കേരള പുനര്‍നിര്‍മ്മാണത്തിന്റെ ധനസമാഹരണത്തിനായി മുഖ്യമന്ത്രി യു.എ.ഇയിലേക്ക്
|പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾക്കായി വിദേശ മലയാളികളിൽ നിന്ന് വലിയൊരു തുക സമാഹരിക്കുകയാണ് ലക്ഷ്യം
കേരളത്തിന്റെ പുനർ നിർമാണ പ്രവർത്തനങ്ങൾക്ക് ധനസമാഹരണം ഉറപ്പാക്കാനുള്ള യത്നത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ യു.എ.ഇയിലേക്ക്. ഒക്ടോബർ 17 മുതൽ നാലു നാൾ അദ്ദേഹം യു.എ.യിൽ ഉണ്ടാകും.
മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദർശനത്തിന്റെ ഒൗദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾക്കായി വിദേശ മലയാളികളിൽ നിന്ന് വലിയൊരു തുക സമാഹരിക്കുകയാണ് ലക്ഷ്യം. മറ്റു ഗൾഫ് രാജ്യങ്ങളിലേക്ക്
ഒക്ടോബർ മധ്യത്തോടെ മന്ത്രിമാരുടെ സംഘങ്ങളെത്തും. എന്നാൽ ഏറ്റവും കൂടുതൽ ധനസമാഹരണം പ്രതീക്ഷിക്കുന്ന യു.എ.ഇയിലേക്ക്
മുഖ്യമന്ത്രി തന്നെ എത്തുന്നതാകും ഗുണകരമെന്ന വിലയിരുത്തലി
ന്റെ കൂടി അടിസ്ഥാനത്തിലാണ് സന്ദർശനം.
നോർക്ക ഡയറക്ടർ എം.എ യൂസഫലിയുടെ നേതൃത്വത്തിൽ ലോകകേരള സഭയിലെ യു.എ.ഇ പ്രമുഖരുടെ യോഗവും പൊതുജനങ്ങളെ പങ്കെടുപ്പിച്ച് കഴിഞ്ഞ ദിവസം അബൂദബിയിൽ യോഗം ചേർന്നിരുന്നു. കേരളത്തിനു വേണ്ടി യു.എ.ഇ സമാഹരിച്ച തുക സംബന്ധിച്ച ചർച്ചകളും സന്ദർശനവേളയിൽ ഉണ്ടായേക്കും.
ധനസമാഹരണത്തിനായി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ രാജ്യ സന്ദർശനത്തോട് കേന്ദ്രത്തിനും അനുകൂല നിലപാടാണുള്ളത്. കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയുടെ പ്രാരംഭ പ്രവർത്തനങ്ങളും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്നേക്കും. ഷാർജ ഭരണാധികാരി ഉൾപ്പെടെയുള്ള പ്രമുഖരെയും യു.എ.ഇ സന്ദർശനവേളയിൽ മുഖ്യമന്ത്രി കാണും.