Football
അസുഖ ലീവെടുത്ത് യൂറോ കാണാൻ പോയി; ടി.വിയിൽ വന്നതോടെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു
Football

അസുഖ ലീവെടുത്ത് യൂറോ കാണാൻ പോയി; ടി.വിയിൽ വന്നതോടെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

André
|
10 July 2021 3:10 AM GMT

ഇംഗ്ലണ്ടിന്റെ വെള്ള ജഴ്‌സിയും ദേശീയ പതാകയുമായി സ്‌റ്റേഡിയത്തിലിരിക്കുന്ന നിനയെ ടി.വി ദൃശ്യങ്ങളിൽ തിരിച്ചറിയാൻ സഹപ്രവർത്തകർക്കും മേലുദ്യോഗസ്ഥർക്കും പ്രയാസമുണ്ടായില്ല.

ഫുട്‌ബോളിനോട് അടങ്ങാത്ത പ്രണയമാണെങ്കിൽ സ്വന്തം ടീം കളിക്കുന്നത് കാണാൻ അസുഖമാണെന്നു കള്ളംപറഞ്ഞ് ലീവെടുത്തെന്നൊക്കെയിരിക്കും. എന്നാൽ, സ്റ്റേഡിയത്തിലിരിക്കുന്ന നിങ്ങളുടെ ദൃശ്യം ടി.വി ക്യാമറകൾ ഒപ്പിയെടുക്കുകയും അത് ബോസ് കാണുകയും ചെയ്താലോ? അത്തരമൊരു ദുർവിധിയാണ് യൂറോകപ്പ് സെമിഫൈനൽ കാണാൻ പോയ 37-കാരിയായ നിന ഫാറൂഖി എന്ന ഇംഗ്ലണ്ട് ആരാധികയ്ക്ക് വന്നുപെട്ടത്. നിനയുടെ 'അസുഖം' സ്‌പോർട്‌സ്മാൻ സ്പിരിറ്റിലെടുക്കാൻ അവരുടെ മേലുദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല. അതോടെ, ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസറായ നിനയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.

ബ്രാഡ്‌ഫോഡ് കൗണ്ടിയിലെ ഇൽക്ലേയിലെ ഒരു കമ്പനിയിലാണ് നിന ഫാറൂഖ് ജോലി ചെയ്തിരുന്നത്. നിനയുടെ ഒരു സുഹൃത്തിന് നറുക്കെടുപ്പിലൂടെ ഇംഗ്ലണ്ടും ഡെൻമാർക്കും തമ്മിലുള്ള സെമിഫൈനൽ മത്സരത്തിനുള്ള ടിക്കറ്റുകൾ ലഭിച്ചപ്പോൾ അവർ ഏറെ ആഹ്ലാദിച്ചു. പക്ഷേ, ഓഫീസിൽ വേണ്ടത്ര സ്റ്റാഫില്ലാത്തതിനാൽ ലീവെടുക്കാനാവില്ലെന്നറിഞ്ഞതോടെ നിനയുടെ ആഹ്ലാദം പൊടുന്നനെ നിരാശയ്ക്ക് വഴിമാറുകയും ചെയ്തു.

സ്വന്തം ടീമിന്റെ കളി, അതും യൂറോ കപ്പ് സെമിഫൈനൽ മത്സരം സ്റ്റേഡിയത്തിലിരുന്ന് കാണാനുള്ള അവസരം പാഴാക്കാൻ നിന ഒരുക്കമായിരുന്നില്ല. അതോടെയാണ് അവർ അസുഖമാണെന്നു പറഞ്ഞ് ലീവെടുത്തത്. വെംബ്ലി സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ 66,000-ലേറെ പേർക്കൊപ്പം മുഖത്ത് ഇംഗ്ലണ്ട് പതാകയുടെ ചായങ്ങളണിഞ്ഞ് അവരും ഇടംപിടിച്ചു.

