ഗയ്‌സ്, ഖത്തർ എയർവേയ്‌സ് പൊളിയാണ്; ഇതാ അറിയേണ്ട ഏഴു കാര്യങ്ങൾ
|പ്രവാചകനിന്ദ വിവാദത്തിന് പിന്നാലെ ബോയ്‌കോട്ട് ഖത്തർ എയര്‍വേയ്സ് എന്ന പേരിലുള്ള ഹാഷ് ടാഗ് ട്വിറ്ററിൽ ട്രൻഡിങ്ങായിരുന്നു.
പ്രവാചകനിന്ദ വിവാദത്തിന് പിന്നാലെ അറബ് രാഷ്ട്രമായ ഖത്തറിന്റെ ഔദ്യോഗിക വിമാന സർവീസ് ഖത്തർ എയർലൈൻസ് ബഹിഷ്‌കരിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു സംഘം തീവ്രവലതുപക്ഷം. ബോയ്‌കോട്ട് ഖത്തർ എയര്‍വേയ്സ് എന്ന പേരിലുള്ള ഹാഷ് ടാഗ് ട്വിറ്ററിൽ ട്രൻഡിങ്ങാണ്. ഇതോടെ ഖത്തർ എയർവേയ്‌സിന്റെ സവിശേഷതകൾ അറിയാനുള്ള ആളുകളുടെ കൗതുകവും വർധിച്ചു. ഖത്തർ എയർവേയ്‌സിനെ മറ്റു രാഷ്ട്രങ്ങളുടെ വിമാന സർവീസിൽനിന്ന് വ്യത്യസ്തമാക്കുന്നത് എന്തെല്ലാമാണ്. പരിശോധിക്കുന്നു;
1- ലോക 'ജേതാവ്'; ആറുവട്ടം
ലണ്ടൻ ആസ്ഥാനമായ വ്യോമയാന കൺസൽട്ടൻസി സ്ഥാപനം എയർലൈൻ റിവ്യൂസ് ആൻഡ് റേറ്റിങിന്റെ (skytrax) റാങ്കിങ് പ്രകാരം ലോകത്തെ ഒന്നാം നമ്പർ വിമാന സർവീസാണ് ഖത്തർ എയർവേയ്‌സ്. തുടർച്ചയായ ആറാം വർഷമാണ് ഖത്തർ എയർവേയ്‌സ് ഒന്നാം സ്ഥാനം നിലനിർത്തുന്നത്. സിംഗപൂർ എയർലൈൻസിനാണ് 2021ലെ രണ്ടാം സ്ഥാനം. ജപ്പാന്റെ ആൾ നിപ്പോൺ എയർവേയ്‌സ് മൂന്നാമതും. 350 എയർലൈൻസുകളിൽനിന്നാണ് സ്‌കൈട്രാക്‌സ് ഒന്നാം സ്ഥാനക്കാരെ കണ്ടെത്തിയത്.
സേവനത്തിനും മികവിലും ഒരു ഒത്തുതീർപ്പും വരുത്താതെ മുമ്പോട്ടു പോകുന്നതിനുള്ള അംഗീകാരമാണ് ഈ നേട്ടമെന്ന് ഖത്തർ എയർവേയ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബൽ അൽ ബകെർ സ്‌കൈട്രാക്സിനോട് പ്രതികരിച്ചിരുന്നു.
2- ചെറുപ്രായം
മറ്റു രാഷ്ട്രങ്ങളിലെ വിമാന സർവീസുകളെ അപേക്ഷിച്ച് ചെറിയ പ്രായമേ ഖത്തർ എയർവേയ്‌സിനായിട്ടുള്ളൂ. 28 വർഷം. 1994ലാണ് പ്രവർത്തനം ആരംഭിച്ചത്. ഇന്ത്യയുടെ ഔദ്യോഗിക വിമാന സർവീസായിരുന്ന എയർ ഇന്ത്യ (ഇപ്പോൾ ടാറ്റയുടെ പക്കൽ) 1932ലാണ് സർവീസിന് തുടക്കം കുറിച്ചത് എന്നോർക്കണം. നിലവിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 150ലേറെ ഡെസ്റ്റിനേഷനുകളിലേക്ക് വിമാനത്തിന് സർവീസുകളുണ്ട്. 200ലേറെ വിമാനങ്ങൾ സ്വന്തം. 43000 ജീവനക്കാർ ജോലി ചെയ്യുന്നു.
