ്രഹിക്കുന്ന മാറ്റങ്ങൾ
|എയർ ഇന്ത്യയുടെ കാര്യത്തിൽ പ്രവാസികളടക്കമുള്ളവർക്ക് ടാറ്റയോട് പറയാനുള്ള കാര്യങ്ങൾ ഒന്നും രണ്ടുമല്ല
ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ ഉടമസ്ഥാവകാശം ടാറ്റ ഏറ്റെടുത്തതോടെ ഏറെ പ്രതീക്ഷയിലാണ് പ്രവാസികളടക്കമുള്ള ആകാശയാത്രക്കാർ. നിരവധി കാര്യങ്ങളാൽ നിരന്തരം പഴികേൾക്കുന്ന എയർ ഇന്ത്യയിൽ കാതലായ മാറ്റങ്ങളുണ്ടാകുമെന്നും പുതിയൊരു യാത്രാനുഭവത്തിലേക്കായിരിക്കും ടാറ്റ വാതിൽ തുറക്കുകയെന്നുമാണ് അവരുടെ പ്രതീക്ഷകൾ.
എയർ ഇന്ത്യ യാത്രക്കാരനെ നിരന്തരം അലട്ടിയിരുന്നതും മാറ്റം ആഗ്രഹിച്ചതുമായ നിരവധി കാര്യങ്ങളാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചൂണ്ടിക്കാണിക്കുന്നത്. ഉടമസ്ഥാവകാശം ഏറ്റെടുത്തതു സംബന്ധിച്ച വാർത്തകൾക്കും ടാറ്റയുടെയും എയർ ഇന്ത്യയുടെയും സോഷ്യൽ മീഡിയാ പോസ്റ്റുകൾക്കും കീഴെ പ്രതികരണങ്ങളായി നിരവധി ആവശ്യങ്ങൾ ഉന്നയിക്കപ്പെടുന്നു. സോഷ്യൽ മീഡിയാ പ്രതികരണങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത ചില ആവശ്യങ്ങൾ ഇതാ:
ഇങ്ങനെ കുലുങ്ങരുത്
പ്രധാന പരാതി വിമാനങ്ങളുടെ നിലവാരവും അറ്റകുറ്റപ്പണികളും സംബന്ധിച്ചുള്ളതാണ്. സ്വകാര്യ വിമാനക്കമ്പനികൾ മികച്ച സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുമ്പോൾ എയർ ഇന്ത്യയിലെ യാത്ര അത്ര സുഖകരമല്ലെന്ന് യാത്രക്കാർ ഒറ്റ സ്വരത്തിൽ. കാലപ്പഴക്കമുള്ള, ഇളകുന്ന സീറ്റുകളും യാത്രാമധ്യേ വിമാനത്തിന് അനുഭവപ്പെടുന്ന അസ്വാഭാവികമായ കുലുക്കവും ഉടൻ പരിഹരിക്കേണ്ട പ്രശ്‌നമാണെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യത്തിൽ ടാറ്റ എന്തു നടപടിയെടുക്കുമെന്നാണ് കാണേണ്ടത്.
