Travel
idukki dam
Travel

ക്രിസ്മസ് അവധിക്ക് ഇടുക്കി ഡാമിന്റെ കാഴ്ചകളിലേക്ക് യാത്ര പോകാം

വെബ് ഡെസ്ക്
|
21 Dec 2023 4:37 AM GMT

ഡിസംബര്‍ 31 വരെയാണ് പ്രവേശനം

ക്രിസ്മസ് അവധിക്കാലത്ത് ഇടുക്കി - ചെറുതോണി ഡാമുകള്‍ സന്ദര്‍ശിക്കാന്‍ അവസരം. ഡിസംബര്‍ 31 വരെയണ് ഡാമുകള്‍ സന്ദര്‍ശകര്‍ക്കായി തുറന്നുനല്‍കുന്നത്. രാവിലെ 9.30 മുതല്‍ അഞ്ച് വരെയാണ് പ്രവേശനം അനുവദിക്കുക.

ഡാമുകളിലെ സാങ്കേതിക പരിശോധനകള്‍ നടക്കുന്ന ബുധനാഴ്ച പ്രവേശനം അനുവദിക്കില്ല. സുരക്ഷ കണക്കിലെടുത്ത് മൊബൈല്‍ ഫോണ്‍, കാമറ തുടങ്ങിയ ഇലക്ട്രിക് ഉപകരണങ്ങള്‍ക്ക് ഡാമിനകത്ത് വിലക്കുണ്ട്.

മുതിര്‍ന്നവര്‍ക്ക് 40ഉം കുട്ടികള്‍ക്ക് 20ഉം രൂപയാണ് ടിക്കറ്റ് നിരക്ക്. ഡാമിന് മുകളിലൂടെ സഞ്ചരിക്കാന്‍ ബഗ്ഗി കാര്‍ സൗകര്യവുമുണ്ട്. ഇതില്‍ എട്ടുപേര്‍ക്ക് സഞ്ചരിക്കാന്‍ 600 രൂപയാണ് നിരക്ക്.

ഏഷ്യയിലെ ആദ്യത്തെ ആര്‍ച്ച് ഡാം സന്ദര്‍ശിക്കാനുള്ള അവസരമാണ് ഒരിക്കല്‍ കൂടി കൈവന്നിരിക്കുന്നത്. കഴിഞ്ഞ ജൂലൈയില്‍ ഡാം സന്ദര്‍ശിച്ച വ്യക്തി ഹൈമാസ്റ്റ് ലൈറ്റുകള്‍ക്ക് ചുവട്ടില്‍ താഴിട്ട് പൂട്ടിയിരുന്നു. കൂടാതെ ചെറുതോണി ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തുന്ന കയറില്‍ പ്രത്യേകതരം ദ്രാവകം ഒഴിക്കുകയും ചെയ്തു.

സംഭവം പുറത്തറിഞ്ഞതോടെ സന്ദര്‍ശകര്‍ക്കുള്ള പ്രവേശനം നിര്‍ത്തിവെച്ചിരുന്നു. വീണ്ടും ഡാം സന്ദര്‍ശകര്‍ക്കായി തുറക്കുമ്പോള്‍ ദേഹപരിശോധനയടക്കമുള്ള കര്‍ശന സുരക്ഷ ക്രമീകരണങ്ങള്‍ അധികൃതര്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

ഇടുക്കി ഡാമിന് സമീപം അന്തിയുറങ്ങാനായി ടൂറിസം വകുപ്പ് ഇക്കോ ലോഡ്ജും ഒരുക്കിയിട്ടുണ്ട്. 12 കോട്ടേജുകള്‍ ഇവിടെ ലഭ്യമാണ്. 4130 രൂപയാണ് പ്രതിദിന നിരക്ക്.

Related Tags :
Similar Posts