കെഎസ്എഫ്ഇ പ്രവാസി ചിട്ടിക്ക് തുടക്കം
|സംവിധാനം ഓണ്‍ലൈന്‍ മുഖേന;പദ്ധതി ഏറ്റെടുത്ത് പ്രവാസലോകം
ലോകമെങ്ങുമുള്ള പ്രവാസികള്‍ക്കായുള്ള കെഎസ്എഫ്ഇയുടെ ഓണ്‍ലൈന്‍ ചിട്ടിക്ക് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന് ചിട്ടിയുടെ സോഫ്റ്റ്വെയര് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. യുഎഇയിലെ പ്രമുഖ സാമൂഹിക പ്രവര്ത്തകന് അഷ്റഫ് താമരശേരിയാണ് ആദ്യ രജിസ്ട്രേഷന് നിര്‍വഹിച്ചത്.
പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് പ്രവാസികള്‍ക്കായി കെഎസ്എഫ്ഇ ചിട്ടി തുടങ്ങിയിരിക്കുന്നത്. രജിസ്ട്രേഷന് മുതല്‍ ചിട്ടി പിടിക്കുന്നത് വരെ ലോകത്തെവിടെയിരുന്നു വേണമെങ്കിലും ചെയ്യാം. പ്രവാസി ചിട്ടിയുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനം വിശദീകരിച്ച് കെഎസ്എഫ്ഇ വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്.
കിഫ്ബിയിലേക്കുള്ള സാമ്പത്തിക സ്രോതസ് കൂടിയായ ചിട്ടിയുടെ സോഫ്റ്റവെയര്‍ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. ആദ്യ രജിസ്ട്രേഷന് സാമൂഹിക പ്രവര്ത്തകന് അഷ്റഫ് താമരശേരി നിര്‍വഹിച്ചു.
സംസ്ഥാനത്തെ ചിട്ടിയില്‍ നിന്ന് വ്യത്യസ്തമായി പ്രവാസി ചിട്ടികള്‍ക്ക് എല്‍ഐസി ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുന്നുണ്ട്. ചിട്ടിയിലുള്ള അംഗം മരണപ്പെട്ടാല്‍ ബാക്കി തവണ എല്‍ഐസി അടച്ചുതീര്‍ക്കുകയും ആനുകൂല്യം ബന്ധുക്കള്‍ക്ക് നല്‍കുകയും ചെയ്യും. ചിട്ടിയിലെ അംഗങ്ങള്‍ വിദേശത്ത് മരണപ്പെട്ടാല്‍ നാട്ടിലെത്തിക്കുന്നതിനുള്ള ചെലവും കെഎസ്എഫ്ഇ വഹിക്കും.
ആദ്യഘട്ടത്തില്‍ യുഎഇയില്‍ മാത്രമാണ് ചിട്ടി ആരംഭിക്കുന്നത്. മറ്റുള്ള ജിസിസി രാജ്യങ്ങളിലും യൂറോപ്പിലും അമേരിക്കയിലും പ്രവാസി ചിട്ടി സേവനം പിന്നീട് ലഭ്യമാക്കാനാണ് കെഎസ്എഫ്ഇ ലക്ഷ്യമിടുന്നത്. ഓഗസ്റ്റ് ആദ്യവാരം യുഎഇയില്‍ ചിട്ടി ആരംഭിക്കും.
പ്രവാസികളുടെ സാമ്പത്തിക ഭദ്രതക്കൊപ്പം സംസ്ഥാനത്തിന്റെ വികസനം കൂടി ലക്ഷ്യം വെച്ചുള്ളതാണ് ഓണ്‍ലൈന്‍ പ്രവാസി ചിട്ടി. ലോകമെങ്ങുമുള്ള പ്രവാസികള്‍ക്ക് പുത്തനുണര്‍വ് നല്‍കുന്നതാണ് പദ്ധതി.