തൊഴിൽ കേസുകൾക്ക് അബുദാബിയിൽ പ്രത്യേക കോടതി വരുന്നു
|തൊഴിൽ കേസുകൾക്ക് അബൂദബിയിൽ പ്രത്യേക കോടതി സ്ഥാപിക്കും. ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയും അബൂദബി നീതിന്യായ വകുപ്പ് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാനാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. ചെറുതും വലുതുമായ കേസുകളും അപ്പീലുകളും അബൂദബി തൊഴിൽ കോടതി പരിഗണിക്കും.
നിലവിൽ അബൂദബിയിലെ കോടതികളിലെ തൊഴിൽ ചേംബറുകളിൽ വാദം നടക്കുന്ന കേസുകളും അപ്പീലുകളും പുതിയ തൊഴിൽ കോടതിയിലേക്ക് മാറ്റും. വിധി പറയാൻ മാറ്റിവെച്ചവ ഒഴിച്ചുള്ള കേസുകളായിരിക്കും മാറ്റുക.
സർവീസ് ജീവനക്കാർ ഉൾപ്പെടെയുള്ള എല്ലാ തൊഴിലാളികളും ഫയൽ ചെയ്യുന്നതും അവർക്കെതിരെ ഫയൽ ചെയ്യുന്നതുമായ കേസുകൾ അബൂദബി തൊഴിൽ കോടതി പരിഗണിക്കും. എമിറേറ്റിലെ മറ്റു കോടതി ചേംബർ വിധിക്കെതിരെ സമർപ്പിക്കുന്ന അപ്പീലുകളിലും തൊഴിൽ കോടതി വാദം കേൾക്കും.
ചെറുതും വലുതുമായ പ്രാഥമിക ചേംബറുകൾ, അപ്പീൽ എൻഫോഴ്സ്മെൻറ് ചേംബറുകൾ, ഏകദിന തൊഴിൽ കോടതി, സേവന ജീവനക്കാർക്കുള്ള തർക്കപരിഹാര ചേബർ എന്നിവ ഉൾപ്പെട്ടതായിരിക്കും അബൂദബി തൊഴിൽ കോടതിയെന്ന് അബൂദബി നീതിന്യായ വകുപ്പ് അണ്ടർ സെക്രട്ടറി യൂസുഫ് സഇൗദ് ആൽ അബ്രി പറഞ്ഞു. തൊഴിൽ കോടതിയിലെ ഒന്നോ അതിലധികമോ ജഡ്ജിമാർ തൊഴിൽ തർക്ക കേസുകളിലെ വാദം കേൾക്കാൻ നിയോഗിക്കപ്പെടും. പരാതികളിൽ ഉത്തരവ് പുറപ്പെടുവിക്കാൻ ഇവർക്ക് അധികാരമുണ്ടാകും. അബൂദബി തൊഴിൽ കോടതിയുടെ ചീഫ് ജസ്റ്റിസായി കൗൺസലർ അബ്ദുല്ല ഫാരിസ് ആൽ നുെഎമിയെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ മുൻ അബൂദബി തൊഴിൽ ചേംബറുകളുടെ ആസ്ഥാനത്ത് തന്നെയായിരിക്കും പുതിയ കോടതിയും സ്ഥിതി ചെയ്യുക.