ഭീകരവാദ പട്ടികയിലുള്ള ഇറാനിയന്‍ സ്ഥാപനങ്ങൾക്കെതിരെ നടപടി
|യു.എ.ഇയിൽ അംഗീകൃത ഏജൻസികളുടെ അനുമതി കൂടാതെ സംഭാവനകൾ പിരിക്കുന്നതും അതിനായി സഹായവും ആഹ്വാനങ്ങളും നടത്തുന്നതും ക്രിമിനൽ കുറ്റമായി കണക്കാക്കുമെന്ന് അറ്റോർണി ജനറൽ മുന്നറിയിപ്പു നൽകി.
ഭീകരവാദ പട്ടികയിലുള്ള ഒമ്പത് ഇറാനിയൻ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും അക്കൗണ്ടുകൾ മരവിപ്പിച്ച് എമിറേറ്റ്സ് സെക്യുരിറ്റീസ് ആൻറ് കമോഡിറ്റീസ് അതോറിറ്റി സർക്കുലർ പുറത്തിറക്കി. ഭീകരവാദത്തെ പിന്തുണക്കുകയും ഭീകരപ്രവർത്തനങ്ങൾക്കായി ഫണ്ട് നൽകുകയും ചെയ്യുന്നവരെന്ന് കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെയാണ് നീക്കം.
ഒമ്പത് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഓഹരി, കടപത്ര, നിക്ഷേപ മേഖലയിലെ അക്കൗണ്ടുകളെല്ലാം മരവിപ്പിക്കാനാണ് 'ഇസ്ക'യുടെ നിർദേശം. സംശയാസ്പദമായ അക്കൗണ്ടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഇക്കാര്യം ഇസ്കയിലോ യു.എ.ഇ സെൻട്രൽ ബാങ്കിന്റെ അനധികൃത പണം വെളുപ്പിക്കൽ തടയാനുള്ള യൂനിറ്റിലോ വിവരം നൽകണം.
അതിനിടെ, യു.എ.ഇയിൽ അംഗീകൃത ഏജൻസികളുടെ അനുമതി കൂടാതെ സംഭാവനകൾ പിരിക്കുന്നതും അതിനായി സഹായവും ആഹ്വാനങ്ങളും നടത്തുന്നതും ക്രിമിനൽ കുറ്റമായി കണക്കാക്കുമെന്ന് അറ്റോർണി ജനറൽ മുന്നറിയിപ്പു നൽകി. സോഷ്യൽമീഡിയ വഴി സംഭാവന സ്വരൂപിക്കുന്നത് സൈബർ കുറ്റകൃത്യമായി കണക്കാക്കി രണ്ടര മുതൽ അഞ്ചു ലക്ഷം വരെ ദിർഹം പിഴ ചുമത്താൻ വഴിവെക്കുമെന്ന് കൗൺസലർ ഡോ. ഹമദ് അൽ ശംസി വ്യക്തമാക്കി. മൂന്നു വർഷം വരെ തടവു ശിക്ഷയും ലഭിച്ചേക്കാം.
പ്രശസ്തരടക്കം ചില വ്യക്തികൾ സാമൂഹിക മാധ്യമങ്ങൾ വഴി സംഭാവന പിരിക്കാൻ ആഹ്വാനം ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് യു.എ.ഇ നിയമങ്ങൾക്ക് വിരുദ്ധമാണ്. അജ്ഞാതമായ കാരണങ്ങൾക്ക് പണം സ്വരൂപിക്കുന്നവർ ഭീകര പ്രവർത്തനത്തിനോ കുറ്റകൃത്യങ്ങൾക്കോ പിന്തുണ നൽകുന്നതായി കണ്ടെത്തിയാൽ അറസ്റ്റ് ചെയ്ത് നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറും.