Latest News
പൃഥ്വിരാജോ ഞാനോ ആ സംഭാഷണത്തിന്റെ മറ്റ് വശങ്ങളെക്കുറിച്ച് ചിന്തിച്ചിരുന്നില്ല; ഭിന്നശേഷിക്കാരെ അവഹേളിച്ചതല്ല, മാപ്പുചോദിച്ച് ഷാജി കൈലാസ്
Latest News

'പൃഥ്വിരാജോ ഞാനോ ആ സംഭാഷണത്തിന്റെ മറ്റ് വശങ്ങളെക്കുറിച്ച് ചിന്തിച്ചിരുന്നില്ല'; ഭിന്നശേഷിക്കാരെ അവഹേളിച്ചതല്ല, മാപ്പുചോദിച്ച് ഷാജി കൈലാസ്

Web Desk
|
10 July 2022 7:34 AM GMT

ശരിതെറ്റുകളെക്കുറിച്ചോ അതിന്റെ വൈകാരികമായ പ്രത്യാഘാതങ്ങളെക്കുറിച്ചോ ഓർമിക്കാതെ തീർത്തും സാധാരണനായ ഒരു മനുഷ്യൻ ഒരുനിമിഷത്തെ വികാരവിക്ഷോഭത്തിൽ പറഞ്ഞ വാക്കുകൾ മാത്രമായി അതിനെ കാണുവാൻ അപേക്ഷിക്കുന്നു.

പൃഥ്വിരാജ് നായകനായ കടുവ എന്ന ചിത്രത്തിൽ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തിൽ പരാമർശം വന്നതിൽ മാപ്പുചോദിച്ച് സംവിധായകനായ ഷാജി കൈലാസ്. ആ സംഭാഷണശകലം ഒരു കൈപ്പിഴയാണ്. മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണം എന്ന് മാത്രമാണ് അഭ്യർഥിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ചിത്രത്തിൽ ഭിന്നശേഷിക്കാരെ അവഹേളിച്ചെന്ന പരാതിയിൽ സംവിധായകൻ, നിർമാതാക്കളായ സുപ്രിയ മേനോൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർക്ക് നോട്ടീസ് അയക്കാൻ സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്. പഞ്ചാപകേശൻ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംവിധായകന്റെ ഖേദപ്രകടനം.

ഷാജി കൈലാസിന്റെ വാക്കുകൾ ഇങ്ങനെ

ഞാൻ സംവിധാനം ചെയ്ത 'കടുവ' എന്ന സിനിമയിൽ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തിൽ പരാമർശം വന്നതിൽ നിർവ്യാജം ക്ഷമചോദിക്കുന്നു. ആ സംഭാഷണശകലം ഒരു കൈപ്പിഴയാണ്. മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണം എന്ന് മാത്രമാണ് അഭ്യർഥിക്കാനുള്ളത്. അങ്ങനെയൊരു സംഭാഷണം എഴുതുമ്പോൾ തിരക്കഥാകൃത്ത് ജിനുവോ അത് പറയുമ്പോൾ നായകനായ പൃഥ്വിരാജോ ആ സീൻ ഒരുക്കുമ്പോൾ ഞാനോ അതിന്റെ മറ്റ് വശങ്ങളെക്കുറിച്ച് ചിന്തിച്ചില്ല എന്നതാണ് സത്യം. വില്ലന്റെ ചെയ്തികളുടെ ക്രൂരത എത്രത്തോളമുണ്ടെന്ന് അയാളെയും കാണികളെയും ബോധ്യപ്പെടുത്തണം എന്ന ഉദ്ദേശ്യം മാത്രമാണ് അതിന് പിന്നിലുണ്ടായിരുന്നത്.