ടെലിവിഷൻ ക്യാമറകൾ പക്ഷേ, പണിപറ്റിച്ചു. മത്സരത്തിനിടയിലെ സുഹൃത്തിനൊപ്പം ടീമിനു വേണ്ടി ആർത്തുവിളിക്കുന്ന നിനയുടെ ദൃശ്യം ലൈവായി ടി.വിയിൽ വന്നു. ഇംഗ്ലണ്ടിന്റെ വെള്ള ജഴ്‌സിയും ദേശീയ പതാകയുമായി സ്‌റ്റേഡിയത്തിലിരിക്കുന്ന അവരെ തിരിച്ചറിയാൻ സഹപ്രവർത്തകർക്കും മേലുദ്യോഗസ്ഥർക്കും പ്രയാസമുണ്ടായില്ല. ഹാഫ് ടൈം ആയപ്പോഴേക്ക്, ഇക്കാര്യം അറിയിച്ച് സഹപ്രവർത്തകർ നിനയ്ക്ക് മെസ്സേജയക്കുകയും ചെയ്തു.

പിറ്റേന്നു രാവിലെ 'ഇനി ജോലിക്കു വരേണ്ടതില്ല' എന്ന സന്ദേശമാണ് മേലുദ്യോഗസ്ഥരിൽ നിന്ന് നിനയ്ക്ക് ലഭിച്ചത്.

'ഞാൻ കളി കാണാനാണ് പോയതെന്ന് എന്റെ മേലുദ്യോഗസ്ഥർക്ക് മനസ്സിലായി. അവർ അക്കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ ഞാൻ സമ്മതിക്കുകയും ചെയ്തു.' - ദി ടെലിഗ്രാഫ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ നിന ഫാറൂഖി പറഞ്ഞു.

'പക്ഷേ, അവർ എന്നോട് സിംപതി കാണിച്ചില്ല. അസുഖമാണെന്ന് കള്ളംപറഞ്ഞ് ലീവെടുത്തതിന് എന്നെ പുറത്താക്കാനായിരുന്നു അവരുടെ തീരുമാനം. എനിക്ക് ചെറിയ വിഷമമൊക്കെയുണ്ട്. ജോലി പോവാൻ ആരും ഇഷ്ടപ്പെടില്ലല്ലോ. പക്ഷേ, യൂറോ കപ്പ് സെമിയിൽ ഇംഗ്ലണ്ട് കളിക്കുന്നതു കാണാനുള്ള അവസരം നഷ്ടപ്പെടുത്തുക എന്നതും സങ്കടകരമാണ്. ഇത്തരമൊരു അവസരം ഇനി വരികയാണെങ്കിലും ഞാൻ ഇതുതന്നെയാവും ചെയ്യുക.' നിന പറഞ്ഞു.

ലൈവ് കവറേജിനിടെ മാത്രമല്ല, മറ്റ് പരിപാടികളിലും നിന ഫാറൂഖിയുടെ ആഘോഷദൃശ്യങ്ങൾ സംപ്രേഷണം ചെയ്തു.

'വാർത്തകളിലെല്ലാം ഞങ്ങളെ കാണിച്ചിരുന്നു. ലോകത്ത് എല്ലായിടത്തും ടി.വിയിൽ എന്റെ മുഖം കാണിച്ചു. ഓസ്‌ട്രേലിയയിലും അമേരിക്കയിലുമുള്ള സുഹൃത്തുക്കൾ എന്നെ ടി.വിയിൽ കണ്ടകാര്യം അറിയിച്ചിരുന്നു. 1996-ൽ ഗരത് സൗത്ത്‌ഗേറ്റ് പെനാൽട്ടി പാഴാക്കിയപ്പോൾ എന്റെ അമ്മ സോഫയിൽ ഇരുന്ന് കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇത്തവണ ലഭിച്ച സുവർണാവസരം നഷ്ടപ്പെടുത്താൻ എനിക്കാകുമായിരുന്നില്ല. ഫുട്‌ബോളെന്നാൽ എനിക്ക് ജീവനാണ്.' - നിന പറഞ്ഞു.

Similar Posts