രണ്ട് കോടി ഡോളറിന്റെ അപൂര്‍വ രത്നം; ദുബൈ പൊലീസ് പിടികൂടി
|സുരക്ഷാ ഗോഡൗണിൽ ജോലിക്കെത്തിയ ശ്രീലങ്കൻ സ്വദേശിയാണ് 9.33 കാരറ്റ് തൂക്കം വരുന്ന നീലനിറത്തിലെ രത്നം മോഷ്ടിച്ച് നാട്ടിലേക്ക് കടത്താൻ ശ്രമിച്ചത്.
മോഷ്ടിച്ച് കടത്താൻ ശ്രമിച്ച രണ്ടു കോടി ഡോളർ വിലവരുന്ന അപൂർവ രത്നം ദുബൈ പൊലീസ് തിരിച്ചു പിടിച്ചു. വിലപിടിച്ച രത്നങ്ങളും ആഭരണങ്ങളും സൂക്ഷിക്കുകയും അതാതു സ്ഥാപനങ്ങളിലേക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യുന്ന സുരക്ഷാ ഗോഡൗണിൽ ജോലിക്കെത്തിയ ശ്രീലങ്കൻ സ്വദേശിയാണ് 9.33 കാരറ്റ് തൂക്കം വരുന്ന നീലനിറത്തിലെ രത്നം മോഷ്ടിച്ച് നാട്ടിലേക്ക് കടത്താൻ ശ്രമിച്ചത്.
ദുബൈ പൊലീസിന്റെ പ്രത്യേക കുറ്റാന്വേഷണ സംഘം നടത്തിയ അത്യന്തം ശ്രമകരവും ബുദ്ധിപരവുമായ ശ്രമത്തിനൊടുവിൽ പ്രതി പിടിയിലാവുകയായിരുന്നുവെന്ന് ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മറി അറിയിച്ചു. അതീവ സുരക്ഷയുള്ള സ്ഥാപനത്തിൽ മൂന്ന് സുരക്ഷാ വാതിലുകൾക്കപ്പുറം സേഫിൽ അതിഭദ്രമായി സൂക്ഷിച്ചിരുന്നതാണ് രത്നം. എന്നാൽ മറ്റൊരു സ്ഥാപനത്തിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ കവർ തുറന്നാണ് കവർച്ച നടത്തിയത്. പിന്നീട് കാർഗോ സ്ഥാപനം മുഖേന നാട്ടിലേക്ക് അയക്കുകയും ചെയ്തു.
ഷൂ പെട്ടിയുടെ ഉള്ളിൽ ഡയമണ്ട് ഒളിപ്പിച്ചാണ് ഇതു കടത്തിയത്. നാട്ടിലേക്ക് അവധിക്ക് പോകാനൊരുങ്ങുന്നതിനിടെ മോഷണം നടത്തിയ പ്രതി ഫോണും മറ്റു രീതിയിലുള്ള സമ്പർക്കങ്ങളുമെല്ലാം ഒഴിവാക്കി മറ്റൊരു എമിറേറ്റിൽ ഒളിച്ചു താമസിച്ചു വരികയായിരുന്നു. തുടർന്ന് 8,620 മണിക്കൂർ ദൈർഘ്യം വരുന്നത്ര വീഡിയോ ഫൂട്ടേജുകൾ പരിശോധിച്ചും 120 പേരെ ചോദ്യം ചെയ്തും ദുബൈ പൊലീസിന്റെ മിടുക്കൻ സംഘം പ്രതിയിലേക്കെത്തുകയായിരുന്നുവെന്ന് കുറ്റാന്വേഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കേണൽ മുഹമ്മദ് അഖിൽ അഹ്ലി പറഞ്ഞു. കാർഗോ ബോക്സിൽ നിന്ന് രത്നവും കണ്ടെടുത്തു.