Women
ഇന്ത്യയിലെ കായിക ലോകത്തെ ഭാവിയില്‍ ഐഷ നസിയ മാനേജ് ചെയ്യും; എങ്ങനെ എന്നല്ലേ?!!
Women

ഇന്ത്യയിലെ കായിക ലോകത്തെ ഭാവിയില്‍ ഐഷ നസിയ മാനേജ് ചെയ്യും; എങ്ങനെ എന്നല്ലേ?!!

Web Desk
|
25 Jun 2021 7:01 AM GMT

ഫിഫ മാസ്റ്റേഴ്സ് കോഴ്സിന് പ്രവേശനം നേടുന്ന കേരളത്തിലെ ആദ്യ പെണ്‍കുട്ടിയായി കോഴിക്കോട് സ്വദേശി ഐഷ നസിയ

ഫിഫയുടെ സ്പോര്‍ട്സ് മാനേജ്‍മെന്‍റ് കോഴ്സിന് പ്രവേശനം നേടുന്ന സംസ്ഥാനത്തെ ആദ്യ പെണ്‍കുട്ടിയെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കോഴിക്കോട് സ്വദേശി ഐഷ നസിയ. മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന കോഴ്സിന് 50 ലക്ഷം രൂപയാണ് ഫീസ്. സ്കോളര്‍ഷിപ്പ് ലഭിച്ചെങ്കിലും ക്രൌഡ് ഫണ്ടിംഗിലൂടെ ബാക്കിയുള്ള 25 ലക്ഷം രൂപ കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് ഐഷ.

2015ല്‍ നാഷണല്‍ ഗെയിംസില്‍ ഫെസിലിറ്റേറ്റര്‍

കുട്ടിക്കാലത്തേ സ്പോര്‍ട്സിനോട് താത്പര്യമുണ്ടായിരുന്നു. പ്രത്യേകിച്ച് ഫുട്ബോളിനോട്. 2015 ല്‍ കോളേജ് പഠനകാലത്ത് 35ാമത് നാഷണല്‍ ഗെയിംസ് കേരളത്തില്‍ നടക്കുമ്പോള്‍ അവിടെ ഫെസിലിറ്റേറ്റര്‍ ആയി അപേക്ഷിച്ചു. അതിലേക്ക് പ്രവേശനം ലഭിച്ചപ്പോള്‍ ഏകദേശം ഒരു ഫുട്ബോള്‍ ടൂര്‍ണമെന്‍റ് എങ്ങനെയെന്ന് മനസ്സിലായി.

പ്രൊഫഷന്‍ ഇതുതന്നെ എന്നുറപ്പിച്ചത് അണ്ടര്‍ 17 വേള്‍ഡ് കപ്പ്

പിന്നെ ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസില്‍ ജോലി കിട്ടി. അവിടെ മെക്കാനിക്കല്‍ എഞ്ചിനീയര്‍ ആയി ജീവിതം ശരിക്കും സ്റ്റാബിള്‍ ആയി മുന്നോട്ടുപോകുകയായിരുന്നു. ആ സമയത്താണ് അണ്ടര്‍ 17 വേള്‍ഡ് കപ്പ് ഇന്ത്യയിലേക്ക് വരുന്നുണ്ടെന്ന് അറിയുന്നത്. പത്രങ്ങളിലൂടെയാണ് അത്തരം വാര്‍ത്തകളൊക്കെ അറിഞ്ഞത്. അവരുടെ വെബ് സൈറ്റില്‍ പോയി നോക്കി. അതില്‍ അതുമായി ബന്ധപ്പെട്ട ജോലികള്‍ കണ്ടപ്പോള്‍ ഒന്ന് അപേക്ഷിച്ചാലോ എന്ന് ഒരു ആഗ്രഹം തോന്നി. അപേക്ഷിച്ചു, കിട്ടി. അപ്പോള്‍ വീണ്ടും കണ്‍ഫ്യൂഷനായി..

നിലവിലുള്ള ജോലി എന്തു ചെയ്യും. വിടണോ, പോകണോ എന്നൊക്കെ. അണ്ടര്‍ 17 വേള്‍ഡ് കപ്പിന്‍റെ കൂടെ ഏഴുമാസം ജോലി ചെയ്തപ്പോള്‍ തന്നെ എന്‍റെ പ്രൊഫഷന്‍ ഇത് തന്നെയാണ് എന്ന് എനിക്ക് ബോധ്യമായി. അപ്പോഴാണ് ഞാന്‍ സീരിയസായി സ്പോര്‍ട്സ് നോക്കണം എന്ന് ചിന്തിച്ചത്.

ആദ്യം വേണ്ടത് ആത്മവിശ്വാസം

2015 മുതലേ ഈ കോഴ്സിനെ കുറിച്ച് അറിയാമായിരുന്നു. പക്ഷേ ഈ തീരുമാനത്തിലേക്ക് എത്താന്‍ 5 വര്‍ഷം എടുത്തു. ആ അഞ്ചുവര്‍ഷത്തിനുള്ളില്‍ കേരള ബ്ലാസ്റ്റേഴ്സിന്‍റെ കൂടെ, നാഷണല്‍ ഗെയിംസിന്‍റെ കൂടെ, ഐഎസ്എല്‍ രണ്ട് സീസണ്‍, നാഷണല്‍ ബാസ്കറ്റ് ബോള്‍ ഇന്ത്യയില്‍ വന്ന സമയത്ത് അവരുടെ അസോസിയേഷന്‍റെ കൂടെ- അങ്ങനെ ഞാന്‍ ഈ സമയത്തിനുള്ളില്‍ ഒരു സ്പോര്‍ട്സ് പോര്‍ട്ട്ഫോളിയോ തന്നെ ഉണ്ടാക്കിയെടുത്തു അതിനിടയില്‍. ഫ്രീ ടൈമിലായിരുന്നും ഇതെല്ലാം. അതിനിടയില്‍ എന്‍റെ മറ്റ് ജോലികളും നടന്നു. അങ്ങനെ ബയോഡാറ്റ സെറ്റായി ഇനി എനിക്ക് അപേക്ഷിക്കാം എന്ന ധൈര്യം വന്നപ്പോള്‍ തന്നെയാണ് ഞാന്‍ കഴിഞ്ഞ വര്‍ഷം ഈ കോഴ്സിന് അപേക്ഷിച്ചത്. ആദ്യം നമുക്ക് ആത്മവിശ്വാസമാണ് ഉണ്ടാകേണ്ടത്. അതിന് ശേഷം വേണം തീരുമാനം എടുക്കാന്‍.


എന്തൊക്കെ മുന്നൊരുക്കങ്ങള്‍

രാജ്യത്തിന് പുറത്ത് എന്ത് പഠനത്തിന് പോകുമ്പോഴും നമ്മളെന്തെല്ലാം മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ടോ, അതുതന്നെ മതി ഇതിനും. പിന്നെ ഇതുമായി ബന്ധപ്പെട്ട് നമ്മുടെ താത്പര്യം എത്രത്തോളമുണ്ട് എന്ന് അറിയാന്‍ അവര്‍ ശ്രമിക്കും. എന്തുകൊണ്ട് നമ്മള്‍ സ്പോര്‍ട്സ് ഇന്‍ഡസ്ട്രിയില്‍ വളരാന്‍ ആഗ്രഹിക്കുന്നു എന്ന കാര്യങ്ങളൊക്കെ അവര്‍ വിലയിരുത്തും.

എല്ലാവര്‍ഷവും 30 നും 35നും ഇടയില്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഫിഫ അഡ്മിഷന്‍ നല്‍കുന്നത്. അതും 30 ഓളം രാജ്യങ്ങളില്‍ നിന്നായിട്ടാണ് ആളുകളെ തെരഞ്ഞെടുക്കുന്നത്. അതാത് രാജ്യത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തി ഇതുവരെ ആ രാജ്യത്തെ സ്പോര്‍ട്സിന് വേണ്ടി എന്തു ചെയ്തുവെന്നും, കോഴ്സ് കഴിഞ്ഞ് തിരിച്ച് രാജ്യത്ത് എത്തിയിട്ട് എന്തു ചെയ്യുമെന്നും എല്ലാം ആ വിലയിരുത്തലിലുണ്ടാകും.

പഠനം മൂന്ന് രാജ്യങ്ങളില്‍

മൂന്ന് രാജ്യങ്ങളില്‍പ്പോയിട്ടാണ് പഠിക്കുന്നത്. ആദ്യം ഇംഗ്ലണ്ടില്‍ പോകുന്നു. അവിടെ de montfort universityയിലെ പഠനമാണ് ആദ്യം പൂര്‍ത്തിയാക്കേണ്ടത്. അതാണ് ആദ്യ മൊഡ്യൂള്‍‌. അത് കഴിഞ്ഞ് ഇറ്റലി. ഇറ്റലിയില്‍ നിന്ന് സ്വിറ്റ്സര്‍ലാന്‍റ്. 3 രാജ്യങ്ങളിലെ ലോകത്തിലെ ഏറ്റവും ടോപ്പ് റേറ്റഡ് യൂണിവേഴ്സിറ്റികളിലാണ് പഠിക്കാനായി അവസരം ലഭിക്കുന്നത്. സ്പോര്‍ട്സ് മാനേജ്‍മെന്റുമായി ബന്ധപ്പെട്ടുള്ള ഒരു ഓവറോള്‍ കോഴ്സ് ആണ് ഇത്.

എംബിഎ പോലെ വെറും ഒരു മാനേജ്‍മെന്‍റ് കോഴ്സ് മാത്രമല്ല ഇത്. സ്പോര്‍ട്സ് മാനേജ്‍മെന്‍റ് പഠിക്കുന്നുണ്ട്. സ്പോര്‍ട്സ് ലോ പഠിക്കുന്നുണ്ട്. പിന്നെ സ്പോര്‍ട്സിന്‍റെ ചരിത്രവും പരിണാമവും വളര്‍ച്ചയും എല്ലാം ഒരു മൊഡ്യൂളില്‍ വരും. മൂന്ന് വ്യത്യസ്ത കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് പഠിക്കുന്നത്.

ക്രൌഡ് ഫൌണ്ടിംഗ്

ഇന്ത്യയില്‍ ക്രൌഡ് ഫണ്ടിംഗ് പലപ്പോഴും ചാരിറ്റിയുമായി ചേര്‍ത്താണ് നടത്താറുള്ളത്. ആ ആശയം മാറണം. രണ്ടും രണ്ടാണ്. ചാരിറ്റി അല്ല ക്രൌഡ് ഫണ്ടിംഗ്. രണ്ടും വേറെ വേറെ കാര്യങ്ങളാണ്. ചാരിറ്റി ഒരു വിഭാഗത്തെ സഹായിക്കുകയാണ്. പക്ഷേ അതല്ല ക്രൌഡ് ഫണ്ടിംഗ്.. വലിയ വലിയ ആഗ്രഹങ്ങളോ ലക്ഷ്യങ്ങളോ ഉള്ള ഒരു വ്യക്തിക്ക് അത് നേടിയെടുക്കാന്‍ സാമ്പത്തികമായി കഴിയുന്നില്ല എങ്കില്‍ ഒരു 25000 പേര്‍ നൂറു രൂപ വീതം തന്നാല്‍ അത് 25 ലക്ഷമായി.. അതാണ് ക്രൌഡ് ഫണ്ടിംഗ്

പെണ്‍കുട്ടികളോട് പറയാനുള്ളത്

ഇന്‍ഡിപെന്‍ഡന്‍റ് ആകുന്നത് കൊണ്ട് ഒരുപാട് ഗുണമുണ്ട്. ആളുകള്‍ നമ്മളെ എത്ര അടിച്ചമര്‍ത്താന്‍ നോക്കിയാലും, ഉദാഹരണമായി സമൂഹം, മതം അങ്ങനെ പലതും അതിന് ആളുകള്‍ക്ക് ഉയര്‍ത്തിക്കാണിക്കുവാനുണ്ടാകും. പക്ഷേ ഞാന്‍ സ്വതന്ത്രയാണ്.. അത് എനിക്ക് അവരോട് നോ പറയാനുള്ള പവറാണ് നല്‍കുന്നത്. പക്ഷേ എനിക്ക് അവരോട് നോ പറയാന്‍ പറ്റണമെങ്കില്‍ എനിക്ക് അത്രയ്ക്കും ആത്മവിശ്വാസം ഉണ്ടാകണം. ആത്മവിശ്വാസമുണ്ടോ, ഇന്‍ഡിപെന്‍ഡന്‍റ് ആണോ, എന്തും നേടാം..


Similar Posts