ക്ലബ്ഹൗസ് ഐക്കണിലെ വനിതയെ അറിയുമോ?
|സോഷ്യല്‍ മീഡിയ രംഗത്തെ പുതിയ തരംഗമാണ് ക്ലബ്ഹൗസ്
സോഷ്യല്‍ മീഡിയ രംഗത്തെ പുതിയ താരം ക്ലബ്ഹൗസ് ആപ്പാണ്. ശബ്ദം മാധ്യമമായ ഈ ആപ്ലിക്കേഷന്‍ 2020 മാര്‍ച്ചിലാണ് ഐ.ഒ.എസ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തനമാരംഭിച്ചത്. എന്നാല്‍ ഈ വര്‍ഷം മെയ് 21ന് ആന്‍ഡ്രോയിഡ് വേര്‍ഷന്‍ എത്തിയതോടെയാണ് ഈ ആപ്പ് ജനകീയമായത്. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സോഷ്യല്‍ മീഡിയ ആപ്പ് ക്ലബ്ഹൗസ് ആണ്.
എല്ലാ ആപ്പിനും അതിന്റെ ലോഗോ ഉണ്ടാവും. അതാണ് പലപ്പോഴും ആപ്പിന് ഐക്കണായി വരാറുള്ളത്. എന്നാല്‍ ക്ലബ്ഹൗസിന്റെ ഐക്കണ്‍ ഒരു വനിതയാണ്. ആരാണ് ഈ സ്ത്രീയെന്നാണ് പലരും ചോദിക്കുന്നത്. ജപ്പാന്‍ വംശജയായ ഈ യു.എസുകാരിയുടെ പേര് ഡ്രൂ കറ്റോക എന്നാണ്. നിരവധി രംഗത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ഇവര്‍ ഒരു ബഹുമുഖ പ്രതിഭയാണ്.
വിഷ്വല്‍ ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ കലാരംഗത്തും ടെക്‌നോളജി രംഗത്തും അറിയപ്പെടുന്ന ഇവര്‍ മനുഷ്യാവകാശ പ്രവര്‍ത്തനത്തിലും സജീവമാണ്. സ്ത്രീകളുടെ അവകാശങ്ങള്‍, ഏഷ്യാക്കാരോടുള്ള അമേരിക്കക്കാരുടെ വിവേചനം തുടങ്ങിയ സാമൂഹിക പ്രശ്‌നങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള ഇവര്‍ ക്ലബ്ഹൗസിന്റെ ആദ്യകാല ഉപയോക്താക്കളില്‍ ഒരാളാണ്.
13 മില്യന്‍ ഉപയോക്താക്കളുള്ള ക്ലബ്ഹൗസിന്റെ ലോഗോ ഇനി ഏതാനും ആഴ്ചകള്‍ ഇവരുടെ മുഖമായിരിക്കും. ക്ലബ്ഹൗസ് ഐക്കണായി തിരഞ്ഞെടുക്കപ്പെടുന്ന ഏട്ടാമത്തെ വ്യക്തിയും ആദ്യത്തെ എഷ്യാ-അമേരിക്കന്‍ വനിതയുമാണ് കറ്റോക.