World
ഗർഭിണിയായതിനാൽ പിരിച്ചു വിട്ടു; യുവതിക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
World

ഗർഭിണിയായതിനാൽ പിരിച്ചു വിട്ടു; യുവതിക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

Web Desk
|
30 Dec 2022 4:50 AM GMT

പിരിച്ചുവിട്ട് ആഴ്ചകൾക്കുള്ളിൽ യുവതിക്ക് കുഞ്ഞിനെ നഷ്ടപ്പെടുകയും ചെയ്തു

ലണ്ടൻ: ഗർഭിണിയാണെന്ന് പറഞ്ഞതിനെ തുടർന്ന് കമ്പനിയിൽ നിന്ന് പിരിച്ചു വിട്ട യുവതിക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് കോടതിയുടെ ഉത്തരവ്. ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിലെ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്തിരുന്ന 34 കാരിയായ ഷാർലറ്റ് ലീച്ചെന്ന യുവതി താൻ ഗർഭിണിയാണെന്ന് മേലുദ്യോഗസ്ഥരോട് പറയുകയായിരുന്നു. ഇതിനെ തുടർന്നാണ് തന്നെ പിരിച്ചുവിട്ടതെന്നാണ് യുവതിയുടെ പരാതി.

ഇതിന് മുൻപ് പല തവണ ഗർഭം അലസിയിട്ടുണ്ടെന്നും, പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തെ കുറിച്ച് വ്യാകുലതകളുണ്ടെന്നുമുള്ള കാര്യങ്ങള്‍ ഷാർലറ്റ് മേധാവിയോട് സംസാരിച്ചിരുന്നു. എന്നാൽ ആശ്വസിപ്പിക്കുന്നതിന് പകരം ഷാർലെറ്റിന് ലഭിച്ചത് പിരിച്ചുവിടൽ നോട്ടീസായിരുന്നെന്ന് ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.

പുതിയ എംപ്ലോയീ കോൺട്രാക്ടിൽ ഒപ്പുവയ്ക്കാനിരിക്കെയാണ് ഷാർലറ്റ് ഗർഭിണിയാകുന്നത്. ലീച്ചിന് പ്രസവാവധിക്ക് അർഹതയില്ലെന്നും അത് ഞങ്ങളുടെ ബാധ്യതയല്ലെന്നും സ്ഥാപന മേധാവി അറിയിച്ചു. പിരിച്ചുവിട്ട് ആഴ്ചകൾക്കുള്ളിൽ യുവതിക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടതായി ദ മിറര്‍ റിപ്പോർട്ട് ചെയ്തതു.

ഈ സംഭവം തന്നെ ആകെ ഉലച്ചെന്നും അതിന്റെ ആഘാതത്തിൽ നിന്ന് മോചിതയാകാൻ കഴിഞ്ഞില്ലെന്നും യുവതി എംപ്ലോയ്മെന്റ് ട്രിബ്യൂണലിന് നൽകിയ പരാതിയിൽ പറയുന്നു. ഇതിന് ശേഷം മറ്റൊരു ജോലിയിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ലെന്നും ഈ സംഭവം എല്ലായ്‌പോഴും മനസിൽ ഭയം സൃഷ്ടിച്ചെന്നും പരാതിയിൽ പറയുന്നു. യുവതിയുടെ പരാതി സത്യമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കമ്പനിയോട് നഷ്ട പരിഹാരം നൽകാൻ ഉത്തരവിട്ടത്. 14,885 പൗണ്ട് (14,86,856 രൂപ) നഷ്ടപരിഹാരമായി നൽകാനാണ് ഉത്തരവ്.

Similar Posts