Travel
Worlds Fastest Maglev Train Reaches 600 Km/Hr in China

Maglev Train

Travel

മണിക്കൂറിൽ 600 കി.മി; ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ ചൈനയിൽ

Web Desk
|
25 April 2023 5:43 AM GMT

ഫ്‌ളാഗ് ഓഫിന് ചൈനീസ് പ്രസിഡൻറ് വന്നില്ലെന്ന് ട്വിറ്ററിൽ പരിഹാസം

ഇന്ത്യയുടെ സുപ്രധാന സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേഭാരത് കേരളത്തിൽ ഓടിത്തുടങ്ങുന്നതാണ് ഇന്നത്തെ പ്രധാനവാർത്ത. തിരുവനന്തപുരത്ത് നിന്ന് കാസർകോട് വരെയുള്ള 586 കിലോമീറ്റർ ദൂരം എട്ട് മണിക്കൂറും അഞ്ച് മിനിട്ടും കൊണ്ടും പൂർത്തിയാക്കുമെന്നാണ് അധികൃതർ പറയുന്നത്. ഈ സാഹചര്യത്തിൽ, ലോകത്തിലെ ഏറ്റവും വേഗതയേറിയതെന്ന് ചൈന അവകാശപ്പെടുന്ന മാഗ്‌ലേവ് ട്രെയിനിന് മണിക്കൂറിൽ 600 കിലോമീറ്ററാണ് ഓടിത്തീർക്കാനാകുകയെന്നത് കൗതുകകരമാണ്. ഹൈ ടെംപറേച്ചർ സൂപ്പർ കണ്ടക്ടിംഗ് ഇലക്‌ട്രോ ഡൈനാമിക് സസ്‌പെൻഷൻ(ഇ.ഡി.എസ്) ട്രെയിനിനാണ് ഇത്രയും ദൂരം ഒരു മണിക്കൂറിനകം മറികടക്കാനാകുക. ട്രെയിനിന്റെ ആദ്യ ഓപ്പറേഷൻ ഈ വർഷം ഏപ്രിൽ രണ്ടിന് പൂർത്തിയാക്കിയതായി ചൈന അറിയിച്ചിരിക്കുകയാണ്.

2022 ഒക്‌ടോബറിൽ ഈ ട്രെയിനിനെ കുറിച്ചുള്ള വിവരം ചൈനീസ് ട്രെയിൻ നിർമാതാക്കളായ സി.ആർ.ആർ.സി പങ്കുവെച്ചിരുന്നു. ജർമനിയിലെ ബെർലിനിൽ നടന്ന ഇൻഡസ്ട്രി ട്രേഡ് ഫെയറിലാണ് ഇക്കാര്യം അറിയിച്ചത്. തദ്ദേശീയമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച ട്രെയിൻ വിജയകരമായി പരീക്ഷണ ഓട്ടം നടത്തിയെന്നും അന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.

1980കൾ മുതൽ ചൈനയിൽ മാഗ്‌നറ്റിക് ലെവിറ്റേഷൻ -മാഗ്‌ലേവ് സാങ്കേതിക വിദ്യ വാണിജ്യാടിസ്ഥാനത്തിലുള്ള ട്രെയിനുകളിൽ ഉപയോഗിച്ച് തുടങ്ങിയിരുന്നു. ഇലക്ട്രിക് മാഗ്‌നറ്റിക് ഫീൽഡ് ഉപയോഗിച്ച് അതിവേഗം ട്രെയിൻ ഓപ്പറേഷൻ സാധ്യമാക്കുന്നതാണ് ഈ വിദ്യ. റെയിലും ട്രെയിൻ ബോഡിയും തമ്മിൽ പരസ്പരം തൊട്ടുനിൽക്കാതെയാണ് ഇതിന്റെ പ്രവർത്തനം. നിലവിൽ ചൈനയ്ക്ക് പുറമേ ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവിടങ്ങളിലും ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്.

ചൈനയിലെ ഷാങ്ഹായിയിൽ മാഗ്‌ലേവ് വിദ്യ ഉപയോഗിച്ച് ട്രെയിൻ ഓടിക്കുന്നുണ്ട്. പ്രധാന നഗരത്തിനും എയർപോർട്ടിനുമിടയിലാണ് സർവീസ് നടത്തുന്നത്. മാഗ്‌ലേവിന് പുറമേ ചൈനയിൽ 37,900 കിലോമീറ്റർ ഹൈസ്പീഡ് റെയിൽവേ സംവിധനവുമുണ്ട് (എച്ച്.എസ്.ആർ അല്ലെങ്കിൽ ബുള്ളറ്റ് ട്രെയിൻ). അടുത്ത പത്തു വർഷത്തിനുള്ളിൽ ഇത് ഇരട്ടിയാക്കാനാണ് അവരുടെ ശ്രമം.

