യു.എ.ഇയില്‍ നിന്ന് പണം വാരി പ്രവാസികള്‍; ഏറ്റവും കൂടുതല്‍ പണം നാട്ടിലേക്കയച്ചത് ഇന്ത്യക്കാര്‍
|കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കണക്കനുസരിച്ച് യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ നാട്ടിലേക്ക് അയച്ചത് 17.58 ശതകോടി ദിര്‍ഹമാണ്
മൂന്ന് മാസത്തിനിടെ യു.എ.ഇയിലെ പ്രവാസികള്‍ സ്വന്തം നാട്ടിലേക്ക് അയച്ചത് 44.4 ശതകോടി ദിര്‍ഹമെന്ന് കണക്കുകള്‍. ഏറ്റവും കൂടുതല്‍ പണമയച്ചത് ഇന്ത്യക്കാരാണെന്ന് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കണക്കനുസരിച്ച് യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ നാട്ടിലേക്ക് അയച്ചത് 17.58 ശതകോടി ദിര്‍ഹമാണ്. അതായത് 33,400 കോടിയോളം ഇന്ത്യന്‍ രൂപ. യു എ ഇയില്‍ നിന്ന് മൊത്തം അയച്ച തുകയുടെ 39.6 ശതമാനമാണിത്.
രണ്ടാംസ്ഥാനത്തുള്ള പാകിസ്താനി പ്രവാസികള്‍ നാട്ടിലേക്ക് അയച്ചത് മൊത്തം തുകയുടെ 8.5 ശതമാനം മാത്രമാണ്. 3.77 ശതകോടി ദിര്‍ഹമാണ് അവര്‍ നാട്ടിലെത്തിച്ചത്. ഫിലിപ്പിനോകള്‍ 3.77 ശതകോടി ദിര്‍ഹം നാട്ടിലേക്ക് അയച്ചു. മൊത്തം തുകയുടെ 7.1 ശതമാനം. ഈജിപ്തില്‍ നിന്നും, അമേരിക്കയില്‍ നിന്നുമുള്ള പ്രവാസികളാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്. ഈജിപ്തുകാര്‍ 2.39 ശതകോടി ദിര്‍ഹവും, അമേരിക്കക്കാര്‍ 1.9 ശതകോടി ദിര്‍ഹവും നാട്ടിലേക്ക് അയച്ചു എന്ന് കണക്കുകള്‍ പറയുന്നു.
വ്യക്തിഗത അക്കൗണ്ടുകളിലേക്ക് അയച്ച പണത്തിന്റെ കണക്കുകള്‍ മാത്രമാണിത്.