ന്യായീകരണ തൊഴിലാളികളായി എത്തുന്നവരോട് സഹതാപം, അടുത്ത വ്യക്തിയ്ക്കായി കാത്തിരിക്കുന്നു; ശ്രീലേഖയ്ക്കെതിരെ പരോക്ഷ വിമർശനവുമായി അതിജീവിതയുടെ കുടുംബം
|കാലങ്ങളായി കെട്ടിപ്പടുത്ത വ്യക്തിത്വമാണ് ഒരു നിമിഷം കൊണ്ട് ഇനിയൊരിക്കലും പടുത്തുയർത്താനാകാത്ത വിധം തകർന്നടിയുന്നതെന്ന് ഇവർ തിരിച്ചറിയുന്നില്ല.
തൃശൂര്: നടിയെ ആക്രമിച്ച കേസിൽ മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലിനെതിരെ പരോക്ഷമായ വിമർശനവുമായി അതിജീവിതയുടെ കുടുംബം. ന്യായീകരണ തൊഴിലാളികളായി എത്തുന്നവരോട് സഹതാപമാണ് തോന്നുന്നത്. കാലങ്ങളായി കെട്ടിപ്പടുത്ത വ്യക്തിത്വമാണ് ഒരു നിമിഷം കൊണ്ട് ഇനിയൊരിക്കലും പടുത്തുയർത്താനാകാത്ത വിധം തകർന്നടിയുന്നതെന്ന് ഇവർ തിരിച്ചറിയുന്നില്ലെന്നും എഫ്ബി പോസ്റ്റിലൂടെ അതിജീവിതയുടെ കുടുംബം പറയുന്നു. അതിജീവിതയുടെ കുടുംബത്തിന്റെ എഫ്ബി പോസ്റ്റ് ഇങ്ങനെ
ആത്മഹത്യകൾ പലവിധമാണ്. ശാരീരികമായുള്ള ആത്മഹത്യയാണെങ്കിൽ അത് അവിടെ കൊണ്ട് കഴിയും. ആത്മഹത്യ ചെയ്ത വ്യക്തിയ്ക്ക് പിന്നീടൊന്നും അറിയേണ്ടതില്ല, അതിനെ കുറിച്ച് ചിന്തിക്കേണ്ടതില്ല. മറിച്ച്, പറഞ്ഞുപോയ വാക്കുകൾകൊണ്ട് ജീവിച്ചു കൊണ്ട് മരണം അനുഭവിക്കുന്നതാണ് ഏറെ വേദനാജനകം. ഇവിടെ ന്യായീകരണ തൊഴിലാളികളായി എത്തുന്നവരുടെ അവസ്ഥയെ കുറിച്ചാലോചിക്കുമ്പോൾ അവരോട് സഹതാപമാണ് തോന്നുന്നത്. കാലങ്ങളായി കെട്ടിപ്പടുത്ത വ്യക്തിത്വമാണ് ഒരു നിമിഷം കൊണ്ട് ഇനിയൊരിക്കലും പടുത്തുയർത്താനാകാത്ത വിധം തകർന്നടിയുന്നതെന്ന് ഇവർ തിരിച്ചറിയുന്നില്ല. ഒരുപാട് മനുഷ്യരുടെ മനസ്സിലാണ് അവർക്ക് അവർ ചിതയൊരുക്കുന്നത്. സംശയമുണ്ടെങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ടവരോട് ചോദിച്ചു നോക്കൂ. അവർ പറയും അത് വേണ്ടിയിരുന്നില്ലെന്ന്. ഒരു പക്ഷെ അവരുടെ പ്രിയപ്പെട്ടവരുടെ വാക്കുകൾക്കപ്പുറം തന്റെ വ്യക്തിത്വഹത്യക്ക് പകരമായി അതിനേക്കാൾ വിലമതിക്കുന്ന മറ്റെന്തെങ്കിലും അവരെ പ്രലോഭിപ്പിക്കുന്നുണ്ടാകാം. അതായിരിക്കാം ഇത്തരമൊരു നീക്കത്തിന് അവർ വിധേയരാകുന്നതിന്റെ മനഃശ്ശാസ്ത്രവും. ശത്രുതയ്ക്ക് ഒരു തുല്യതയെങ്കിലും വേണമല്ലോ. സഹതാപമാണ് അതിനേക്കാൾ മ്ലേച്ഛമായ വികാരം. ന്യായീകരണ പരമ്പരയിൽ അടുത്ത വ്യക്തിയ്ക്കായി കാത്തിരിക്കുന്നു.
