നാൽപത്തിയേഴാം ദേശീയ ദിനാഘോഷ പൊലിമയിൽ യു.എ.ഇ
|സ്വദേശികൾക്കൊപ്പം ഇന്ത്യ ഉൾപ്പെടെ നൂറുകണക്കിന് രാജ്യങ്ങളിൽ നിന്ന് ചേക്കേറിയ ആയിരങ്ങളും ആഘോഷ പരിപാടികളിൽ സജീവമാണ്.
നാൽപത്തി ഏഴാം ദേശീയദിനാഘോഷ പൊലിമയിൽ യു.എ.ഇ. സ്വദേശികൾക്കൊപ്പം ഇന്ത്യ ഉൾപ്പെടെ നൂറുകണക്കിന്
രാജ്യങ്ങളിൽ നിന്ന് ചേക്കേറിയ ആയിരങ്ങളും ആഘോഷ പരിപാടികളിൽ സജീവമാണ്.
ഏതുവിധത്തിലാണ് ഒരു രാജ്യം പുരോഗതിയുടെ പാതയിലേക്ക് കാലെടുത്ത് വേക്കേണ്ടതെന്ന വലിയ പാഠമാണ് ലോകത്തിന് യു.എ.ഇ നൽകുന്നത്. ഫെഡറലിസത്തിന്റെ ചൈതന്യം കാത്തുസൂക്ഷിക്കുകയും വരുമാനം കൃത്യമായി വിതരണം നടത്തുകയും അടിസ്ഥാന വികസനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുകയും ചെയ്തിടത്താണ്
യു.എ.ഇയുടെ മിന്നുന്ന വിജയം. സ്ത്രീ വിദ്യാഭ്യാസത്തിന് വലിയ പരിഗണന നൽകുന്നതിനു പുറമെ എല്ലാ തുറകളിലും അവർക്ക്
പ്രാധാന്യം നൽകാനും സാധിച്ചു. വിദേശികളോട് അനുവർത്തിക്കുന്ന ഉദാര നിലപാടുകളും യു.എ.ഇ മികവിന് മുതൽക്കൂട്ടായി.
രാഷ്ട്ര പിതാവ് ശൈഖ് സായിദിന്റെ നൂറാം ജന്മദിന ഓർമകളിലേക്കാണ്
ഇക്കുറി ദേശീയദിനം വന്നെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ചതുര്‍വര്‍ണ കൊടികളുടെ വര്‍ണ പൊലിമയിലാണ് നാടും നഗരവും. സ്വദേശികളും പ്രവാസികളും ആഘോഷം ഏറ്റുവാങ്ങുന്നു. ദേശീയദിനാഘോഷത്തിന്റെ ഭാഗമായി സ്വദേശികൾക്ക് ഒട്ടേറെ ക്ഷേമ പദ്ധതികളും യു.എ.ഇ പ്രഖ്യാപിച്ചിട്ടുണ്ട്.
ആകാശത്ത് ഐക്യത്തിന്റെ സന്ദേശം കുറിച്ചായിരുന്നു യു.എ.ഇ വിമാന കമ്പനികളുടെ ദേശീയദിനാഘോഷം. ഏഴ് യുദ്ധവിമാനങ്ങള്‍ക്കൊപ്പം രാജ്യത്തെ നാല് എയര്‍ലൈനുകളുടെ വിമാനങ്ങളും അപൂര്‍വ വിന്യാസത്തില്‍ പങ്കാളികളായി. ഏഴ് എമിറേറ്റുകളിലൂടെയും ഈ വിമാനങ്ങള്‍ കടന്നുപോയി. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു വൈമാനിക പ്രകടനം.
