Latest News
ചെന്നിത്തലയോ സതീശനോ? എല്ലാ കണ്ണുകളും എ.കെ. ആന്റണിയിലേക്ക്
Latest News

ചെന്നിത്തലയോ സതീശനോ? എല്ലാ കണ്ണുകളും എ.കെ. ആന്റണിയിലേക്ക്

Shershad
|
20 May 2021 10:51 AM GMT

കേരളത്തിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിന് അതീവ നിര്‍ണായകമാണ് പ്രതിപക്ഷ നേതാവിന്റെ കാര്യത്തിലുള്ള ഹൈക്കമാന്‍ഡ് തീരുമാനം. പ്രതിപക്ഷ നേതാവ്, കെ.പി.സി.സി പ്രസിഡന്റ് പദവികളിലേക്ക് ഉയര്‍ത്തിക്കാട്ടാന്‍ ഒരു പേരുപോലുമില്ലാത്ത നേതൃശൂന്യത എ ഗ്രൂപ്പിനുണ്ട്.

സംസ്ഥാനത്തെ പ്രതിപക്ഷ നേതാവിനെ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. കേരളത്തിലെ നേതാക്കളുടെയും ജനപ്രതിനിധികളുടെയും അഭിപ്രായം ആരാഞ്ഞ കേന്ദ്ര നിരീക്ഷകര്‍ ഡല്‍ഹിയിലെത്തിക്കഴിഞ്ഞു. രമേശ് ചെന്നിത്തലയോ വി.ഡി സതീശനോ എന്ന കാര്യത്തില്‍ തീരുമാനമെടുത്താല്‍ മാത്രം മതി. കെ.സി.വേണുഗോപാല്‍, കെ.മുരളീധരന്‍, കെ.സുധാകരന്‍, ശശി തരൂര്‍, വി.എം.സുധീരന്‍ തുടങ്ങിയ നേതാക്കളുടെ വലിയ നിര വി.ഡി സതീശനു വേണ്ടി നിലയുറപ്പിച്ചിരിക്കെ എ.കെ. ആന്റണിയുടെ നിലപാട് നിര്‍ണ്ണായകമാവുകയാണ്.

ഐ ഗ്രൂപ്പിനെ നയിക്കുന്ന രമേശ് ചെന്നിത്തലയെ ഐ ഗ്രൂപ്പുകാരന്‍ തന്നെയായ വി.ഡി.സതീശന്‍ മറികടക്കുന്നതിന് തടയിടാന്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ എ വിഭാഗം രംഗത്തെത്തിയത് കൗതുകകരമാണ്. എന്നാല്‍ ഷാഫി പറമ്പില്‍, ടി.സിദ്ദീഖ്, പി.സി.വിഷ്ണുനാഥ് തുടങ്ങിയ എ വിഭാഗം എം.എല്‍.എമാര്‍ നേതൃമാറ്റത്തെ പിന്തുണക്കുന്നവരാണ്. മാറ്റത്തിനായുള്ള പ്രവര്‍ത്തകരുടെ ശക്തമായ വികാരം ഒരു വശത്തു നില്‍ക്കെ, ഉമ്മന്‍ ചാണ്ടിയുടെ നിലപാട് ഇവരെ ധര്‍മ്മസങ്കടത്തിലാക്കുന്നുണ്ട്.

ഹൈക്കമാന്റ് നടത്തിയ ഹിതപരിശോധനയില്‍ നേതൃമാറ്റം എന്ന ആശയത്തിനു മുന്‍തൂക്കം ലഭിച്ചിരുന്നു. എന്നാല്‍ വി.ഡി സതീശന്റെ പേര് സ്പഷ്ടമായി സൂചിപ്പിക്കാത്ത മുഴുവന്‍ പേരെയും ഏകോപിപ്പിച്ച് രമേശിനനുകൂലമായി മാറ്റാന്‍ ഉമ്മന്‍ ചാണ്ടി നേരിട്ട് രംഗത്തുണ്ട്. അടുത്ത മണിക്കൂറുകള്‍ അതു കൊണ്ടു തന്നെ നിര്‍ണ്ണായകമാണ്.

കേരളത്തിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിന് അതീവ നിര്‍ണായകമാണ് പ്രതിപക്ഷ നേതാവിന്റെ കാര്യത്തിലുള്ള ഹൈക്കമാന്‍ഡ് തീരുമാനം. പ്രതിപക്ഷ നേതാവ്, കെ.പി.സി.സി പ്രസിഡന്റ് പദവികളിലേക്ക് ഉയര്‍ത്തിക്കാട്ടാന്‍ ഒരു പേരുപോലുമില്ലാത്ത നേതൃശൂന്യത എ ഗ്രൂപ്പിനുണ്ട്. ഹൈക്കമാന്റിലെ പ്രബലനായ കെ.സി. വേണുഗോപാല്‍ വിഷയത്തില്‍ നേരിട്ട് കക്ഷി ചേര്‍ന്നതിനാല്‍ എ.കെ. ആന്റണിയുടെ നിലപാട് നിര്‍ണ്ണായകമാവും.

കുറേക്കാലമായി സംസ്ഥാന കോണ്‍ഗ്രസിലെ തര്‍ക്കങ്ങളില്‍ നിന്നും ആന്റണി സുരക്ഷിത അകലം പാലിച്ചാണ് നീങ്ങുന്നത്. രമേശും ഉമ്മന്‍ ചാണ്ടിയും ചേര്‍ന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് ഭദ്രമായി എന്ന പതിവു പ്രതീതി ഇരുവരും ആന്റണിക്കു മുന്നില്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് നേരിടുന്ന ദയനീയ പരിസ്ഥിതിയില്‍ ഏട്ടിലെ പശു പുല്ല് തിന്നില്ല എന്നു തിരിച്ചറിഞ്ഞ് എ.കെ. ആന്റണി തന്റെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന ഉറച്ച നിലപാടിലേക്ക് പോകുമോ എന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു.


Similar Posts