ഹാക്ക് ചെയ്യപ്പെട്ട സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വീണ്ടെടുത്ത് ഷാര്‍ജ പൊലീസ്
|വാട്സാപ്പിനു പുറമെ ഇൻസ്റ്റാഗ്രാം, ഫെയ്സ്ബുക്ക്, സ്നാപ്ചാറ്റ് അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെടുന്നുണ്ട്.
ഹാക്ക് ചെയ്യപ്പെട്ട 434 സമൂഹ മാധ്യമ അക്കൗണ്ടുകള്‍ ഷാര്‍ജ പൊലീസിലെ സൈബര്‍ വിഭാഗം കണ്ടെടുത്തു. ഇത്തരം നിയമലംഘനങ്ങള്‍ ഇല്ലാതാക്കാന്‍ ഹാക്കിംഗ് സംഭവങ്ങള്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ഈ വർഷത്തെ ആദ്യ പകുതിയിലാണ് നിരവധി അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടത്.
സമൂഹ മാധ്യമ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്ന സാഹചര്യം തടയാൻ കുറ്റമറ്റ സംവിധാനങ്ങളാണ് ഷാർജ പൊലിസ് ഏർപ്പെടുത്തിയിരിക്കുന്നത്. ഹാക്ക് ചെയ്യപ്പെട്ടാൽ ഇക്കാര്യം വെബ്സൈറ്റ് വഴി ഷാര്‍ജ പോലീസില്‍ പരാതിപ്പെടാനുള്ള സൗകര്യവും ഉണ്ട്. വാട്ട്സാപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടാൽ വീട്ടിലിരുന്ന് തന്നെ പോലീസ് പ്ലാറ്റ്ഫോമുമായി ബന്ധപ്പെട്ട് അടിയന്തര സാങ്കേതിക സഹായം തേടാനാകുമെന്ന് ഷാര്‍ജ പൊലീസ് കുറ്റാന്വേഷണ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഇബ്രാഹിം അല്‍ അജല്‍ പറഞ്ഞു.
വാട്സാപ്പിനു പുറമെ ഇൻസ്റ്റാഗ്രാം, ഫെയ്സ്ബുക്ക്, സ്നാപ്ചാറ്റ് അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെടുന്നുണ്ട്. അപരിചിതരുമായി ഓണ്‍ലൈനില്‍ ഇടപെടുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും അവരുമായി വ്യക്തിഗത വിവരങ്ങള്‍ കൈമാറരുതെന്നും ബ്രിഗേഡിയര്‍ ഇബ്രാഹിം പറഞ്ഞു.
ഓൺലൈനിലെ തട്ടിപ്പുകാരെ തിരിച്ചറിയാന്‍ സഹായിക്കുന്നതിന് ഷാര്‍ജ പൊലീസ് അടുത്തിടെ ഒരു പഠനം പുറത്തിറക്കി. യഥാര്‍ഥവും വ്യാജവുമായ അക്കൗണ്ടുകള്‍ തമ്മില്‍ വേര്‍തിരിച്ചറിയാനുള്ള വഴികളുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.