3- ബെസ്റ്റ് ബിസിനസ് ക്ലാസ്
സ്‌കൈട്രാക്‌സിന്റെ റാങ്കിങ് പ്രകാരം ആഗോള വിമാനക്കമ്പനികളിലെ ഏറ്റവും മികച്ച ബിസിനസ് ക്ലാസും ബെസ്റ്റ് ബിസിനസ് ക്ലാസ് സീറ്റും ഖത്തർ എയർവേയ്‌സിന്റേതാണ്. ക്യു സ്യൂട്ടാണ് ബിസിനസ് ക്ലാസിന്റെ പ്രത്യേകത. തിരക്കുള്ള വിമാനത്തിലും സ്വകാര്യതയോടെ യാത്ര ചെയ്യാമെന്നതാണ് ക്യു സ്യൂട്ടിന്റെ പ്രത്യേകത. ഫാമിലിയാണെങ്കിൽ ഇടയിലുള്ള പാർട്ടീഷൻ വാൾ എടുത്തുമാറ്റി വിശാലമായി ഇരുന്നും യാത്ര ചെയ്യാം. രാത്രി ഇതേ പാർട്ടീഷൻ വാളുകൾ കിടക്കയായും ഉപയോഗിക്കാം.
4- കിട്ടുന്നതെല്ലാം കിടു
യാത്രക്കാർക്ക് നൽകുന്ന സൗകര്യങ്ങളും സേവനങ്ങളുമാണ് മറ്റൊരു ഹൈലൈറ്റ്. അന്താരാഷ്ട്ര ബ്രാൻഡുകളുടെ ഇയർ പ്ലഗ്, ഹയർബ്രഷ്, സോക്‌സ്, ലിപ് ബാം, ഫെയ്‌സ് ക്രീം, എയ് ഷേഡ്, ബോഡി ലോഷൻ, പെർഫ്യൂം തുടങ്ങി പ്രകൃതിദത്ത സൗന്ദര്യ വർധക വസ്തുക്കൾ എന്നിവ യാത്രക്കാരന് നൽകുന്ന കിറ്റിലുണ്ടാകുമെന്ന് യാത്രാ വെബ്‌സൈറ്റായ ദ ട്രാവൽ റിപ്പോർട്ടു ചെയ്യുന്നു.
5- കാലു നീട്ടിയിരിക്കാം
ഖത്തർ എയർവേയ്‌സിന്റെ ഇകോണമി സീറ്റിന്റെ ലെഗ് റൂം സ്‌പെയ്‌സ് 31-33 ഇഞ്ചാണെന്ന് ഒരു പഠനത്തെ ഉദ്ധരിച്ച് ദ ഡെയ്‌ലി മെയിൽ റിപ്പോർട്ടു ചെയ്യുന്നു. ശരാശരി 31 ഇഞ്ചാണ് ഒരു വിമാനത്തിന്റെ ലെഗ്‌റൂം സ്‌പെയ്‌സ്. പ്രീമിയം എകോണമിയിൽ ഇത് 38-42 ഇഞ്ചാണ്. എയർ ഇന്ത്യയുടെ ലെഗ്‌സ്‌പെയ്‌സും 31-33 ഇഞ്ചാണ്. എന്നാൽ എയർ ഇന്ത്യൻ വിമാനത്തിന്റെ ഒരിഞ്ചിന്റെ മൂല്യം 17.76 ഡോളറാണ് എങ്കിൽ ഖത്തർ എയർവേയ്‌സിന്റേത് 21.50 ഡോളറാണെന്ന് ക്വാർട്‌സ് ഡോട് കോം റിപ്പോർട്ടു ചെയ്യുന്നു.
6- വെളിച്ചം കണ്ണിൽ കുത്തില്ല
കാലാവസ്ഥയ്ക്ക് അനുസൃതമായി ക്രമീകരിച്ചതാണ് ഖത്തർ എയർവേയ്‌സിലെ വെളിച്ചം. സോഫ്റ്റ് പർപ്പ്ൾ ലൈറ്റാണ് രാത്രിയിൽ. രാത്രി വായിക്കണമെന്നുള്ളവർക്ക് അതിനനുസരിക്കും ലൈറ്റ് ക്രമീകരിക്കാമെന്നും ദ ട്രാവൽ ഡോട് കോം പറയുന്നു.
7- വൈറ്റ് കമ്പനിയുടെ പാന്റും ഷർട്ടും
എല്ലാ ബിസിനസ് യാത്രക്കാർക്കും ലണ്ടൻ ആസ്ഥാനമായ ദ വൈറ്റ് കമ്പനിയുടെ പൈജാമയും ടീ ഷർട്ടും ചെരിപ്പും ലഭിക്കും. മിക്ക ബിസിനസ് ക്ലാസിലും ഇത്തരം പൈജാമകൾ ലഭിക്കാറില്ല.
Summary: Qatar Airways is certified as a Five-Star Airline for the quality of its airport and onboard product and staff service. Product rating includes seats, amenities, food & beverages, IFE, cleanliness etc, and service rating is for both cabin staff and ground staff.