Travel
south Korea tourism
Travel

ഗ്രാമങ്ങളിൽ ചെന്ന് ജോലി ചെയ്യാം; പുതിയ ടൂറിസ്റ്റ് വിസയുമായി ദക്ഷിണ കൊറിയ

Web Desk
|
2 Jan 2024 2:09 PM GMT

രണ്ട് വർഷം വരെ കൊറിയയിൽ തങ്ങാൻ അനുവദിക്കുന്നതാണ് പുതിയ വിസ

വിവിധ രാജ്യങ്ങളിലൂടെയും നാടുകളിലൂടെയും യാത്ര ചെയ്ത് ​ജോലി ചെയ്യുക എന്ന ട്രെൻഡ് ലോകത്ത് അനുദിനം വർധിക്കുകയാണ്. ഓഫിസുകൾ ഒഴിവാക്കി ഗ്രാമങ്ങളിലടക്കം ചെന്ന് ജോലി ചെയ്യുന്ന ‘വർക്കേഷൻ’ സമ്പ്രദായം സ്വപ്നം കാണുന്നവർ നിരവധിയാണ്.

ഇത്തരക്കാരെ ഉദ്ദേശിച്ച് പുതിയ വിസ അവതരിപ്പിച്ചിരിക്കുകയാണ് ദക്ഷിണ കൊറിയ. വിദേശികൾക്ക് അവരുടെ മാതൃരാജ്യത്ത് ജോലി നിലനിർത്തിക്കൊണ്ട് രണ്ട് വർഷം വരെ കൊറിയയിൽ തങ്ങാൻ അനുവദിക്കുന്നതാണ് പുതിയ ഡിജിറ്റൽ നോമാഡ് വിസ.

നിലവിൽ വിദേശികൾക്ക് 90 ദിവസം കാലാവധിയുള്ള ടൂറിസ്റ്റ് വിസയാണ് ​കൊറിയ അനുവദിക്കുന്നത്. പുതിയ വിസ പ്രകാരം രാജ്യ​ത്ത് പ്രവേശിച്ചത് മുതൽ ഒരു വർഷത്തേക്കാണ് താമസിക്കാൻ കഴിയുക. പിന്നീട് ഒരു വർഷത്തേക്ക് കൂടി കാലാവധി നീട്ടാൻ സാധിക്കും.

ഇതുവഴി ദീർഘകാലത്തേക്ക് സഞ്ചാരികൾക്ക് കാഴ്ചകൾ കാണാനും അതോടൊപ്പം തങ്ങളുടെ ജോലി തുടരാനും സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. യൂറോപ്പ്, മധ്യ-തെക്കേ അമേരിക്ക, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ പല രാജ്യങ്ങളും ജോലിയുടെ മാറുന്ന സ്വഭാവത്തിന് അനുസരിച്ച് ഇത്തരം വിസകൾ നേരത്തെ തന്നെ അവതരിപ്പിച്ചിട്ടുണ്ട്.

അതാത് രാജ്യങ്ങളിലെ ദക്ഷിണ കൊറിയൻ എംബസി വഴിയാണ് പുതിയ വിസക്കായി അപേക്ഷിക്കേണ്ടത്. ഏകദേശം 50 ലക്ഷം രൂപ പ്രതിവർഷം വരുമാനമുണ്ടെന്നതിന്റെ രേഖകൾ, ജോലിയുടെ വിവരങ്ങൾ, ക്രിമിനൽ റൊക്കോർഡുകൾ ഒന്നുമില്ലെന്ന രേഖ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. കൂടാതെ ഏകദേശം 60 ലക്ഷം രൂപ കവറേജ് വരുന്ന ആരോഗ്യ ഇൻഷുറൻസും വേണം. 18ന് മുകളിൽ പ്രായമുള്ളവർക്ക് ​അപേക്ഷിക്കാം. നിലവിൽ ചെയ്യുന്ന ജോലിയിൽ ഒരു വർഷമെങ്കിലും പ്രവൃത്തി പരിചയവും വേണം.

വിസ ലഭിച്ചാൽ പങ്കാളിയെയും മക്കളെയും കൊറിയയിലേക്ക് കൊണ്ടുവരാൻ സാധിക്കും. അതേസമയം, ഈ വിസ ഉപയോഗിച്ച് പുതിയ ജോലി തേടാൻ സാധിക്കില്ല.

Similar Posts