എ പ്ലസ് കിട്ടാത്തതിന് കുട്ടികളെ വഴക്കു പറയുന്ന രക്ഷിതാക്കളേ... ഈ ഐഎഎസ് ഉദ്യോഗസ്ഥന്റെ മാർക്ക് ലിസ്റ്റ് ഒന്ന് കാണൂ
|ഐ.എ.എസ് ഉദ്യോഗസ്ഥനായ അവനീഷ് ശരണാണ് തന്റെ സുഹൃത്തും ഗുജറാത്തിലെ ബറൂച്ചി ജില്ല കലക്ടറുമായ തുഷാർ ഡി. സുമേരയുടെ പത്താക്ലാസ്സ് മാർക്ക് ഷീറ്റ് ട്വിറ്ററിൽ പങ്കുവെച്ചത്
പരീക്ഷയിൽ ഉയർന്ന മാർക്ക് കിട്ടിയില്ലെങ്കിൽ ഭാവിയേ ഇല്ലെന്ന് വിധിയെഴുതുന്ന ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. എന്നാൽ, ഈ മാർക്കുകൾ മാത്രമല്ല ജീവിതത്തെ നിർണയിക്കുന്നതെന്ന് തെളിയിക്കുകയാണ് ഗുജറാത്തിലെ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥൻ.
പത്താംക്ലാസ്സ് ബോർഡ് ഫലങ്ങൾക്കായി കാത്തിരിക്കുന്ന വിദ്യാർഥികൾക്ക് ധൈര്യം പകരാൻ ഐ.എ.എസ് ഉദ്യോഗസ്ഥനായ അവനീഷ് ശരണാണ് തന്റെ സുഹൃത്തും ഗുജറാത്തിലെ ബറൂച്ചി ജില്ല കലക്ടറുമായ തുഷാർ ഡി. സുമേരയുടെ പത്താക്ലാസ്സ് മാർക്ക് ഷീറ്റ് ട്വിറ്ററിൽ പങ്കുവെച്ചത്. പോസ്റ്റ് നിരവധി പേർ പങ്കുവെക്കുകയും നിമിഷങ്ങൾക്കുള്ളിൽ തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. പത്താംക്ലാസ്സ് ബോർഡ് പരീക്ഷയിൽ കഷ്ടിച്ച് ജയിച്ച സുമേരയുടെ കഥയും പോസ്റ്റിനൊപ്പം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ഇംഗ്ലീഷ് പരീക്ഷയിൽ 100ൽ 35ഉം കണക്കിന് 100ൽ 36ഉം മാർക്കാണ് അദ്ദേഹത്തിന് ലഭിച്ചത്.സുമേര എവിടെയും എത്താൻ പോകുന്നില്ലെന്ന് വിധിയെഴുതിയവരെ ഞെട്ടിപ്പിച്ച് കൊണ്ടുള്ള അദ്ദേഹത്തിന്റെ വളർച്ചയെക്കുറിച്ചും പോസ്റ്റിൽ പ്രതിപാദിക്കുന്നുണ്ട്.തുഷാർ സുമേരയും ഇത് റീട്വീറ്റ് ചെയ്തിട്ടുണ്ട്. 2012ലാണ് സുമേര ഐ.എ.എസ് ഓഫിസറായി ചുമതലയേൽക്കുന്നത്.