Latest News
സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കില്ല; ഓണ്‍ലൈനായി പങ്കെടുക്കുമെന്ന് ചെന്നിത്തല
Latest News

സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കില്ല; ഓണ്‍ലൈനായി പങ്കെടുക്കുമെന്ന് ചെന്നിത്തല

Shershad
|
20 May 2021 6:12 AM GMT

കോവിഡ് സാഹചര്യത്തില്‍ ആളുകളെ കൂട്ടി സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

പിണറായി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിക്കില്ലെന്ന് രമേശ് ചെന്നിത്തല. കോവിഡ് സാഹചര്യത്തില്‍ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ നേരിട്ട് പങ്കെടുക്കുന്നില്ല. കേരളത്തിലെ സാധാരണ ജനങ്ങള്‍ക്കൊപ്പം ഓണ്‍ലൈനായി സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. വീണ്ടും മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്ന പിണറായി വിജയനെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചതായും ചെന്നിത്തല ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

കോവിഡ് സാഹചര്യത്തില്‍ ആളുകളെ കൂട്ടി സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ആ അഞ്ഞൂറില്‍ ഞങ്ങളില്ലെന്ന പ്രഖ്യാപനവുമായി യുഡിഎഫ് എംഎല്‍എമാര്‍ സോഷ്യല്‍ മീഡിയയില്‍ ക്യാമ്പയിന്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സത്യപ്രതിജ്ഞ ബഹിഷ്‌കരിക്കില്ലെന്ന് ചെന്നിത്തല വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ന് ഉച്ചക്ക് ശേഷം മൂന്നു മണിക്കാണ് രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. സത്യപ്രതിജ്ഞക്ക് മുന്നോടിയായി മുഖ്യമന്ത്രിയും മന്ത്രിമാരും വയലാര്‍ രക്തസാക്ഷി മണ്ഡപത്തിലും വലിയ ചുടുകാട്ടിലും ആദരമര്‍പ്പിച്ചിരുന്നു.

Similar Posts