ഇതാണ് ബിസിനസ്; ഐ ഫോൺ തട്ടിയെടുത്ത് കുരങ്ങൻ, ഫ്രൂട്ടി കൊടുത്ത് ഒത്തുതീർപ്പാക്കി ഉടമ: വീഡിയോ
|വീഡിയോ ഇതുവരെ 8.6 മില്യൺ ആളുകളാണ് കണ്ടത്
മലയോര മേഖലകളിലും വന്യജീവി സങ്കേതത്തിലുമൊക്കെ സന്ദർശനത്തിനെത്തുന്ന സഞ്ചാരികൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് കുരങ്ങന്മാരാണ്. കണ്ണിന്റെ മുന്നിൽ നിന്ന് തന്നെ കയ്യിലുള്ള സാധനങ്ങൾ അടിച്ചുമാറ്റി കടന്നുകളയുന്ന വിരുതന്മാരാണ്. ആഹാര സാധനം മാത്രമല്ല അവക്ക് യാതൊരു ഉപയോഗവും ഇല്ലാത്ത സാധനങ്ങളും തട്ടിയെടുത്ത് കടന്നുകളയും. ഇങ്ങനെ പോയ സാധനങ്ങൾ തിരികെ കിട്ടുന്നത് തന്നെ അപൂർവ ഭാഗ്യമാണ്. ഇത്തരത്തിൽ ഒരു കുരങ്ങന്റെ തട്ടിപ്പ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
വൃന്ദാവനിലെ ശ്രീ രംഗ്‌നാഥ് ജി മന്ദിറിലാണ് രസകരമായ സംഭവം. ഒരു കുരങ്ങൻ തട്ടിയെടുത്തതാകട്ടെ ഐ ഫോണും. പലതരത്തിൽ ശ്രമിച്ചുനോക്കിയെങ്കിലും ഫോൺ തിരികെ തരുന്നതിന്റെ യാതൊരു ലക്ഷണങ്ങളും കുരങ്ങൻ കാണിച്ചില്ല. സംഭവ സ്ഥലത്ത് നിരവധി ആളുകൾ കൂടി ശബ്ദമുണ്ടാക്കിയും മറ്റും കുരങ്ങനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഒരു ഫലവും ഉണ്ടായില്ല.
രക്ഷയില്ലെന്ന് കണ്ടതോടെ ഒരു ഒത്തുതീർപ്പിൽ എത്താമെന്നായി. ഐ ഫോണിന് പകരം ഒരു ഫ്രൂട്ടിയായിരുന്നു വാഗ്ദാനം. ആദ്യം ഫ്രൂട്ടി പാക്കറ്റ് എറിഞ്ഞെങ്കിലും ലക്ഷ്യസ്ഥാനത്ത് എത്തിയില്ല. അടുത്ത തവണ ഫ്രൂട്ടി പ്ലാൻ വിജയിച്ചു. പറന്നുവന്നു ഫ്രൂട്ടിയുടെ പാക്കറ്റ് കുരങ്ങൻ ചാടിപ്പിടിച്ചു. കയ്യിലുണ്ടായിരുന്ന ഐ ഫോൺ ദേ താഴേക്ക്. ഫ്രൂട്ടി കിട്ടിയതോടെ കുരങ്ങനും കൂടെ ഉണ്ടായിരുന്ന ക്രൈം പാർട്ട്ണറും ഹാപ്പി. ഐ ഫോൺ താഴെ വീഴുന്നതിന് മുൻപ് തന്നെ ചാടിപ്പിടിച്ചത് കൊണ്ട് ഉടമയും ഹാപ്പി.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ കുരങ്ങന്റെ ബിസിനസ് ബുദ്ധിക്ക് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. ജനുവരി 6ന് പങ്കുവെച്ച വീഡിയോ ഇതുവരെ 8.6 മില്യൺ ആളുകളാണ് കണ്ടത്. നിരവധി പേർ വീഡിയോ ഷെയർ ചെയ്യുകയും ചെയ്തു. ഏറ്റവും രസകരം വീഡിയോയുടെ കമന്റുകളാണ്. 'ബാർട്ടർ സമ്പ്രദായം' എന്നും 'കുരങ്ങന്റെ ബുദ്ധി അപാരം തന്നെ' തുടങ്ങി രസകരമായ കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്.
ക്ഷേത്ര പരിസരത്ത് കുരങ്ങന്മാർ സാധാരണമാണ്. ക്ഷേത്രത്തിൽ എത്തുന്നവരുടെ സാധനങ്ങൾ മോഷ്ടിക്കുന്നതിനാൽ ഇവക്കെതിരെ മുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്.