സ്തനാര്‍ബുദ ബോധവത്കരണ കാമ്പയിനുമായി ദുബെെയില്‍ ‘പിങ്ക് ഇറ്റ് നൗ’
|നേരത്തേ കണ്ടെത്തിയാല്‍ പൂര്‍ണമായും ഭേദമാക്കാന്‍ കഴിയുന്നതാണ് സ്തനാര്‍ബുദം എന്ന് വനിതകളെ ബോധവല്‍കരിക്കാനാണ് കാമ്പയിന്‍
സ്തനാര്‍ബുദം നേരത്തേ കണ്ടെത്തി ചികില്‍സിക്കണം എന്ന സന്ദേശവുമായി സുലേഖ ഹോസ്പിറ്റലിന്റെ ഈവര്‍ഷത്തെ കാമ്പയിന് ദുബൈയില്‍ തുടക്കമായി. തുടര്‍ച്ചയായി ഏഴാം വര്‍ഷമാണ് 'പിങ്ക് ഇറ്റ് നൗ' എന്ന പേരില്‍ ബോധവല്‍കരണ പരിപാടി സംഘടിപ്പിക്കുന്നത്.
ദുബൈ ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖാത്തമിയാണ് ഇക്കുറി കാന്പനയിന് തുടക്കമിട്ടത്. കാമ്പയിന്‍ കാലത്ത് നടത്തുന്ന സൗജന്യമാമോഗ്രാം പരിശോധനക്ക് ഇതുവരെ 7600 വനിതകള്‍ മുന്നോട്ടുവന്നതായി സുലേഖ ഹോസ്പിറ്റല്‍ കോ ചെയര്‍പേഴ്സന്‍ സനൂബിയ ഷംസ് പറഞ്ഞു.
നേരത്തേ കണ്ടെത്തിയാല്‍ പൂര്‍ണമായും ഭേദമാക്കാന്‍ കഴിയുന്നതാണ് സ്തനാര്‍ബുദം എന്ന് വനിതകളെ ബോധവല്‍കരിക്കാനാണ് കാമ്പയിന്‍.
കാന്‍സര്‍ ചികില്‍സാ അനുഭവങ്ങളെ ആധാരമാക്കി കാലിഫോര്‍ണിയ യൂനിവേഴ്സിറ്റിയിലെ ഓങ്കോളജിസ്റ്റ് ഡോ. പമേല മണ്‍സ്റ്റ് എഴുതിയ ട്വിസ്റ്റിങ് ഫേറ്റ് എന്ന പുസ്തകത്തിന്റെ വിതരണവും ചടങ്ങില്‍ നടന്നു. സുലേഖ ഹോസ്പിറ്റല്‍ സ്ഥാപക ഡോ. സുലേഖ ദൗദ്, ദുബൈ പൊലീസ് ഹെല്‍ത്ത് സെന്റര്‍ ഡയറക്ടര്‍ ഡോ. അലി സിങ്കല്‍, വുമണ്‍ പൊലീസ് കൗണ്‍സില്‍ ചെയര്‍പേഴ്സന്‍ മഹാബസ്തകി തുടങ്ങിയവരും പങ്കെടുത്തു.