സ്വവര്‍ഗ വിവാഹത്തെ കുറിച്ച് പരാമര്‍ശിക്കുന്ന പാഠപുസ്തകം യു.എ.ഇയിലെ സ്കൂളില്‍ നിന്ന് പിന്‍വലിച്ചു
|രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് പ്രൈവറ്റ് സ്കൂളില്‍ പഠിപ്പിച്ചിരുന്ന പാഠപുസ്തകം പിന്‍വലിച്ചത്
സ്വവര്‍ഗ വിവാഹത്തെ കുറിച്ച് പരാമര്‍ശിക്കുന്ന പാഠപുസ്തകം യു.എ.ഇയിലെ സ്കൂളില്‍ നിന്ന് പിന്‍വലിച്ചു. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് പ്രൈവറ്റ് സ്കൂളില്‍ പഠിപ്പിച്ചിരുന്ന പാഠപുസ്തകം പിന്‍വലിച്ചത്. രാജ്യത്തിന്റെ സംസ്കാരത്തിന് ചേരാത്ത ഉള്ളടക്കമുള്ള പാഠപുസ്തകങ്ങള്‍ വിദ്യാലയങ്ങള്‍ ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
എല്ലാ കുടുംബങ്ങളും ഒരുപോലെയല്ല വ്യത്യസ്തമാണെന്ന് പഠിപ്പിക്കുന്ന പാഠഭാഗത്താണ് സ്വവര്‍ഗവിവാഹം കഴിക്കുന്നവരെ കുറിച്ച് പരാമര്‍ശിക്കുന്നത്. ഇത്തരം വിവാഹങ്ങള്‍ സാധാരണമാണെന്ന് വിശദീകരിക്കുന്ന ഭാഗം ശ്രദ്ധയില്‍പ്പെട്ട രക്ഷിതാക്കളാണ് പരാതിയുമായി സ്കൂള്‍ അധികൃതരെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ പാഠപുസ്തകം പിന്‍വലിക്കാന്‍ സ്കൂള്‍ സന്നദ്ധത അറിയിച്ചു. ഇതേ തുടര്‍ന്നാണ് യു.എ.ഇയിലെ സ്കൂളുകളില്‍ പഠിപ്പിക്കുന്ന പാഠപുസ്തകങ്ങള്‍ രാജ്യത്തിന്റെ സംസ്കാരത്തിന് യോജിച്ചതായിരിക്കണമെന്ന് ദുബൈ നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി സ്കൂളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. പാഠപുസ്തകങ്ങള്‍ കെ.എച്ച്ഡി.എ നിരന്തരമായി നിരീക്ഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഉയര്‍ന്ന ഗുണമേന്‍മയുള്ളതും, ക്രിയാത്മകവുമായ വിദ്യാഭ്യാസം നല്‍കാനാണ് സ്കൂളുകള്‍ ശ്രദ്ധിക്കേണ്ടതെന്നും കെ.എച്ച്ഡി.എ നിര്‍ദേശിച്ചു.