'തെറ്റായ സന്ദേശം നൽകുന്നു'; 'തടിയൻ' സാന്റകളെ നിരോധിക്കണമെന്ന് ആസ്‌ട്രേലിയൻ ആരോഗ്യ വിദഗ്ധൻ
|'സാന്റയുടെ വേഷം കെട്ടുന്നവർ അമിത വണ്ണം തോന്നിപ്പിക്കാൻ തലയിണയും മറ്റു വസ്തുക്കളും ദേഹത്ത് നിറക്കുന്നതും ഒഴിവാക്കണം'
കാൻബെറ: ക്രിസ്മസ് എന്നു കേൾക്കുമ്പോൾ തന്നെ ആദ്യം മനസിലേക്ക് ഓടിവരുന്ന മുഖം സാന്റാക്ലോസിന്റെതായിരിക്കും. കുടവയറും വെള്ളത്താടിയും തൊപ്പിയും വടിയുമൊക്കെയായി സമ്മാനപ്പൊതികളുമായെത്തുന്ന സാന്റയെ ഇഷ്ടമല്ലാത്തവർ ആരുമുണ്ടാകില്ല. ക്രിസ്മസ് കാലമെത്തിയതോടെ ലോകത്തെമ്പാടും സാന്റാക്ലോസിന്റെ വേഷം ധരിച്ചവർ വിവിധയിടങ്ങളിൽ എത്തുന്നുണ്ട്. ആളുകൾ കൂട്ടമായി വരുന്ന മാളുകൾ, മെട്രോ സ്‌റ്റേഷനുകൾ,റസ്റ്ററുകൾ എന്നിവടങ്ങളിലെല്ലാം സാന്റാക്ലോസുകൾ സജീവമാണ്. എന്നാൽ തടിച്ചിരിക്കുന്ന സാന്റകൾ തെറ്റായ സന്ദേശം നൽകുന്നെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആസ്ട്രേലിയൻ ആരോഗ്യ വിദഗ്ധനായ ഡോ. വിൻസെന്റ് കാൻഡ്രാവിനാറ്റ.
ആരോഗ്യവുമായി ബന്ധപ്പെട്ട് മോശം സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനാൽ 'തടിച്ച' സാന്റകളെ ഷോപ്പിംഗ് മാളുകളിൽ നിന്നും ആളുകളെ പ്രചോദിപ്പിക്കാൻ കഴിയുന്ന മറ്റ് സ്ഥലങ്ങളിൽ നിന്നും നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എൻ.എസ്.ഡബ്ല്യു ന്യൂകാസിൽ സർവകലാശാലയിലെ ഹെൽത്ത് ആൻഡ് വെൽനസ് വിദഗ്ധനും ഗവേഷകനുമാണ് ഡോ. വിൻസെന്റ് കാൻഡ്രാവിനാറ്റ.
ഏറ്റവും സന്തോഷകരമായ സമയമാണ് ക്രിസ്മസ് കാലം. സാന്റയുടെ വേഷം കെട്ടുന്നവർ അമിത വണ്ണം തോന്നിപ്പിക്കാൻ തലയിണയും മറ്റു വസ്തുക്കളും ദേഹത്ത് നിറക്കുന്നതിനെയും news.com.au ന് നൽകിയ അഭിമുഖത്തിൽ വിൻസെന്റ് എതിർത്തു. സാന്റയെ ഏറ്റവും സ്‌നേഹിക്കുന്നത് കുട്ടികളാണ്. അവർക്കത് മനസിൽ തങ്ങിനിൽക്കുന്ന മനോഹര കാഴ്ചയാണ്. സന്തോഷമുള്ള സമയം അമിത ഭക്ഷണത്തിനും മദ്യപാനത്തിനുമുള്ളതായി കരുതരുത്. കുട്ടികൾ നാം കരുതുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ മനസിലാക്കുന്നതും ഉൾക്കൊള്ളുന്നവരുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഡോ. വിൻസെന്റ് കാൻഡ്രാവിനാറ്റയുടെ അഭിപ്രായത്തിനെതിരെ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. സാന്റയെന്നത് മനോഹരമായ രൂപമാണെന്നും അതിനെ ആരോഗ്യപ്രശ്‌നമായോ ബോഡി ഷെയ്മിങ്ങായോ കാണേണ്ടതില്ലെന്നാണ് ചിലർ പറയുന്നത്.