ഭക്ഷണം കിട്ടിയില്ല, വധുവിന്‍റെയും വരന്‍റെയും ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്ത് ഫോട്ടോഗ്രാഫര്‍
|"ഭക്ഷണം കഴിക്കാന്‍ 20 മിനുറ്റ് ഇടവേള വേണമെന്ന് ഞാന്‍ വരനോട് ആവശ്യപ്പെട്ടു.എന്നാല്‍ ഫോട്ടോഗ്രാഫറായി തുടരാനാണ് അവര്‍ പറഞ്ഞത്. അല്ലെങ്കില്‍ പ്രതിഫലം നല്‍കാതെ പറഞ്ഞയക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി"
ഭക്ഷണം നല്‍കാത്തതിനെ തുടര്‍ന്ന് വധുവിന്‍റെയും വരന്‍റെയും ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്ത ഫോട്ടോഗ്രാഫറുടെ അനുഭവം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. അമേരിക്കന്‍ ഡിസ്കഷന്‍ വെബ്സൈറ്റായ റെഡ്ഡിറ്റിലാണ് ഫോട്ടോഗ്രാഫറായ യുവതി തന്‍റെ ദുരനുഭവം പങ്കുവച്ചത്.
നായ വളര്‍ത്തലുകാരിയായ യുവതി തന്‍റെ ഉപഭോക്താക്കളുടെ നായകളുടെ ചിത്രങ്ങള്‍ തന്‍റെ ക്യാമറയില്‍ എടുത്ത് ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും പങ്കുവയ്ക്കാറുണ്ട്. പൈസ ലാഭിക്കുവാനായി സുഹൃത്ത് അവരുടെ വിവാഹഫോട്ടോകള്‍ എടുക്കാനായി യുവതിയോട് ആവശ്യപ്പെടുകയായിരുന്നു. അത് തന്‍റെ പ്രൊഫഷന്‍ അല്ല എന്ന് സുഹൃത്തിനോട് പറഞ്ഞെങ്കിലും അവരത് സമ്മതിച്ചില്ല. അവസാനം അവരുടെ സമ്മര്‍ദത്തിന് വഴങ്ങിയെങ്കിലും കാര്യങ്ങള്‍ അത്ര ശുഭമായല്ല പര്യവസാനിച്ചത്.
വിവാഹദിനത്തിൽ, വധുവിനൊപ്പം വിവിധ സ്ഥലങ്ങളിൽ പോയി വേദിയിൽ എത്തുന്നതിനുമുമ്പുള്ള ഒരുക്കങ്ങളും ചടങ്ങുകളും ചിത്രീകരിക്കാനും അവര്‍ യുവതിയോട് ആവശ്യപ്പെട്ടു. റിസപ്ഷന്‍ നടന്നപ്പോഴാണ് ഫോട്ടോഗ്രാഫറെ ചൊടിപ്പിച്ച കാര്യങ്ങള്‍ നടന്നത്.
"രാവിലെ 11 മണിക്ക് തുടങ്ങിയ ജോലി രാത്രി ഏഴരയോടെയാണ് എനിക്ക് അവസാനിപ്പിക്കാന്‍ കഴിഞ്ഞത്. വൈകുന്നരം അഞ്ച് മണിയോടെ ചടങ്ങില്‍ ഭക്ഷണം വിളമ്പി തുടങ്ങി. എന്നാല്‍ വിവാഹഫോട്ടോകള്‍ എടുക്കേണ്ടതിനാല്‍ എന്നെ ഭക്ഷണം കഴിക്കാന്‍ അവര്‍ അനുവദിച്ചില്ല. ഞാന്‍ ആകെ ക്ഷീണിതയായിരുന്നു. മാത്രമല്ല, വിവാഹ വേദിയില്‍ സഹിക്കാന്‍ കഴിയാത്ത ചൂടായിരുന്നു. എസിയും ഉണ്ടായിരുന്നില്ല."- യുവതി പറയുന്നു.
സഹികെട്ട ഫോട്ടോഗ്രാഫര്‍ വരനോട് തന്‍റെ അവസ്ഥ വ്യക്തമാക്കിയതോടെയാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്.
"ഭക്ഷണം കഴിക്കാന്‍ 20 മിനുറ്റ് ഇടവേള വേണമെന്ന് ഞാന്‍ വരനോട് ആവശ്യപ്പെട്ടു. എനിക്ക് അവിടെ നിന്ന് വെള്ളം പോലും ലഭിച്ചിരുന്നില്ല, എന്‍റെ കൈയിലുണ്ടായിരുന്ന രണ്ട് കുപ്പി വെള്ളവും തീര്‍ന്നു പോയിരുന്നു. എന്നാല്‍ എന്നോട് ഫോട്ടോഗ്രാഫറായി തുടരാനാണ് അവര്‍ പറഞ്ഞത്. അല്ലെങ്കില്‍ പ്രതിഫലം നല്‍കാതെ പറഞ്ഞയക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി."- യുവതി പറഞ്ഞു.
ഇതില്‍ പ്രകോപിതയായ യുവതി അതുവരെ എടുത്ത എല്ലാ ഫോട്ടോകളും വരന്‍റെ മുന്നില്‍ വെച്ച് ഡിലീറ്റ് ചെയ്ത് അവിടെ നിന്നും ഇറങ്ങിപ്പോന്നു.
"എനിക്കവര്‍ പ്രതിഫലം നല്‍കിയിരുന്നുവെങ്കില്‍ ആ പണം മുഴുവന്‍ ഞാന്‍ ഒരു ഗ്ലാസ് തണുത്ത വെള്ളം വാങ്ങുവാനായി ചെലവഴിച്ചേനെ"- യുവതി കൂട്ടിച്ചേര്‍ത്തു.