സിംഹഭാഗവും എയർബസ്, ബോയിങ് വിമാനങ്ങളടങ്ങുന്ന എയർ ഇന്ത്യ ഫ്‌ളീറ്റിന്റെ ശരാശരി പ്രായം 10 വർഷമാണെന്നാണ് കണക്കുകൾ പറയുന്നത്. ഇന്ത്യയിൽ നിലവിൽ സർവീസ് നടത്തുന്ന വിമാനക്കമ്പനികളിൽ ഏറ്റവും കൂടിയ ശരാശരി പ്രായമാണിത്. വിമാനങ്ങളുടെ പഴക്കത്തോടൊപ്പം കൃത്യമായി സർവീസ് നടത്താത്തതാണ് പ്രശ്‌നങ്ങൾക്കു കാരണം. ഏറ്റെടുത്തതിനു പിന്നാലെ വിമാനനിർമാതാക്കളുമായി എയർ ഇന്ത്യ സർവീസ് അടക്കമുള്ള കാര്യങ്ങളിൽ ചർച്ചയാരംഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
ഭക്ഷണം കഴിക്കാനുള്ളതാണ്
ഭക്ഷണ മെനുവിൽ മാറ്റം വരുത്തുകയും നിലവാരമുള്ള ഭക്ഷണം ലഭ്യമാക്കുകയും വേണമെന്നാണ് ഉയരുന്ന ആവശ്യങ്ങളിൽ പ്രധാനപ്പെട്ട മറ്റൊന്ന്. ഇക്കാര്യത്തിൽ ഉടൻ തന്നെ തീരുമാനമാവുമെന്നാണ് സൂചന. യാത്രക്കാർക്ക് നൽകുന്ന ഭക്ഷണം ഇനി പഴയ പോലെ ആവില്ലെന്നും ഭക്ഷണ സേവനം കൂടുതൽ മെച്ചപ്പെടുത്തുമെന്നും ടാറ്റ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. പ്രാദേശിക വൈവിധ്യങ്ങൾ ഉൾപ്പെടുത്തി വൈവിധ്യമുള്ള മെനു ഇന്നു തന്നെ നാല് വിമാനങ്ങളിൽ നടപ്പാക്കിയിട്ടുണ്ട്. ടാറ്റയ്ക്കു കീഴിലുള്ള എയർഇന്ത്യയിൽ ഏറ്റവുമാദ്യം ദൃശ്യമാവുക ഭക്ഷണത്തിലെ മാറ്റമായിരിക്കും.
വൈകരുത്, പെരുവഴിയിലാക്കരുത്
സർവീസിൽ സമയക്രമം പാലിക്കാത്തതിനും ഫ്‌ളൈറ്റുകൾ കാൻസൽ ചെയ്യുന്നതിനും കുപ്രസിദ്ധമാണ് എയർ ഇന്ത്യ. മണിക്കൂറുകളോളമുള്ള ഡിലേയും അപ്രതീക്ഷിതമായുള്ള കാൻസലേഷനും കാരണം പെരുവഴിയിലായ അനുഭവമുള്ളവർ നിരവധി. ഇക്കാര്യത്തിൽ തീരുമാനമുണ്ടാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ടിക്കറ്റിൽ കാണിച്ച സമയത്ത് വിമാനം പുറപ്പെടണമെന്നും വൈകുന്ന സാഹചര്യം പരമാവധി ഒഴിവാക്കണമെന്നും അവർ പറയുന്നു. മണിക്കൂറുകൾ വൈകുന്ന സാഹചര്യത്തിൽ യാത്രാ, താമസ, ഭക്ഷണ സൗകര്യം പ്രൊഫഷണൽ രീതിയിൽ ലഭ്യമാക്കണമെന്നും ആവശ്യമുണ്ട്.
കസ്റ്റമേഴ്‌സിനുള്ളതാണ് കസ്റ്റമർ സർവീസ്
അടിയന്തര ഘട്ടങ്ങളിൽ പ്രതികരിക്കുകയും ഉത്തരങ്ങൾ നൽകുകയും ചെയ്യുന്ന കസ്റ്റമർ സർവീസ് ആണ് ഇന്ന് ഏറെക്കുറെ എല്ലാ വിമാനക്കമ്പനികൾക്കുമുള്ളത്. എന്നാൽ, എയർ ഇന്ത്യ ഇക്കാര്യത്തിൽ ഏറെ പിറകിലാണെന്നും ഉപഭോക്താക്കളെ ഡീൽ ചെയ്യുന്ന കാര്യത്തിൽ ഏറെ പിറകോട്ടാണെന്നും യാത്രക്കാർ പറയുന്നു.
