ബറക ആണവനിലയ പരീക്ഷണം; പദ്ധതിയിലൂടെ 5600 മെഗാവാട്ട് വൈദ്യുതി
|സംരംഭത്തിന്റെ സംയുക്ത പങ്കാളിയും പ്രധാന കരാറുകാരുമായ കൊറിയ ഇലക്ട്രിക് പവർ കോർപറേഷനുമായാണ് എനർജി കോർപറേഷൻ ചേർന്ന് പ്രവർത്തിക്കുന്നത്
യു.എ.ഇയുടെ ബറക ആണവ നിലയത്തിൽ തീവ്ര താപപരീക്ഷണം പൂർത്തിയായി. നിലയത്തിന്റെ യൂനിറ്റ് രണ്ടിൽ നടത്തിയ താപ പ്രവർത്തന പരീക്ഷണ ഫലങ്ങൾ കാണിക്കുന്നത് നിലയത്തിന് ഗുണമേന്മ, സുരക്ഷ, കാര്യക്ഷമത എന്നിവയിൽ ഉന്നതമായ നിലവാരമുണ്ടെന്നാണെന്ന് എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ അധികൃതർ വെളിപ്പെടുത്തി.
യൂനിറ്റ് രണ്ടിന്റെ പരീക്ഷണ കമീഷനിങ് നേട്ടത്തിനായി സംരംഭത്തിന്റെ സംയുക്ത പങ്കാളിയും പ്രധാന കരാറുകാരുമായ കൊറിയ ഇലക്ട്രിക് പവർ കോർപറേഷനുമായാണ് എനർജി കോർപറേഷൻ ചേർന്ന് പ്രവർത്തിക്കുന്നത്. യൂനിറ്റ് രണ്ടിൽ നടത്തിയ താപ പ്രവർത്തന പരീക്ഷണം വിജയകരമായി പൂർത്തിയാക്കി സുരക്ഷയുടെയും കാര്യക്ഷമതയുടെയും ട്രാക്ക് റെക്കോർഡ് നിലനിർത്താനായതിൽ അഭിമാനമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. യൂനിറ്റ് ഒന്നിൽ നടത്തിയ സമാന പരീക്ഷണത്തിൽനിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ട് ലോകത്താകമാനമുള്ള പുതിയ ആണവ നിർമാണ പദ്ധതികളുടെ അളവുകോലായി ബറകയെ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. വൈദ്യുതി ഉൽപാദനത്തിന് 2500 കോടി ഡോളറിെൻറ പദ്ധതിയായ ബറക ആണവ നിലയം 2011ലാണ് നിർമാണം ആരംഭിച്ചത്. നിലയത്തിന്റെ നാല് റിയാക്ടറുകളും പ്രവർത്തനക്ഷമമായാൽ മൊത്തം 5600 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനാവും.