Latest News
ഭരണഘടനാ വിമർശനം തെറ്റാണെന്ന് കരുതുന്നില്ല; സജി ചെറിയാൻ അവതരിപ്പിച്ച രീതിയും ഭാഷയും തെറ്റായിരുന്നുവെന്ന് സുനിൽ പി ഇളയിടം
Latest News

ഭരണഘടനാ വിമർശനം തെറ്റാണെന്ന് കരുതുന്നില്ല; സജി ചെറിയാൻ അവതരിപ്പിച്ച രീതിയും ഭാഷയും തെറ്റായിരുന്നുവെന്ന് സുനിൽ പി ഇളയിടം

Sikesh
|
10 July 2022 9:20 AM GMT

തെറ്റായ സന്ദേശം നൽകുന്നു എന്നതുകൊണ്ടുതന്നെ അത്തരം പരാമർശം രാഷ്ട്രീയമായി ഒരു സിപിഎമ്മിന്റെ ഉന്നത നേതാവിൽ നിന്ന് വരാൻ പാടില്ലാത്തതായിരുന്നു എന്നതിൽ സംശയമില്ല.

ഭരണഘടനയോടുളള വിമർശനങ്ങൾ ഉണ്ടാകുമെന്നും അതൊരു തെറ്റാണെന്ന് കരുതുന്നില്ലെന്നും ഇടതുപക്ഷ സഹയാത്രികനും അധ്യാപകനും എഴുത്തുകാരനുമായ സുനിൽ പി ഇളയിടം. ഭരണഘടനാ വിമർശനങ്ങൾ ഉന്നയിക്കേണ്ടതിന് ഒരു രീതിയും അതിന്റെതായ ഭാഷയും അത് നൽകുന്നൊരു സന്ദേശവുമുണ്ട്. അവിടെയാണ് സജി ചെറിയാന് തെറ്റ് പറ്റിയതെന്നും അദ്ദേഹം പറഞ്ഞു. മീഡിയവണിന്റെ എഡിറ്റോറിയൽ എന്ന അഭിമുഖ സംഭാഷണത്തിലായിരുന്നു സുനിലിന്റെ പ്രതികരണം.

സുനിൽ പി ഇളയിടത്തിന്റെ വാക്കുകൾ ഇങ്ങനെ

പൊതുസമൂഹത്തിൽ ഒരാൾ ഭരണഘടനയെക്കുറിച്ച് പറയുന്നതുപോലെ ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാൾക്ക് പറയാൻ കഴിയില്ല. ഭരണഘടനയോട് കൂറുപുലർത്താൻ, വിശ്വസ്തത പുലർത്താൻ ബാധ്യതപ്പെട്ട, അത് ഉയർത്തിപ്പിടിക്കാൻ ബാധ്യതപ്പെട്ട ഒരാളാണല്ലോ, അതായിരുന്നു അതിനകത്ത് അടിസ്ഥാനപരമായ ഒരു പിഴവ് ആയിട്ട് എനിക്ക് തോന്നിയത്. പിന്നെ ഭരണഘടനയോടുള്ള വിമർശനങ്ങൾ നിശ്ചയമായിട്ടും ഉണ്ടാവും. അത് അംബേദ്കർ മുതല് ഭരണഘടനയോട് വിമർശനങ്ങൾ ഉന്നയിച്ചിട്ടുള്ള ഒരാളാണ്. അതൊരു തെറ്റാണെന്ന് ഞാൻ കരുതുന്നില്ല. പക്ഷേ അത് അവതരിപ്പിച്ച രീതിയും അതിന്റെ ഭാഷാ രീതിയും പിന്നെ മൊത്തത്തിൽ അത് നൽകുന്ന സന്ദേശവും വളരെ തെറ്റായതായിരുന്നു എന്ന് തന്നെയാണ് അത് കേട്ടിടത്തോളം എനിക്ക് തോന്നിയത്. ഒരുപക്ഷെ മുഴുവൻ പ്രഭാഷണത്തിൽ അദ്ദേഹത്തിൻറെ മുന്നിൽ വേറെ എന്തെങ്കിലും ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്.

തെറ്റായ സന്ദേശം നൽകുന്നു എന്നതുകൊണ്ടുതന്നെ അത്തരം പരാമർശം രാഷ്ട്രീയമായി ഒരു സിപിഎമ്മിന്റെ ഉന്നത നേതാവിൽ നിന്ന് വരാൻ പാടില്ലാത്തതായിരുന്നു എന്നതിൽ സംശയമില്ല.ഇപ്പൊ എന്നെപ്പോലെ ഒരാൾക്ക് അങ്ങനെ ഒരു നിരീക്ഷണം നടത്താം. കാരണം നമ്മളിത് പ്രൊട്ടക്റ്റ് ചെയ്യാൻ ബാധ്യസ്ഥരല്ല. സജി ചെറിയാന്റെ പോലുളള ഭാഷ ഉപയോഗിക്കാൻ പറ്റില്ല. ഞാൻ പറഞ്ഞ വിമർശനങ്ങൾ ഉന്നയിക്കാം. പക്ഷെ ഭരണഘടനാ സ്ഥാനത്തിരിക്കുന്ന ഒരാളെ സംബന്ധിച്ച് നമ്മളെക്കാളൊക്കെ എത്രയോ കരുതലും ഉത്തരവാദിത്വവും ആവശ്യപ്പെടുന്ന ഒരു സംഗതിയാണ്. അതുകൊണ്ട് തന്നെ രാഷ്ട്രീയമായിട്ടും നിയമപരമായിട്ടും അതിൽ പിഴവുകൾ ഉണ്ടെന്നാണ് എനിക്ക് തോന്നിയത്.

പത്തനംതിട്ട മല്ലപ്പള്ളിയിൽ സജി ചെറിയാൻ നടത്തിയ പ്രസംഗമാണ് വിവാദമായത്. പിന്നാലെ അദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിയും വന്നു.'മനോഹരമായ ഭരണഘടനയാണ് ഇന്ത്യയിൽ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മൾ എല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാൻ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരൻ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാർ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വർഷമായി നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാൾ പ്രസംഗിച്ചാലും ഞാൻ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാൻ പറയും', ഈ പരാമർശങ്ങളാണ് സജി ചെറിയാനെ കുടുക്കിയത്.

Similar Posts