Kerala
മാനസ കൊലപാതകം; ബിഹാറില്‍ അറസ്റ്റിലായ പ്രതികള്‍ തോക്ക് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
Kerala

മാനസ കൊലപാതകം; ബിഹാറില്‍ അറസ്റ്റിലായ പ്രതികള്‍ തോക്ക് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

Web Desk
|
8 Aug 2021 7:30 AM GMT

മെഡിക്കല്‍ വിദ്യാര്‍ഥി മാനസയെ വെടിവെച്ചു കൊന്ന കേസില്‍ അറസ്റ്റിലായ പ്രതികള്‍ തോക്കുപയോഗിച്ച് പരിശീലിക്കുന്ന ദൃശ്യങ്ങള്‍ മീഡിയവണിന്

മെഡിക്കല്‍ വിദ്യാര്‍ഥി മാനസയെ വെടിവെച്ചു കൊന്ന കേസില്‍ അറസ്റ്റിലായ പ്രതികള്‍ തോക്കുപയോഗിച്ച് പരിശീലിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മാനസ കൊലപാതക കേസിൽ രഖിലിന് തോക്ക് കൈമാറിയ പ്രതികളെ കഴിഞ്ഞ ദിവസം ബിഹാറില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ തോക്കുപയോഗിച്ച് പരിശീലനം നടത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

കേസില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് വൈകിട്ട് ആറു മണിയോടെ കൊച്ചിയിൽ എത്തിക്കും. വിമാന മാർഗമാണ് അന്വേഷണ സംഘം പ്രതികളുമായി ബിഹാറില്‍ നിന്നും കൊച്ചിയിലേക്ക് വരുന്നത്. പ്രതികളെ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ ആലുവയിലെ ഓഫീസിൽ ഹാജരാക്കും.രഖിലിന് തോക്ക് കൈമാറിയ സോനുകുമാര്‍ മോദി, ടാക്സി ഡ്രൈവർ മനീഷ് കുമാര്‍ വര്‍മ എന്നിവരെയാണ് ബിഹാര്‍ പൊലീസിന്‍റെ സഹായത്തോടെ പൊലീസ് അറസ്റ്റ് ചെയ്തത്. ബിഹാറിൽ തോക്ക് വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് സോനു എന്നാണ് വിവരം.

അതിസാഹസികമായാണ് രഖിലിന് തോക്ക് വില്‍പ്പന നടത്തിയ ബിഹാര്‍ സ്വദേശികളെ പൊലീസ് പിടികൂടിയത് . ബിഹാര്‍-കേരള പൊലീസ് സംഘം സംയുക്തമായാണ് മുന്‍ഗര്‍ സ്വദേശി സോനു കുമാര്‍ മോദിയെ അറസ്റ്റ് ചെയ്തത്. രഖിലിന്‍റെ സുഹൃത്തില്‍ നിന്നാണ് തോക്ക് നല്‍കിയ സോനുകുമാറിനെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. അറുപതിനായിരത്തിലേറെ വില വരുന്നതാണ് പിസ്റ്റളാണ് രഖില്‍ കൊലക്കുപയോഗിച്ചതെന്ന് പൊലീസ് അറിയിച്ചു.

ബിഹാറില്‍ കള്ളത്തോക്ക് ലഭിക്കുമെന്ന് ഇതര സംസ്ഥാന തൊഴിലാളികളായ സുഹൃത്തുക്കളില്‍ നിന്നും മനസ്സിലാക്കിയ രഖില്‍ സുഹൃത്തിന്‍റെ കൂടെയാണ് ബിഹാറിലേക്ക് പോയത്. ബിഹാറില്‍ വെച്ച് ഊബര്‍ ടാക്സി ഡ്രൈവറായ ഒരാളെ പരിചയപ്പെട്ടതായും ഇയാളാണ് തോക്ക് വില്‍പ്പന നടത്തുന്ന സോനുവിലേക്ക് രഖിലിനെ എത്തിച്ചതെന്നും പൊലീസ് പറയുന്നു. പട്നയില്‍ നിന്നും ഊബര്‍ ടാക്സി ഡ്രൈവറുടെ സഹായത്തോടെ മുന്‍ഗര്‍ ജില്ലയില്‍ എത്തിയ രഖില്‍ ഖപ്ര താര ഗ്രാമത്തില്‍ നിന്നാണ് തോക്ക് കൈവശപ്പെടുത്തുന്നത്.

സോനുകുമാറിനെ തിരഞ്ഞെത്തിയ പൊലീസ് സംഘത്തെ കൂട്ടാളികളോടൊത്ത് തടയാന്‍ ശ്രമിച്ചതായും പൊലീസ് വെടിയുതിര്‍ത്തതോടെ സംഘം ചിതറി ഓടി കടന്നുകളഞ്ഞതായും പൊലീസ് പറഞ്ഞു. പിന്നീട് ഇന്നലെ രാവിലെയാണ് പൊലീസ് സോനുകുമാറിനെ അറസ്റ്റു ചെയ്യുന്നത്. അറസ്റ്റു ചെയ്ത സോനുകുമാറിനെ മുൻഗർ ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഇന്നലെ രാവിലെ പത്തിന് ഹാജരാക്കി. തുടർന്നു മജിസ്ട്രേട്ട് അശ്വിനി കുമാർ കോതമംഗലം ജു‍ഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലേക്ക് ട്രാൻസിറ്റ് വാറന്റ് അനുവദിച്ചിരുന്നു.

Similar Posts