യു.എ.ഇ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യ സന്ദർശനം അവസാനിച്ചു
|ഡൽഹിക്കു പുറമെ ഗുജറാത്ത്, തെലുങ്കാന, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിലും മന്ത്രി ശൈഖ് അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി...
യു.എ.ഇ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാന്‍റെ ഇന്ത്യ സന്ദർശനത്തിന് പരിസമാപ്
തി. സാമ്പത്തിക, വാണിജ്യ, നിക്ഷേപ മേഖലകളിൽ സഹകരണം ശക്തമാക്കാനും പുതിയ സംരംഭങ്ങൾക്കു തുടക്കംകുറിക്കാനുമാണ്
ഇന്ത്യ- യുഎഇ ധാരണ രൂപപ്പെട്ടിരിക്കുന്നത്.
ഇരുരാജ്യങ്ങളും തമ്മിൽ തന്ത്രപ്രധാന സഹകരണം രൂപപ്പെട്ടതിന്‍റെ ആഹ്ലാദത്തിലാണ് ഇന്ത്യയിൽ നിന്ന് യു.എ.ഇ സംഘത്തിന്‍റെ മടക്കം. ഡൽഹിക്കു പുറമെ ഗുജറാത്ത്, തെലുങ്കാന, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിലും മന്ത്രി ശൈഖ് അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി. ഇതിന്‍റെ അടിസ്ഥാനത്തിൽ എല്ലാ തുറകളിലും പുതിയ അവസരങ്ങൾ ഉപയോഗപ്പെടുത്താനാണ് തീരുമാനം.
പ്രമുഖ കമ്പനികളുടെ സിഇഒമാരുമായി മുംബൈയിലും ഹൈദരബാദിലും നടന്ന ചർച്ചകൾ ഏറെ പ്രയോജനകരമായിരുന്നുവെന്നാണ്
യു.എ.ഇയുടെ വിലയിരുത്തൽ. പുതിയ ആശയങ്ങൾ രൂപപ്പെടാനും സംയുക്ത പദ്ധതികളെക്കുറിച്ചു ധാരണയിലെത്താനും ചർച്ച സഹായകമായതായി ഷെയ്ഖ് അബ്ദുല്ല പറഞ്ഞു. വിവിധ മേഖലകളിലെ അറിവുകൾ പരസ്പരം പങ്കുവെക്കുന്നതിനു പുറമെ സാങ്കേതിക വിദ്യകൾ കൈമാറാനും പദ്ധതിയുണ്ട് . വികസന ലക്ഷ്യങ്ങൾക്കായി ഒരുമിച്ചു മുന്നേറാനാകും ഇരു വിഭാഗത്തിന്‍റെയും നീക്കം. ഇന്ത്യയിലെ യുഎഇ സ്ഥാനപതി ഡോ. അഹമ്മദ് അബ്ദുൽ റഹ്മാൻ അൽ ബന്ന, മുംബൈയിലെ യുഎഇ കോൺസൽ ജനറൽ മുഹമ്മദ് സാലിഹ് അൽ തുനൈജി തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.
ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിൽ കൂടുതൽ നിക്ഷേപം നടത്താനും യു.എഇ തയ്യാറെടുക്കുകയാണ്. മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പുതിയ സംരംഭങ്ങളുടെ കാര്യത്തിൽ വ്യക്തത രൂപപ്പെട്ടതായാണ് വിവരം. യു.എഇ സംഘം ഹിന്ദുജ ഗ്രൂപ്പ് ആസ്ഥാനത്തും സന്ദർശനം നടത്തുകയുണ്ടായി.