Latest News
സർക്കാർ നിരോധിക്കാത്ത സംഘടനയുടെ യോഗങ്ങളിൽ പങ്കെടുക്കുന്നത് തീവ്രവാദ കുറ്റമല്ല: കർണാടക ഹൈക്കോടതി
Latest News

സർക്കാർ നിരോധിക്കാത്ത സംഘടനയുടെ യോഗങ്ങളിൽ പങ്കെടുക്കുന്നത് 'തീവ്രവാദ കുറ്റമല്ല': കർണാടക ഹൈക്കോടതി

ijas
|
27 April 2022 10:11 AM GMT

അൽ-ഹിന്ദ് ഗ്രൂപ്പ് ഒരു തീവ്രവാദ സംഘടനയല്ലെന്നും കുറ്റാരോപിതനെതിരെ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായും കോടതി വ്യക്തമാക്കി

കര്‍ണാടക: സർക്കാർ പ്രഥമദൃഷ്ട്യാ നിരോധിക്കാത്ത സംഘടനയുടെ യോഗങ്ങളിൽ പങ്കെടുക്കുന്നത് യു.എ.പി.എ നിയമ പ്രകാരം 'തീവ്രവാദ' കുറ്റമല്ലെന്ന് കർണാടക ഹൈക്കോടതി. തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി ആരോപിക്കപ്പെടുന്ന അൽ-ഹിന്ദ് ഗ്രൂപ്പ് അംഗമായ സലീം ഖാന് ജാമ്യം അനുവദിച്ചാണ് കർണാടക ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അംഗങ്ങളായ ജസ്റ്റിസ് ബി വീരപ്പ, ജസ്റ്റിസ് എസ് രാച്ചെയ്യ എന്നിവരുടെ വിധി.

യു.എ (പി) നിയമപ്രകാരം നിരോധിത സംഘടനയല്ലാത്തവരുടെ യോഗങ്ങളിൽ പങ്കെടുക്കുന്നതും ജിഹാദി മീറ്റിംഗുകളിൽ പങ്കെടുക്കുന്നതും പരിശീലന സാമഗ്രികൾ വാങ്ങുന്നതും സഹ അംഗങ്ങൾക്കായി പാര്‍പ്പിടങ്ങള്‍ ഒരുക്കുന്നതും കുറ്റകരമല്ലെന്ന് കര്‍ണാടക ഹൈക്കോടതി നിരീക്ഷിച്ചു.

അതെ സമയം കേസില്‍ കുറ്റാരോപിതനായ മറ്റൊരു അംഗം മുഹമ്മദ് സെയ്ദിന് ജാമ്യം അനുവദിക്കാന്‍ കോടതി വിസ്സമ്മതിച്ചു. തീവ്രവാദ സംഘത്തിലെ അംഗമെന്ന നിലയിൽ മുഹമ്മദ് സെയ്ദിന് കുറ്റകൃത്യത്തിൽ സജീവമായ പങ്കാളിത്തവും ക്രിമിനൽ പ്രവർത്തനത്തിനും അക്രമ പ്രവർത്തനങ്ങൾക്കുമായി മറ്റ് പ്രതികളുമായി ഗൂഢാലോചന നടത്തിയതും ഡാർക്ക് വെബിലൂടെ അജ്ഞാത ഐസിസ് പ്രവര്‍ത്തകനുമായി ബന്ധപ്പെട്ടതിന് കേസ് രജിസ്റ്റര്‍ ചെയ്ത മെഹബൂബ് പാഷ ഉൾപ്പെടെയുള്ള മറ്റ് പ്രതികളുമായി ബന്ധമുണ്ടായിരുന്നതായും കുറ്റപത്രം ചൂണ്ടിക്കാട്ടി കോടതി വ്യക്തമാക്കി. മുഹമ്മദ് സെയ്ദിന് കോടതി ജാമ്യം നിഷേധിക്കുകയും ചെയ്തു.

കോടതി വിധിക്കെതിരെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രംഗത്തുവന്നു. 11ഉം 20ഉം പ്രതികൾ 1, 2 പ്രതികൾക്കൊപ്പം നിരവധി ഗൂഢാലോചന യോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്നും കുറ്റങ്ങളിൽ പ്രതികൾക്ക് കൂടി പങ്കുണ്ടെന്നും സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി പ്രസന്നകുമാർ കോടതിയില്‍ വാദിച്ചു. എന്നാല്‍ കേസിൽ കുറ്റാരോപിതനായ സലീം ഖാനെതിരെ കുറ്റപത്രത്തില്‍ പറയും പോലെയുള്ള തീവ്രവാദ പ്രവർത്തനത്തിനോ, തീവ്രവാദ സംഘടനയിലോ, തീവ്രവാദത്തെ പരിശീലിപ്പിക്കുന്നതിനോ ഉള്ള പങ്കാളിത്തത്തെ കുറിച്ചോ ഒരു തെളിവുകളും പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടില്ലെന്ന് കോടതി പറഞ്ഞു. അൽ-ഹിന്ദ് ഗ്രൂപ്പ് ഒരു തീവ്രവാദ സംഘടനയല്ലെന്നും കുറ്റാരോപിതനെതിരെ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായും കോടതി വ്യക്തമാക്കി.

Merely Attending 'Jihadi' Meetings Of An Organization Which Is Not Banned By Govt Prima Facie Not 'Terrorist Act' Under UAPA: Karnataka High Court

Similar Posts