ഷാര്‍ജ പുസ്തകോല്‍സവത്തിന് കൊടിയേറി
|2019ല്‍ ഷാര്‍ജയെ ലോക പുസ്തക തലസ്ഥാനമാക്കിയുള്ള പ്രഖ്യാപനവും നടന്നു.
മുപ്പത്തിയേഴാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തിന് തുടക്കമായി. ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ഖാസിമി മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. 2019ല്‍ ഷാര്‍ജയെ ലോക പുസ്തക തലസ്ഥാനമാക്കിയുള്ള പ്രഖ്യാപനവും നടന്നു.
77രാജ്യങ്ങള്‍, 16ലക്ഷം പുസ്തകങ്ങള്‍, 80,000ലധികം പുതിയ തലക്കെട്ടുകള്‍, 1874പ്രസാധകര്‍. ഷാര്‍ജ പുസ്തകോല്‍വസത്തിന്റെ ചരിത്രത്തിലെ ഏറ്റവും വിപലുമായ മേളക്കാണ് ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ഖാസിമി തുടക്കമിട്ടത്. ശൈഖ് സുല്‍ത്താന്‍ 1979ല്‍ പുതിയ സാംസ്കാരിക മുന്നേറ്റത്തിന് ആഹ്വാനം ചെയ്തതിന്റെ 40വര്‍ഷം കൂടി കണക്കിലെടുത്താണ് ഷാര്‍ജ അടുത്തവര്‍ഷം ലോക പുസ്തക തലസ്ഥാനമായി പ്രഖ്യാപിക്കപ്പെടുന്നത്.
അള്‍ജീരിയന്‍ സാംസ്കാരിക മന്ത്രി അസല്‍ദിന്‍ മിഹ്‍ലൂബിയെ ഈ വര്‍ഷത്തെ സാംസ്കാരിക വ്യക്തിത്വത്തിനുള്ള പുരസ്കാരം നല്‍കി ആദരിച്ചു. ജപ്പാനാണ് ഇക്കുറി അതിഥി രാജ്യം. 114 പ്രസാധകരുമായി ഇന്ത്യയും മലയാളവും മേളയിലെ ശക്തമായ സാന്നിധ്യമാണ്.
ശശി തരൂര്‍, മനോജ് കെ ജയന്‍ തുടങ്ങി നിരവധി മലയാളി പ്രമുഖരും ഈവര്‍ഷം മേളയിലെത്തുന്നുണ്ട്. നവംബര്‍ 10 വരെ 11 ദിവസം ഷാര്‍ജയില്‍ അക്ഷരവസന്തം പൂത്തുനില്‍ക്കും.