സൈബര്‍ കുറ്റ നിയമത്തില്‍ ഇളവ് വരുത്തി യു.എ.ഇ; കുറ്റവാളികളെ നിർബന്ധിത നാടുകടത്തൽ ശിക്ഷക്ക് വിധേയമാക്കില്ല
|സൈബർ കുറ്റകൃത്യം ചെയ്തവരെ നിർബന്ധിത നാടുകടത്തൽ ശിക്ഷക്ക് വിധേയമാക്കുന്നത് ഒഴിവാക്കാൻ യു.എ.ഇ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് നിയമഭേദഗതി കൊണ്ടുവന്നതായി അധികൃതർ വ്യക്തമാക്കി.
ഭേദഗതി പ്രകാരം സൈബർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവർക്ക് തടവോ നാടുകടത്തലോ നേരിടേണ്ടതില്ല. നിയമം അനുശാസിക്കുന്ന കാലയളവിൽ പ്രതിയുടെ ഒാൺലൈൻ ഉപയോഗങ്ങൾ തടയാൻ കോടതിക്ക് ഉത്തരവിടാം. ഇൗയിടെ കനേഡിയൻ പൗരൻ നൽകിയ ഹരജിയിൽ ദുബൈ അപ്പീൽ കോടതി നാടുകടത്താനുള്ള കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കിയിരുന്നു.
നിയമഭേദഗതിയെ ഇൗ രംഗത്തെ വിദഗ്ധർ പ്രശംസിച്ചു. കുറ്റകൃത്യ റെക്കോർഡില്ലാത്ത വ്യക്തികൾക്ക് ഭേദഗതി വലിയ പ്രയോജനം ചെയ്യുമെന്ന് അവർ പറഞ്ഞു. ഇൻറർനെറ്റ് മുഖേന ഒരാളെ അപകീർത്തിപ്പെടുത്തുന്നതിനുള്ള ശിക്ഷ നിയമഭേദഗതിക്ക് മുമ്പ് തടവും വിദേശികൾക്ക് തടവിനൊപ്പം നിർബന്ധിത നാടുകടത്തലുമായിരുന്നു. ഇത് രണ്ടും പ്രതിയുടെ ജീവിതം നശിപ്പിക്കുന്നതാണ്. എന്നാൽ, നിയമഭേദഗതിയോടെ ഇവ രണ്ടും നിർബന്ധിത ശിക്ഷകളല്ലാതായി. ഇനി നാടുകടത്തണോ വേണ്ടയോ എന്നത് ജഡ്ജിയുടെ തീരുമാനമാണ്. നേരത്തെ നാടുകടത്തൽ നിർബന്ധമായിരുന്നതിനാൽ ജഡ്ജിമാർക്ക് ഇക്കാര്യത്തിൽ മറ്റു തീരുമാനങ്ങൾ എടുക്കാൻ സാധ്യമല്ലായിരുന്നു.
അതേ സമയം സാമൂഹിക മാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കടുത്ത നടപടികൾ ഉണ്ടാകുമെന്ന് യു.എ.ഇ മുന്നറിയിപ്പ് നൽകി.