വിശ്വാസവഞ്ചനയിലൂടെ വൻ തുക കവർച്ച; ജീവനക്കാരെയൂം കൂട്ടാളികളെയും പൊലീസ് പിടികൂടി
|വിശ്വാസവഞ്ചനയിലൂടെ വൻതുക കവർന്ന ജീവനക്കാരെയൂം കൂട്ടാളികളെയും ദിവസം തികയുന്നതിനു മുൻപ് ദുബൈ പൊലീസ് പിടികൂടി. പണമിടപാടു സ്ഥാപനത്തിന്റെ വാഹനത്തിൽ നിന്ന് റാഷിദീയയിൽ വെച്ചാണ് ജീവനക്കാരിൽ ചിലർ പണം കവർന്നത്.
ദുബൈ റാശിദിയ്യയിലായിരുന്നു സംഭവം നടന്നത്. വിവരം ലഭിച്ചയുടൻ ദുബൈ പൊലീസ് കുറ്റാന്വേഷണ സംഘം പ്രത്യേക സംഘം രൂപവത്കരിച്ച് പ്രതികളെ കണ്ടെത്താൻ പദ്ധതി ഒരുക്കുകയായിരുന്നു. രണ്ട് ഏഷ്യക്കാരും ഒരു ആഫ്രിക്കൻ യുവാവുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഏഷ്യൻ യുവാക്കൾ പുറത്തിറങ്ങിയ സമയത്താണ് മൂന്നാമൻ പണം കവർന്ന് അജ്ഞാത കേന്ദ്രത്തിലേക്ക് മുങ്ങിയത്. മറ്റു ചിലരുടെ സഹായവും പ്രതിക്ക് ലഭിച്ചിരുന്നു.
ദുബൈ, ഷാർജ, അജ്മാൻ എന്നിവിടങ്ങളിലായി ഒളിച്ചു പാർക്കുന്ന പ്രതികളെ കണ്ടെത്താൻ അതാത് എമിറേറ്റുകളിലെ കുറ്റാന്വേഷണ സംഘങ്ങളുമായി ചേർന്ന് ഏകോപനം നടത്തി. 24 മണിക്കൂറിനകം പ്രതികളെ എല്ലാം പിടികൂടുവാനും പണം പൂർണമായി വീണ്ടെടുക്കുവാനും സാധിച്ചു.
ചടുലവും ശക്തവുമായ നീക്കത്തിലൂടെ ഒട്ടും കാലതാമസമില്ലാതെ പ്രതികളെ പിടികൂടുകയും മോഷണമുതൽ വീണ്ടെടുക്കുകയും ചെയ്ത പൊലീസ് സേനാംഗങ്ങളെ ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മറി അഭിനന്ദിച്ചു. എത്ര സങ്കീർണമായ കുറ്റകൃത്യങ്ങളും ഏറ്റവും എളുപ്പത്തിൽ കണ്ടെത്തുവാനും പ്രതിവിധി തീർക്കാനും സാധിക്കുംവിധം അനുഭവ സമ്പത്തും ആധുനിക സാേങ്കതിക വിദ്യയും കൈമുതലാക്കിയ ദുബൈ പൊലീസിന്റെ മികവാണ് ഇതിലൂടെ ഒരിക്കൽ കൂടി തെളിഞ്ഞത്.