നമ്മൾ ചെയ്യുന്നതിന്റെ ഫലം നമ്മുടെ അനന്തര തലമുറയാണ് അനുഭവിക്കുകയെന്ന വാക്കുകൾ കാലങ്ങളായി നാം കേൾക്കുന്നതാണ്. ('പിതാക്കന്മാർ പച്ചമുന്തിരിങ്ങ തിന്നു,മക്കളുടെ പല്ല് പുളിച്ചു' എന്ന ബൈബിൾവചനം ഓർമിക്കുക) മക്കളുടെ കർമഫലത്തെക്കുറിച്ച് പറയുമ്പോഴൊക്കെ മനുഷ്യർ അത് ആവർത്തിക്കുന്നു. ഈ സിനിമയിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തിൽ നിന്നുണ്ടായതും മനുഷ്യസഹജമായ ആ വാക്കുകളായിരുന്നു. ശരിതെറ്റുകളെക്കുറിച്ചോ അതിന്റെ വൈകാരികമായ പ്രത്യാഘാതങ്ങളെക്കുറിച്ചോ ഓർമിക്കാതെ തീർത്തും സാധാരണനായ ഒരു മനുഷ്യൻ ഒരുനിമിഷത്തെ വികാരവിക്ഷോഭത്തിൽ പറഞ്ഞ വാക്കുകൾ മാത്രമായി അതിനെ കാണുവാൻ അപേക്ഷിക്കുന്നു.

ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളുടെ ചെയ്തികളുടെ ഫലമാണ് അവർ അനുഭവിക്കുന്നത് എന്ന് ഇതിന് ഒരിക്കലും ഇതിനർഥമില്ല. ഞങ്ങളുടെ വിദൂരചിന്തകളിൽപ്പോലും ഒരിക്കലും അങ്ങനെയൊന്നില്ല. മക്കളെ സ്നേഹിക്കുന്ന ഒരച്ഛനാണ് ഞാനും. അവർ ചെറുതായൊന്ന് വീഴുമ്പോൾപ്പോലും എനിക്ക് വേദനിക്കാറുണ്ട്. അപ്പോൾ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളുടെ മാനസികാവസ്ഥ മറ്റാരും പറയാതെ എനിക്ക് മനസിലാക്കാനാകും. 'കടുവ'യിലെ വാക്കുകൾ മുറിവേൽപിച്ചു എന്ന് കാട്ടി അച്ഛനമ്മമാരുടെ കുറിപ്പുകൾ കാണാനിടയായി. നിങ്ങൾക്ക് ലോകത്തിലേറ്റവും വിലപ്പെട്ടത് നിങ്ങളുടെ മക്കളാണെന്നും അവർക്ക് വേണ്ടിയാണ് നിങ്ങൾ ജീവിക്കുന്നതെന്നും മനസിലാക്കിക്കൊണ്ടുതന്നെ പറയട്ടെ....മാപ്പ്... നിങ്ങൾക്കുണ്ടായ മനോവിഷമത്തിന് ഈ വാക്കുകൾ പരിഹാരമാകില്ല എന്നറിഞ്ഞുകൊണ്ടുതന്നെ ഒരിക്കൽക്കൂടി ക്ഷമാപണം..

ഭിന്നശേഷി കുട്ടികൾ ജനിക്കുന്നത് അവരുടെ മാതാപിതാക്കൾ ചെയ്ത പാപത്തിന്റെ ഫലമാണ് എന്ന അർഥത്തിലാണ് ചിത്രത്തിലെ നായകനായ പൃഥ്വിരാജിന്റെ സംഭാഷണം ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് 216-ലെ ഭിന്നശേഷി അവകാശനിയമം 92ാം വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യമാണെന്ന് ചൂണ്ടിക്കാട്ടി പരിവാർ കേരള എന്ന ഭിന്നശേഷി സംഘടന ജനറൽ സെക്രട്ടറി ആർ. വിശ്വനാഥനായിരുന്നു പരാതി നൽകിയത്. കൂടാതെ ഭിന്നശേഷിക്കാരായ നിരവധി കുട്ടികളുടെ മാതാപിതാക്കളും ഈ സംഭാഷണത്തിനെതിരെ സോഷ്യൽമീഡിയയിലൂടെ രംഗത്ത് എത്തിയിരുന്നു. തുടർന്ന് കടുത്ത വിമർശനങ്ങളായിരുന്നു ചിത്രത്തിനെതിരെ ഉയർന്നത്.

Similar Posts