UAE
ടിക്കറ്റ് റീബുക്കിങ്ങിന് ഒരു വര്‍ഷം സമയം നീട്ടി നല്‍കി എമിറേറ്റ്സ് എയർലൈൻസ്
UAE

ടിക്കറ്റ് റീബുക്കിങ്ങിന് ഒരു വര്‍ഷം സമയം നീട്ടി നല്‍കി എമിറേറ്റ്സ് എയർലൈൻസ്

Web Desk
|
9 April 2021 1:46 AM GMT

കോവിഡിനെ തുടർന്ന് എമിറേറ്റ്സിൽ ടിക്കറ്റെടുത്ത് യാത്രമുടങ്ങിയവർക്ക് ഏറെ ആശ്വാസകരമായ റീബുക്കിങ് നയമാണ് വിമാനകമ്പനി പ്രഖ്യാപിച്ചത്.

കോവിഡിനെ തുടർന്ന് യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് റീബുക്കിങിന് അനുവദിച്ച സമയപരിധി എമിറേറ്റ്സ് എയർലൈൻസ് നീട്ടിനൽകി. നേരത്തേ പ്രഖ്യാപിച്ച സമയപരിധിയേക്കാൾ ഒരുവർഷം കൂടുതൽ അനുവദിക്കാനാണ് എമിറേറ്റ്സിന്റെ തീരുമാനം.

എമിറേറ്റ്സിൽ ടിക്കറ്റെടുത്ത് യാത്രമുടങ്ങിയവർക്ക് ഏറെ ആശ്വാസകരമായ റീബുക്കിങ് നയമാണ് വിമാനകമ്പനി പ്രഖ്യാപിച്ചത്. 2020 സെപ്തംബർ 30 ന് മുമ്പ് ടിക്കറ്റെടുത്തവർക്ക് 36 മാസം അഥവാ മൂന്ന് വർഷമാണ് റീബുക്കിങിന് സമയം അനുവദിച്ചത്. ഇവരുടെ യാത്രാ തിയതി ടിക്കറ്റിൽ 2021 ഡിസംബറിന് മുമ്പായിരിക്കണം എന്ന നിബന്ധനയുണ്ട്.

അതേസമയം 2020 ഒക്ടോബർ ഒന്നിന് ശേഷം ടിക്കറ്റെടുത്ത് യാത്രമുടങ്ങിയവർക്ക് 24 മാസം അഥവാ രണ്ടുവർഷം ഈ ടിക്കറ്റ് ഉപയോഗപ്പെടുത്താൻ സമയം നൽകും. ടിക്കറ്റ് റീഇഷ്യൂ ചെയ്യാനുള്ള ഫീസിൽ ഇളവ് നൽകും.

എമിറേറ്റിസ് നൽകിയ ട്രാവൽ വൗച്ചറുകൾ, ഭാഗികമായി മാത്രം നടന്ന യാത്രയുടെ ടിക്കറ്റുകൾ എന്നിവ സൗജന്യമായി റീഫണ്ട് ചെയ്ത് നൽകും. എയർലൈൻസിൽ നിന്നോ എമിറേറ്റ്സിന്റെ വെബ്സൈറ്റിൽ നിന്നോ നേരിട്ട് ടിക്കറ്റ് എടുത്തവർക്ക് സമയം നീട്ടികിട്ടാൻ പ്രത്യേകം ബന്ധപ്പെടേണ്ടതില്ല. എന്നാൽ, ട്രാവൽ ഏജൻസികളിൽ നിന്ന് ടിക്കറ്റ് എടുത്തവർ സമയപരിധി അവസാനിക്കുന്നതിന് മുമ്പ് ഏജന്റുമാരെ ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts