വെറും കൈ മതി എന്തിനും; അതിക്രമങ്ങളെ നേരിടാന്‍ സ്ത്രീകളെ പഠിപ്പിച്ച് പ്രേമനും കൃഷ്ണപ്രിയയും
|സ്ത്രീകളേയും കുട്ടികളേയും കളരി പഠിപ്പിച്ച് കോഴിക്കോട് ദമ്പതികള്‍
സ്ത്രീകളേയും കുട്ടികളേയും കളരി പഠിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് കോഴിക്കോട് ചാലപ്രം സ്വദേശികളായ ഇല്ലത്ത് പ്രേമനും ഭാര്യ കൃഷ്ണപ്രിയയും. മര്‍മ ചികിത്സക്കായി എത്തിയ ഒരു സ്ത്രീ അവര്‍ക്ക് നേരെയുണ്ടായ അതിക്രമത്തെ കുറിച്ച് പറഞ്ഞപ്പോഴാണ് പ്രേമനും ഭാര്യയും സ്ത്രീകൾക്ക് പ്രത്യേക പരിശീലനം നൽകാൻ തീരുമാനിച്ചത്.
പതിനാല് വര്‍ഷമായി കളരി പരിശീലനം നടത്തുകയാണ് ചാലപ്രം ഇല്ലത്ത് പ്രേമന്‍. ഒപ്പം മര്‍മ ചികിത്സയും. എന്നാല്‍ അതിക്രമങ്ങളെ ചെറുത്തു നില്‍ക്കാനുള്ള കരുത്ത് സ്ത്രീകള്‍ക്ക് പകരുന്നതിനെ കുറിച്ച് കാര്യമായി ആലോചിച്ചിരുന്നില്ല. അടുത്തിടെ തന്‍റെ അടുത്ത് ചികിത്സക്കായി എത്തിയ സ്ത്രീയുടെ ഷോള്‍ട്ടറിനേറ്റ പരിക്കിനെ കുറിച്ച് ചോദിച്ചപ്പോഴാണ് ആക്രമണത്തിന്‍റെ കഥയറിയുന്നത്. കൈ കുഞ്ഞുമായി നടന്ന് പോകുമ്പോള്‍ യുവാവ് അക്രമിക്കുകയായിരുന്നു. ആ അനുഭവം കേട്ടതോടെയാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം പരിശീലനം നല്‍കാമെന്ന ആശയം ഉണ്ടായത്.
സ്ത്രീകൾക്കും കുട്ടികൾക്കും കൃഷ്ണപ്രിയയാണ് പരിശീലനം നൽകുന്നത്. മെയ്ത്താര്, കോൽത്താര്, അങ്കത്താര്, വെറുംകൈ പ്രയോഗം തുടങ്ങിയ പതിനെട്ട് അടവുകളൊക്കെ കളരിയിലുണ്ടെങ്കിലും സ്ത്രീ സുരക്ഷയ്ക്ക് വെറുംകൈ പ്രയോഗമാണ് പരിശീലിപ്പിക്കുന്നത്. കേരള സാംസ്കാരിക വകുപ്പിന് വേണ്ടി വിവിധ സംസ്ഥാനങ്ങളിലും, രാജ്യത്തിന് പുറത്തും കളരിപ്പയറ്റ് സംഘത്തോടൊപ്പം പ്രേമൻ ഗുരുക്കൾ പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. ഫോക്‍ലോർ അക്കാദമിയുടേത് ഉള്‍പ്പെടെ വിവിധ അവാർഡ് ജേതാവാണ് പ്രേമന്‍.