വൈരമുത്തുവിന് ഒ.എന്‍.വി പുരസ്കാരം നല്‍കിയതിനെതിരെ തമിഴ് സാംസ്കാരിക പ്രവര്‍ത്തകര്‍
|എഴുത്തുകാരിയും സാംസ്കാരിക പ്രവര്‍ത്തകയുമായ മീന കന്ദസ്വാമി, മാധ്യമപ്രവര്‍ത്തക ധന്യ രാജേന്ദ്രന് തുടങ്ങിയവര്‍ വിമര്‍ശനവുമായി രംഗത്തെത്തി.
വൈരമുത്തുവിന് ഒ.എന്‍.വി പുരസ്കാരം നല്‍കിയതിനെതിരെ തമിഴ് സാംസ്കാരിക പ്രവര്‍ത്തകര്‍. നിരവധി സ്ത്രീകള്‍ മീടൂ ആരോപണം ഉന്നയിച്ചിട്ടുള്ള വൈരമുത്തുവിനെ അവാര്‍ഡിന് തെരഞ്ഞെടുത്തതിനെതിരെയാണ് വിമര്‍ശം. എഴുത്തുകാരിയും സാംസ്കാരിക പ്രവര്‍ത്തകയുമായ മീന കന്ദസ്വാമി, മാധ്യമപ്രവര്‍ത്തക ധന്യ രാജേന്ദ്രന് തുടങ്ങിയവര്‍ വിമര്‍ശനവുമായി രംഗത്തെത്തി.
കമല സുരയ്യയുള്‍പ്പടെയുള്ള ശക്തരായ സ്ത്രീപക്ഷ എഴുത്തുകാരികളാല്‍ അറിയപ്പെടുന്ന നാടാണ് കേരളം. വൈരമുത്തുവിനെ പോലെയുള്ള സ്ത്രീവിരുദ്ധന് ഒ.എന്‍. വി സാംസ്കാരിക അക്കാദമി അവാര്‍ഡ് നല്‍കുന്നതിലൂടെ മലയാള സാഹിത്യലോകത്തെ സ്ത്രീപക്ഷപാരമ്പര്യങ്ങളേയും എഴുത്തുകാരെയും അപമാനിച്ചിരിക്കുകയാണ്-മീന കന്ദസ്വാമി ട്വീറ്റ് ചെയ്തു.
കമല സുരയ്യയുൾപ്പടെയുള്ള ശക്തരായ സ്ത്രീപക്ഷ എഴുത്തുകാരികളാൽ അറിയപ്പെടുന്ന നാടാണ് കേരളം. വൈരമുത്തുവിനെ പോലെയുള്ള സ്ത്രീവിരുദ്ധന് ഒ.എൻ. വി സാംസ്കാരിക അക്കാദമി അവാർഡ് നൽകുന്നതിലൂടെ മലയാള സാഹിത്യലോകത്തെ സ്ത്രീപക്ഷപാരമ്പര്യങ്ങളേയും എഴുത്തുകാരെയും അപമാനിച്ചിരിക്കുകയാണ് അധികൃതർ. https://t.co/gpmFeuwiRd
— ʎɯɐsɐpuɐʞ ɐuǝǝɯ || stand with #palestine 🇵🇸 (@meenakandasamy) May 26, 2021
ഒ.എന്‍.വി അവാര്‍ഡ് കൊടുക്കാന്‍ മറ്റാരെയും കിട്ടിയില്ലേ? ജൂറി വൈരമുത്തുവിനെ തിരഞ്ഞെടുത്തു എന്നാണ് അടൂര്‍ ഗോപാലകൃഷ്ണന് പറയുന്നത്. മുഖ്യമന്ത്രിയും ജൂറി ചെയര്‍മാനും ഉള്‍പ്പെടെയുള്ളവര്‍ ഈ തീരുമാനത്തില്‍ തൃപ്തരാണോ?-ധന്യ രാജേന്ദ്രന് ചോദിച്ചു.