കാറുകളിലും മാഗ്‌ലേവ് സാങ്കേതിക വിദ്യ കൊണ്ടുവരാൻ ചൈനീസ് ഗവേഷകർ പഠനം നടത്തുന്നതായി വാർത്തയുണ്ടായിരുന്നു. സിച്ച്യുയാൻ പ്രവിശ്യയിലെ ചെൻഗ്ഡുവിലുള്ള സൗത്ത് വെസ്റ്റ് ജിയാതോങ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ കാറിൽ ഇത്തരം പരീക്ഷണം നടത്തിയെന്നായിരുന്നു വാർത്ത. കണ്ടക്ടർ റെയിലിൽനിന്ന് 35 മില്ലിമീറ്റർ ഉയരത്തിൽ കാന്തിക സംവിധാനം ഉപയോഗിച്ച് മോഡിഫൈഡ് കാറുകൾ ഉപയോഗിച്ച് റോഡ് ടെസ്റ്റാണ് അവർ നടത്തിയത്. ഈ രീതിയിൽ പരീക്ഷണം നടത്തിയപ്പോൾ കാറുകൾക്ക് മണിക്കൂറിൽ 230 കിലോമീറ്റർ വേഗത കൈവരിക്കാനായിരുന്നു.

ലോകത്തിലെ വേഗതയേറിയ ട്രെയിനുകൾ

  • ഷാങ്ഹായ് മഗ്‌ലേവ് (ചൈന) - മണിക്കൂറിൽ 431 കി.മി
  • ഫുക്‌സിംഗ് ഹാവോ സി.ആർ. 400എഎഫ്/ ബി.എഫ് (ചൈന)- മണിക്കൂറിൽ 400 കി.മി
  • ഷിങ്കാൻസെൻ സി.ആർ.എച്ച് 380 എ (ചൈന)- മണിക്കൂറിൽ 380 കി.മി
  • എ.ജി.വി. ഇറ്റാലോ (ഇറ്റലി)- മണിക്കൂറിൽ 360 കി.മി.
  • ഫ്രസ്സീറോസ്സാ 1000 (ഇറ്റലി) - മണിക്കൂറിൽ 360 കി.മി.
  • ടി.ജി.വി (ഫ്രാൻസ്) -മണിക്കൂറിൽ 350 കി.മി.
  • അവേലിയ ലിബേർട്ടി (യു.എസ്)- മണിക്കൂറിൽ 350 കി.മി.
  • ടാൽഗോ 350 (സ്‌പെയിൻ) - മണിക്കൂറിൽ 350 കി.മി.
  • സിയെമെൻസ് വെലാറോ ഇ/എ.വിഎസ് 103 (സ്‌പെയിൻ) - മണിക്കൂറിൽ 350 കി.മി.
  • ഐ.സി.ഇ. 3 (ജർമനി) - മണിക്കൂറിൽ 330 കി.മി.
  • കൊറെയിൽ കെ.ടി.എക്‌സ് വൺ (ദക്ഷിണ കൊറിയ) - മണിക്കൂറിൽ 330 കി.മി.
  • ഷിങ്കാൻസെൻ ഇ.ഫൈവ് സീരീസ് (ജപ്പാൻ)- മണിക്കൂറിൽ 320 കി.മി.
  • അൽ ബുറാഖ് ടി.ജി.വി. യൂറോഡുപ്ലെക്‌സ് (മൊറോക്കോ) - മണിക്കൂറിൽ 320 കി.മി.
  • ഹറമൈൻ വെസ്‌റ്റേൺ റെയിൽവേ ടാൽഗോ 350 എസ്.ആർ.ഒ (സൗദി അറേബ്യ) - മണിക്കൂറിൽ 300 കി.മി.
  • യൂറോസ്റ്റാർ (ഫ്രാൻസ് /യു.കെ.) - മണിക്കൂറിൽ 300 കി.മി.

ഇന്ത്യയിലുടനീളം വന്ദേഭാരത് ട്രെയിൻ ഫ്‌ളാഗ് ഓഫ് നിർവഹിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. തെരഞ്ഞെടുപ്പടക്കമുള്ള രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഈ നീക്കമെന്നാണ് പ്രതിപക്ഷമടക്കം വിമർശിക്കുന്നത്. മഗ്‌ലേവ് ട്രെയിനിന്റെ വീഡിയോയും ഫോട്ടോയും പങ്കുവെച്ച് ട്വിറ്ററിലടക്കം പ്രധാനമന്ത്രിക്കെതിരെ വിമർശനം പോസ്റ്റുകൾ വരുന്നുണ്ട്. ഏറ്റവും വേഗതയേറിയ ട്രെയിൻ ചൈനയിലാണ് പക്ഷേ ഫ്‌ളാഗ് ഓഫിന് ചൈനീസ് പ്രസിഡൻറ് വന്നില്ലെന്ന് ഒരാൾ കുറിച്ചു. ചൈനീസ് പ്രസിഡൻറിന് ഭരണപരമായ കാര്യങ്ങൾ നോക്കാനുള്ളതിനാൽ പ്രധാനമന്ത്രി മോദി ഉദ്ഘാടനം നിർവഹിക്കുമെന്ന് ഒരാൾ പരിഹസിച്ചു.

World's Fastest Maglev Train Reaches 600 Km/Hr in China

Similar Posts