Kerala
പ്രതിപക്ഷ നേതാവ്, സാധ്യത വി.ഡി സതീശന്; തീരുമാനം ഇന്നോ നാളെയോകെ.പി ശശികലയ്‌ക്കെതികെ വി.ഡി സതീഷന്‍ ഡിജിപിക്ക് പരാതി നല്‍കി
Kerala

പ്രതിപക്ഷ നേതാവ്, സാധ്യത വി.ഡി സതീശന്; തീരുമാനം ഇന്നോ നാളെയോ

Web Desk
|
20 May 2021 8:01 AM GMT

രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും എം.പിമാരുടെ പിന്തുണയാണ് സതീശന് തുണയായത്.

പതിനഞ്ചാം കേരള നിയമസഭയില്‍ വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവാകാന്‍ സാധ്യത. നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനത്ത് സതീശന്‍ വരണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായ ആവശ്യമുയര്‍ന്നിരുന്നു. യു.ഡി.എഫിലെ ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയില്‍ ഇതേ ആവശ്യമുന്നയിച്ചിരുന്നു. പുതുമുഖങ്ങള്‍ നിറഞ്ഞ രണ്ടാം പിണറായി മന്ത്രിസഭക്ക് മുന്നില്‍ പ്രതിപക്ഷത്തിന് പിടിച്ചു നില്‍ക്കണമെങ്കില്‍ പ്രതിപക്ഷ നേതൃസ്ഥാനത്തും പുതുമുഖം വരണമെന്നാണ് ആവശ്യമുയരുന്നത്.

രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും എം.പിമാരുടെ പിന്തുണയാണ് സതീശന് തുണയായത്. എം.എല്‍.എമാരില്‍ കൂടുതല്‍ പേരും ചെന്നിത്തലയെ ആണ് പിന്തുണച്ചിരുന്നത്. എന്നാല്‍ പുതുമുഖങ്ങള്‍ നിറഞ്ഞ പിണറായി മന്ത്രിസഭക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ പുതുമുഖം അനിവാര്യമെന്നാണ് സംസ്ഥാനത്ത് നിന്നുള്ള എം.പിമാര്‍ ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചത്. എം.പിമാരില്‍ ഭൂരിഭാഗം പേരും സതീശനെ പിന്തുണച്ചു.

1964 മെയ് 24ന് എറണാകുളം ജില്ലയിലെ നെട്ടൂരില്‍ വടശ്ശേരി ദാമോദര മേനോന്റെയും വി. വിലാസിനിയമ്മയുടെയും മകനായാണ് വി.ഡി സതീശന്‍ ജനിച്ചത്. കെ.എസ്.യുവിലൂടെ പൊതുരംഗത്തെത്തിയ വി.ഡി സതീശന്‍ 1986-87 കാലത്ത് എം.ജി സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനായിരുന്നു. എന്‍.എസ്.യു ദേശീയ സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ട്.

2001ലാണ് പറവൂരില്‍ നിന്ന് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചത്. അന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ.എം ദിനകരനെ 7,792 വോട്ടുകള്‍ തോല്‍പിച്ച സതീശന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2006, 2011, 2016, 2021 വര്‍ഷങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളിലും മികച്ച പ്രകടനത്തോടെ പറവൂരില്‍ നിന്ന് നിയമസഭയിലെത്തി.

പരന്നവായനയും നിരീക്ഷണപാടവവുമുള്ള വി.ഡി സതീശന്‍ അണികള്‍ക്കിടയില്‍ സ്വീകാര്യതയുള്ള നേതാവാണ്. 2012ല്‍ ലോട്ടറി മാഫിയയുമായി ബന്ധപ്പെട്ട് അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന തോമസ് ഐസകുമായി പരസ്യമായ സംവാദം നടത്തിയാണ് സതീശന്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധേയനാണ്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പരിസ്ഥിതി വിഷയങ്ങളില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായ നിലപാടാണ് വി.ഡി സതീശന്‍ സ്വീകരിച്ചിരുന്നത്. അന്ന് യു.ഡി.എഫ് പക്ഷത്ത് രൂപംകൊണ്ട ഹരിത എം.എല്‍.എമാരുടെ കൂട്ടായ്മയില്‍ പ്രമുഖനായിരുന്നു വി.ഡി സതീശന്‍. നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ പതറിയ യു.ഡി.എഫ് പക്ഷത്തിന് സതീശന്റെ വരവ് പുത്തനുണര്‍വ് പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Similar Posts