ONV Award for none other than Vairamuthu. Why? They could not find anyone else? The chairman Adoor Gopalakrishnan says the jury selected him. The jury, the chairman, and all the politicians (including CM) who are part of the academy, are okay with this? pic.twitter.com/b4BMoeaYFk
— Dhanya Rajendran (@dhanyarajendran) May 26, 2021
എ.ആര് റഹ്മാന്റെ സഹോദരി റെയ്ഹാന, പിന്നണി ഗായിക ചിന്മയി തുടങ്ങി നിരവധി സ്ത്രീകള്‍ നേരത്തെ വൈരമുത്തുവിനെതിരെ ആരോപണമുന്നയിച്ചിരുന്നു. റെയ്ഹാനയുടെ വാക്കുകള്‍ ഇങ്ങനെ: ' മുമ്പും ചില സ്ത്രീകള്‍ വൈരമുത്തുവിനെ കുറിച്ച് ഇത്തരത്തിലുള്ള പരാതികള്‍ പറഞ്ഞിരുന്നു. ഇത് ഒരു പരസ്യമായ രഹസ്യമാണ്. എനിക്ക് ഇതുവരെ അങ്ങനെ ഒരു അവസ്ഥ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. മാന്യതവിട്ട് ഞാനും മറ്റുള്ളവരോട് പെരുമാറിയിട്ടില്ല. ഭൂരിഭാഗം സ്ത്രീകളും ഇത്തരത്തില്‍ എന്തെങ്കിലും പ്രശ്നം നേരിടേണ്ടി വന്നാല്‍ അതു തുറന്നു പറയാന്‍ ഭയക്കുന്നവരാണ്. ഏതൊക്കെയോ രീതിയിലുള്ള കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ടെന്ന് ഞാനും കരുതുന്നു.അങ്ങനെ സംഭവിക്കാതെ ഈ ആരോപണങ്ങള്‍ ഉണ്ടാകില്ലല്ലോ. പക്ഷേ, വൈരമുത്തുവില്‍ നിന്ന് എനിക്ക് ഒരിക്കലും അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല. ഏതാനും ചില സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തെ ഞാന്‍ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. അപ്പോഴൊന്നും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഒരുതരത്തിലുള്ള മോശം പെരുമാറ്റവും എനിക്കു നേരിടേണ്ടി വന്നിട്ടില്ല. ആര്‍ക്കാണോ അത്തരത്തിലുള്ള മോശം അനുഭവം ഉണ്ടായത് അവര്‍ പരാതി നല്‍കണമെന്നാണ് എന്റെ അഭിപ്രായം.'
സ്വിറ്റ്സര്‍ലന്റിലെ ഒരു പരിപാടിക്കിടെ വൈരമുത്തുവിനെ ഒരു ഹോട്ടലില്‍ ചെന്ന് കാണണമെന്നാവശ്യവുമായി സംഘാടകരിലൊരാള്‍ സമീപിച്ചുവെന്നാണ് ഗായിക ചിന്മയി ആരോപിച്ചത്. താനും അമ്മയും ഇന്ത്യയിലേക്ക് മടങ്ങാനൊരുങ്ങുകയാണെന്നു പറഞ്ഞ് ചിന്മയി അത് നിരസിച്ചു. എങ്കില്‍ എല്ലാം അവസാനിച്ചുവെന്ന് കരുതാനായിരുന്നു തനിക്ക് ലഭിച്ച മറുപടിയെന്നും ചിന്മയി വെളിപ്പെടുത്തിയിരുന്നു. ഈ സംഭവത്തിനു മുമ്പും വൈരമുത്തു തന്നെ ജോലി സ്ഥലത്തു വച്ച് അപമാനിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഗായിക ആരോപിച്ചിരുന്നു. വൈരമുത്തുവിനെതിരേ പരാതി ദേശീയ വനിതാ കൗണ്‍സിലിലടക്കം പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഇതുവരെ അവര്‍ സ്വീകരിച്ചിട്ടില്ലെന്ന് ചിന്മയി പറയുന്നു. കേന്ദ്രമന്ത്രി മനേക ഗാന്ധി ഈ വിഷയത്തില്‍ ഇടപ്പെട്ടുവെങ്കിലും പരിഹാരം ഉണ്ടായില്ലെന്നും ചിന്മയി ആരോപിച്ചിരുന്നു.