യു.എ.ഇയുടെ നാല് വിമാനകമ്പനികളായ എമിറേറ്റ്സ്, ഇത്തിഹാദ്, എയര്‍ അറേബ്യ, ഫ്ലൈ ദുബൈ ഒപ്പം ഏഴ് ഫുര്‍സാന്‍ യുദ്ധവിമാനങ്ങളും പരിപാടിയില്‍ അണിനിരന്നു. ലഫ് കേണല്‍ നാസര്‍ അല്‍ ഉബൈദി യുദ്ധവിമാനങ്ങളെ നയിച്ചപ്പോള്‍ നദീം അല്‍ ഹമദ്, ആഡ്രിയാന്‍ സ്മിത്ത്, റിച്ചാര്‍ഡ് ഡൈസന്‍, അബ്ബാസ് ശബാന്‍ എന്നിവര്‍ യാത്രാ വിമാനങ്ങളെ നിയന്ത്രിച്ചു.
വിവിധ കമ്പനികളുടെ യാത്രാവിമാനങ്ങളും യുദ്ധവിമാനങ്ങളുമടക്കം 11 വിമാനങ്ങള്‍ പങ്കെടുക്കുന്ന ലോകത്തെ ആദ്യ വിമാന വിന്യാസമാണിത്. 300 അടി വരെ താഴ്ന്നും 5000 അടി വരെ ഉയര്ന്നുമായിരുന്നു പ്രകടനങ്ങള്‍. ശൈഖ് സായിദിന്റെ ഐക്യസന്ദേശമെഴുതാന് പറന്നുയര്‍ന്ന ഈ വിമാനങ്ങള്‍ വാനില്‍ പുതിയ ചരിത്രം കൂടി എഴുതിയാണ് തിരിച്ചിറങ്ങിയത്.
ദേശീയദിനം ആഘോഷിക്കുന്ന യു.എ.ഇക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റാസല്‍ഖൈമയില്‍ മലയാളി സമൂഹം വര്‍ണാഭ റാലി നടത്തി. വിവിധ മലയാളി സംഘടനകളുടെ സഹകരണത്തോടെ റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷനാണ് റാലി ഒരുക്കിയത്.
റാക് ഇന്ത്യന്‍ അസോസിയേഷന് പരിസരത്ത് നിന്ന് തുടങ്ങി റാക് ഇന്ത്യന്‍ സ്കൂള്‍ വരെയാണ് നൂറ് കണക്കിന് പേര് പങ്കെടുത്ത ഘോഷയാത്ര ഒരുക്കിയത്. ചെണ്ടമേളം, ദഫ്മുട്ട് സംഘം, തെയ്യക്കോലങ്ങള്‍ തുടങ്ങി കേരളത്തിന്റെയും യു.എ.ഇയുടെയും സാംസ്കാരിക കാഴ്ചകളെ ഇഴചേര്‍ത്തായിരുന്നു പ്രകടനം. യു.എ.ഇയുടെയും ഇന്ത്യയുടെയും രാഷ്ട്ര പിതാക്കളുടെ ജ്വലിക്കുന്ന ഓര്‍മകളും റാലി പങ്കുവെച്ചു.
കേരള സമാജം, കെ.എം.സി.സി, ഇന്‍കാസ്, സേവനം സെന്റര്‍, ചേതന, യുവകലാസാഹിതി, സര്‍വീസ്, ബുഖാരി സെന്റര്‍, സല്‍മാനുല്‍ ഫാരിസി, റാക്റ്റ, വേള്‍ഡ് മലയാളി സെന്റര്‍ തുടങ്ങിയ കൂട്ടായ്മകള്‍ റാക് ഇന്ത്യന്‍ അസോസിയേഷനമായി കൈകോര്‍ത്തു.
ഇന്ത്യന്‍ അസോസിയേഷന് ഭാരവാഹികളായ ഡോ. റജി ജേക്കബ്, എസ്.എ. സലീം, ബി. ഗോപകുമാര്‍ എന്നിവര്‍ക്ക് പുറമെ വിവിധ സംഘടനാ പ്രതിനിധികളും ഘോഷയാത്രക്ക് നേതൃത്വം നല്കി.