ശ്രീലേഖയ്ക്കെതിരെ സംവിധായകൻ ബാലചന്ദ്രകുമാറും നേരത്തെ രംഗത്ത് എത്തിയിരുന്നു.എന്ത് അടിസ്ഥാനത്തിലാണ് അവരുടെ പരാമർശങ്ങൾ എന്നറിയില്ല. ശ്രീലേഖയുടേത് വെളിപ്പെടുത്തലല്ല, ആരോപണങ്ങൾ മാത്രമാണ്. ഇത് കേസിന്റെ അന്വേഷണത്തെ ബാധിക്കില്ല. അവർ സർവീസിൽ ഇറങ്ങിയതിന്റെ തൊട്ടടുത്ത ദിവസം മുതൽ ദിലീപിനെ എങ്ങനെ രക്ഷിക്കാമെന്ന ക്യാംപയിന്റെ തലപ്പത്ത് ജോലി ചെയ്യുകയാണെന്നുമാണ് ബാലചന്ദ്രകുമാർ പ്രതികരിച്ചത്. നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് അറിഞ്ഞോ അറിയാതെയോ പങ്കുണ്ടെന്ന് കരുതുന്നില്ലെന്നായിരുന്നു മുൻ ഡിജിപി ആർ. ശ്രീലേഖ തന്റെ യു ട്യൂബ് ചാനലായ സസ്നേഹം ശ്രീലേഖയിലൂടെ പറഞ്ഞത്. പൾസർ സുനിയും ദിലീപും കണ്ടതിന് തെളിവോ രേഖയോ ഇല്ലെന്നും കേസ് നിലനിൽക്കില്ല എന്ന ഘട്ടം വന്നപ്പോൾ യാതൊരു അടിസ്ഥാനവുമില്ലാത്ത വെറും ഊഹാപോഹങ്ങളുമായി എത്തിയ ബാലചന്ദ്രകുമാറിനെപ്പോലുള്ള സാക്ഷികളെക്കൊണ്ട് മാധ്യമങ്ങളുടെ സഹായത്താൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും ശ്രീലേഖ പറയുന്നു. ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുകളുണ്ടാക്കി. പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം വ്യാജമാണ്. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ ഫോട്ടോ ഷോപ്പ് ചെയ്തതാണ്. അക്കാര്യം പൊലീസുകാർ തന്നെ സമ്മതിച്ചതാണെന്നും ശ്രീലേഖ പറയുന്നു.ദിലീപിന്റെ പെട്ടെന്നുള്ള ഉയർച്ചയിൽ പലർക്കും അസൂയ ഉണ്ടായിരുന്നു. അയാൾ ചെയ്തിരുന്ന പല കാര്യങ്ങളിലും അന്ന് വളരെ ശക്തരായ പലർക്കും എതിർപ്പുണ്ടായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ ദിലീപിന്റെ പേര് കേസിൽ പറയുമെന്ന് തനിക്ക് തോന്നിയിരുന്നുവെന്നും ശ്രീലേഖ വെളിപ്പെടുത്തുന്നു.
''കേസിലെ ആറ് പ്രതികൾ നേരത്തെ ശിക്ഷിക്കപ്പെടേണ്ടതായിരുന്നു. ഇത്രയധികം ആളുകൾ ശിക്ഷിക്കപ്പെടാതെ പുറത്ത് ജീവിക്കുന്നു എന്നത് ശരിയല്ല. അഞ്ച് വർഷമായി വിചാരണത്തടവുകാരനായ പൾസർ സുനിക്ക് ശിക്ഷയിൽ ഇളവ് ലഭിച്ചാൽ എന്ത് ചെയ്യും? ഏതായാലും ഒരു കുറ്റകൃത്യം നടന്നിട്ടുണ്ട്. അതിന് അവർ ശിക്ഷിക്കപ്പെടേണ്ടേ? അതിന് പകരം, മറ്റൊരു വ്യക്തിക്കും കേസിൽ പങ്കുണ്ടെന്ന് പറഞ്ഞ് അയാളെ കേസിലേക്ക് വലിച്ചിഴയ്ക്കാനും അതിൽ കുടുക്കാനും തെളിവുകൾ നിരത്താനും ശ്രമിക്കുമ്പോൾ പൊലീസ് അപഹാസ്യരാവുകയാണ്. ജയിലിൽ നിന്നും കേസിലെ മുഖ്യപ്രതി പൾസർ സുനി ദിലീപിന് അയച്ചുവെന്ന് പറയുന്ന കത്ത് എഴുതിയത് സുനി അല്ല. സഹ തടവുകാരൻ വിപിനാണ് കത്തെഴുതിയത്. ഇയാൾ ജയിലിൽ നിന്നും കടത്തിയ കടലാസ് ഉപയോഗിച്ചാണ് കത്തെഴുതിയത്. പൊലീസുകാർ പറഞ്ഞിട്ടാണ് കത്തെഴുതിയതെന്ന് വിപിൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീലേഖ പറയുന്നു.