ഇക്കാര്യത്തിൽ ടാറ്റ കാര്യമായ മാറ്റങ്ങൾ തന്നെ കൊണ്ടുവരുന്നു എന്നാണ് സൂചന. ടി.സി.എസ് ഡെവലപ് ചെയ്ത ഒരു ഫ്‌ളൈറ്റ് ആപ്പ് യാത്രക്കാർക്കും ജീവനക്കാർക്കും ഉടൻ ലഭ്യമാക്കുമെന്നും കസ്റ്റമർ സർവീസ് വിപുലമായി പരിഷ്‌കരിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. അനായാസം ടിക്കറ്റ് ബുക്ക് ചെയ്യാനും വിമാനങ്ങളുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും കഴിയുന്ന അത്യാധുനിക ആപ്പാണ് അവതരിപ്പിക്കാനിരിക്കുന്നത്.
കഴുത്തിന് പിടിക്കരുത്, പ്ലീസ്...
മറ്റു വിമാനക്കമ്പനികളെ പോലെ സീസണിൽ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടുന്നതിൽ കുപ്രസിദ്ധരാണ് എയർ ഇന്ത്യ. കീശ കാലിയാക്കാത്ത ടിക്കറ്റ് നിരക്കിൽ യാത്ര ചെയ്യാൻ അവസരമൊരുക്കണമെന്നാണ് പ്രവാസികളടക്കമുള്ളവർ ആവശ്യപ്പെടുന്നത്. തിരക്കുള്ള റൂട്ടുകളിൽ മറ്റുള്ള കമ്പനികൾക്ക് മത്സരമുയർത്തുന്ന വിധത്തിൽ ടിക്കറ്റ് നിരക്കുകൾ ക്രമീകരിച്ചാൽ എയർ ഇന്ത്യ യാത്രക്കാരുടെ പ്രിയപ്പെട്ട എയർലൈൻ ആകാൻ അധികം കാത്തിരിക്കേണ്ടി വരില്ല.
നന്നായി പെരുമാറൂ
മാന്യമായി പെരുമാറുകയും യാത്രക്കാർക്ക് വേണ്ട സഹായങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്ന കാബിൻ ക്രൂ ആയിരിക്കണം ടാറ്റയുടെ കീഴിലുള്ള എയർ ഇന്ത്യയുടേത് എന്ന ആവശ്യവും ശക്തമാണ്. കൗണ്ടർ സ്റ്റാഫ് മുതൽ ഫ്‌ളൈറ്റ് വരെയുള്ളവർക്ക് പ്രൊഫഷണലായി പെരുമാറാൻ പരിശീലനം നൽകണം. കൂടുതൽ ചെറുപ്പക്കാരെ എയർ ഇന്ത്യ എക്‌സ്പ്രസിന് പ്രത്യേകം ബാക്ക്ഓഫീസ് സ്റ്റാഫ് വേണം.
പ്രൊഫഷണൽ രീതിയിലുള്ള മാറ്റങ്ങൾ എയർ ഇന്ത്യയിൽ നടപ്പിലാക്കാൻ ടാറ്റ സൺസ് പ്രത്യേക താൽപര്യമെടുക്കുന്നുണ്ടെന്നാണ് വിവരം. പരാതികൾ പരിഗണിക്കാനും മാറ്റങ്ങൾ നടപ്പിലാക്കാനും ടാറ്റയുടെ മറ്റ് കമ്പനികളിൽ നിന്നുള്ള ജീവനക്കാരെ എയർ ഇന്ത്യയിലേക്ക് ഡെപ്യൂട്ടേഷനിൽ നിയമിക്കാൻ തീരുമാനമായിട്ടുണ്ട്.
എയർ ഇന്ത്യയുമുമായി ബന്ധപ്പെട്ട കൂടുതൽ പ്രതികരണങ്ങൾ കാണാം, നിങ്ങളുടെ പ്രതികരണങ്ങൾ പങ്കുവെക്കാം: >