Kerala
വി.ഡി സതീശനെതിരെ കേസ്; ഗോൾവാൾക്കർ പരാമർശം വസ്തുതാ വിരുദ്ധമെന്ന് ആർഎസ്എസ്
Kerala

വി.ഡി സതീശനെതിരെ കേസ്; ഗോൾവാൾക്കർ പരാമർശം വസ്തുതാ വിരുദ്ധമെന്ന് ആർഎസ്എസ്

Web Desk
|
11 July 2022 8:53 AM GMT

കേസ് കൊടുക്കുമെന്ന് പേടിപ്പിച്ചാൽ കേസ് കൊടുത്തോ, അതിനെതിരെ നിയമപരമായി തന്നെ നീങ്ങിക്കോളാം എന്നായിരുന്നു ഇന്ന് വാർത്താസമ്മേളനത്തിൽ വി.ഡി സതീശൻ അറിയിച്ചത്.

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ ഗോൾവാൾക്കർ പരാമർശത്തിൽ കേസ്. ആർഎസ്എസ് പ്രാന്തചാലക് കെ.കെ ബാലറാമാണ് കണ്ണൂർ മുൻസിഫ് കോടതിയിൽ കേസ് ഫയൽ ചെയ്തത്. സതീശന്റെ പ്രസ്താവന വാസ്തവ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. മുൻ മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമർശത്തെ വിമർശിച്ചുകൊണ്ട് സതീശൻ നടത്തിയ പ്രസ്താവനയാണ് കേസിന് ആധാരം.

ആർ.എസ്.എസ് ആചാര്യനായ ഗോൾവാൾക്കറിന്റെ വിചാരധാര (ബഞ്ച് ഒഫ് തോട്ട്‌സ്) എന്ന പുസ്തകത്തിൽ സജി ചെറിയാൻ പറഞ്ഞ അതേ വാക്കുകൾ കൃത്യമായി പറഞ്ഞിട്ടുണ്ടെന്നായിരുന്നു സതീശന്റെ വാക്കുകൾ. ഇതിനെ തുടർന്ന് ആർഎസ്എസ് സതീശന് നോട്ടീസ് അയച്ചിരുന്നു. സജി ചെറിയാൻ പറഞ്ഞ അതേ വാക്കുകൾ ബഞ്ച് ഒഫ് തോട്ട്‌സിൽ എവിടെയാണെന്ന് അറിയിക്കണം. അതിന് സാധിക്കാത്ത പക്ഷം പ്രസ്താവന പിൻവലിക്കണം. ഇല്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നായിരുന്നു നോട്ടീസിൽ അറിയിച്ചിരുന്നത്.

കേസ് കൊടുക്കുമെന്ന് പേടിപ്പിച്ചാൽ കേസ് കൊടുത്തോ, അതിനെതിരെ നിയമപരമായി തന്നെ നീങ്ങിക്കോളാം എന്നായിരുന്നു ഇന്ന് വാർത്താസമ്മേളനത്തിൽ വി.ഡി സതീശൻ അറിയിച്ചത്. പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. സജി ചെറിയാൻ മന്ത്രിയായിരുന്നപ്പോൾ പറഞ്ഞ വാക്കുകൾ, ഗോൾവാൾക്കർ അദ്ദേഹത്തിന്റെ വിചാരധാരയിൽ പറഞ്ഞ അതേ കാര്യങ്ങൾ തന്നെയാണ്, അതേ ആശയങ്ങൾ തന്നെയാണ് ഒരു വ്യത്യാസവുമില്ലെന്നായിരുന്നു സതീശൻ ആവർത്തിച്ചത്.

Similar Posts