കലങ്ങിയ കണ്ണുകളുമായി ഗ്രില്ലുകൾക്കിടയിൽ മെഹുൽ ചോക്സി: ചിത്രങ്ങൾ പുറത്ത്
|ഡൊമിനിക്കയിലെ ജയിലില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ആന്റിഗ്വാ ന്യൂസ്റൂം എന്ന മാധ്യമം പുറത്തുവിട്ടത്.
കഴിഞ്ഞ ദിവസം ഡൊമിനിക്കയിൽ അറസ്റ്റിലായ വജ്രവ്യാപാരി മെഹുൽ ചോക്സിയുടെ ദൃശ്യങ്ങള്‍ പുറത്ത്. കലങ്ങിയ കണ്ണുകളുമായി ഗ്രില്ലുകള്‍ക്കിടയില്‍ നില്ക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഡൊമിനിക്കയിലെ ജയിലില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ആന്റിഗ്വാ ന്യൂസ്റൂം എന്ന മാധ്യമം പുറത്തുവിട്ടത്. മെഹുല്‍ ചോക്സിയ്ക്ക് ക്രൂര മര്‍ദ്ദനമേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
വായ്പാത്തട്ടിപ്പു നടത്തി ഇന്ത്യ വിട്ട ശേഷം കരീബിയൻ രാജ്യമായ ആന്റിഗ്വയിൽ കഴിയുന്നതിനിടെ ചോക്സി മുങ്ങിയിരുന്നു. പിന്നാലെയാണ് ഇദ്ദേഹത്തെ ഡൊമിനിക്കയിൽ നിന്ന് പിടികൂടുന്നത്. ഡൊമിനിക്കയിലെ കോടതിയില്‍ ചോക്സിയെ വിട്ടു കിട്ടാന്‍ അഭിഭാഷകര്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. പരാതി പരിഗണിച്ച കോടതി ഇയാളെ ഡൊമിക്കയില് നിന്ന് ജൂണ്‍ 2 വരെ ഏതെങ്കിലും രാജ്യത്തേക്ക് തിരിച്ചയക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു. നിലവില്‍ ഒരു ക്വാറന്റൈന് കേന്ദ്രത്തിലാണ് ചോക്സി.
13,500 കോടി രൂപ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നു തട്ടിയെടുത്ത് മുങ്ങിയ കേസില്‍ ഇന്ത്യ തിരയുന്ന പ്രതിയാണിയാള്‍. 2018 ജനുവരി മുതല്‍ താമസിച്ചിരുന്നത് ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡയില്‍ ആയിരുന്നു. രേഖകള്‍ ഇല്ലാതെ അനധികൃതമായി ഡൊമിനിക്കയില്‍ പ്രവേശിച്ച കേസില്‍ ബുധനാഴ്ചയാണിയാള് അറസ്റ്റിലാകുന്നത്. ഇന്ത്യയുമായി കുറ്റവാളി കൈമാറ്റ കരാർ ഇല്ലാത്ത ആന്റിഗ്വയിലാണ് 2018 മുതൽ താമസം. അതേസമയം ഡൊമിനിക്കയിൽനിന്ന് ആന്റിഗ്വയ്ക്കു കൈമാറാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഇന്ത്യയിലേക്ക് നാടു കടത്തുന്നതുമായി ബന്ധപ്പെട്ട കേസും പൗരത്വം സംബന്ധിച്ച മറ്റൊരു കേസും ആന്റിഗ്വയിൽത്തന്നെയുണ്ട്.