ഒരാഴ്ചക്കിടെ യുക്രൈനിൽ നിന്ന് പാലായനം ചെയ്തത് 10 ലക്ഷം പൗരന്മാരെന്ന് യുഎൻ
|യുക്രൈനിലേത് ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ അഭയാർഥി പ്രതിസന്ധി
റഷ്യൻ അധിനിവേശം ഒരാഴ്ച പിന്നിടുമ്പോൾ പ്രാണരക്ഷാർഥം രാജ്യം വിട്ടോടിയത് 10 ലക്ഷം യുക്രേനിയൻ പൗരന്മാരാണെന്ന് ഐക്യരാഷ്ട്ര സഭ. ഇത് യുക്രൈനിലെ ജനസംഖ്യയുടെ രണ്ടുശതമാനം വരുമെന്ന് യു.എൻ.അഭയാർഥി ഏജൻസിയായ യു.എൻ.എച്ച്.സി.ആറിന്റെ കണക്കുകൾ പറയുന്നു. 'ഏഴ് ദിവസങ്ങൾക്കുള്ളിൽ യുക്രൈനിൽ നിന്ന് അയൽരാജ്യങ്ങളിലേക്ക് പത്തം ലക്ഷം അഭയാർത്ഥികൾ പലായനം ചെയ്യുന്നത് ഞങ്ങൾ കണ്ടതായി' അഭയാർത്ഥികൾക്കായുള്ള യുഎൻ ഹൈക്കമ്മീഷണർ ഫിലിപ്പോ ഗ്രാൻഡി ട്വിറ്ററിൽ കുറിച്ചു. 40 ലക്ഷത്തിലേറെ ജനങ്ങൾ യുക്രൈനിൽ നിന്ന് പാലായനം ചെയ്യുമെന്നായിരുന്നു യു.എൻ ഏജൻസി പ്രവചിച്ചിരുന്നത്.
In just seven days we have witnessed the exodus of one million refugees from Ukraine to neighbouring countries.
— Filippo Grandi (@FilippoGrandi) March 2, 2022
For many millions more, inside Ukraine, it's time for guns to fall silent, so that life-saving humanitarian assistance can be provided.
നിലവിൽ ഏറ്റവും വലിയ അഭയാർത്ഥി പ്രവാഹമുള്ള രാജ്യം 2011 ൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ട സിറിയാണ്. ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ പ്രകാരം 5.6 ദശലക്ഷത്തിലധികം ആളുകളാണ് സിറിയയിലെ അഭയാർഥികൾ. എന്നാൽ യുദ്ധം തുടങ്ങി മൂന്ന് മാസത്തിനകമാണ് സിറിയയിൽ അഭയാർഥികളുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞതെന്നും യു.എൻ.എച്ച്.സി.ആർ കണക്കുകൾ വ്യക്തമാക്കുന്നു. യുക്രൈനിലേത് ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ അഭയാർഥി പ്രതിസന്ധിയാണെന്ന് യു.എൻ.എച്ച്സി.ആർ വക്താവ് ഷാബിയ മണ്ടു ബുധനാഴ്ച പറഞ്ഞു.
അതേ സമയം എട്ടാം ദിവസവും യുക്രൈനിൽ റഷ്യയുടെ യുദ്ധം തുടരുകയാണ്. കൂടുതൽ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് റഷ്യ നീങ്ങുന്നതെന്നാണ് അമേരിക്ക നൽകുന്ന മുന്നറിയിപ്പ്. ഇതിനിടെ റഷ്യ-യുക്രൈൻ രണ്ടാം ഘട്ട സമാധാന ചർച്ച ഇന്ന് നടക്കും. ബെലാറൂസ് പോളിഷ് അതിർത്തിയിലാണ് ചർച്ച നടക്കുന്നത്. യുക്രൈനിൽ നിന്ന് റഷ്യ പിന്മാറണമെന്ന പ്രമേയം യു.എൻ പൊതുസഭ വൻ ഭൂരിപക്ഷത്തിൽ ഇന്നലെ പാസാക്കിയിരുന്നു. വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വീണ്ടും വിട്ടു നിന്നിരുന്നു.