ലോകം ചുറ്റുന്ന കുഞ്ഞു ഇന്‍ഫ്ലുവന്‍സര്‍; പ്രതിമാസ വരുമാനം 75,000 രൂപ
|45 ഫ്ലൈറ്റുകളിൽ ഇതിനോടകം യാത്ര ചെയ്ത ബ്രിഗ്സ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ട്രാവൽ ഇൻഫ്ലുവൻസര്‍ കൂടിയാണ്
യാത്രകളെ ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമാണ്. ലോകം ചുറ്റി സഞ്ചരിക്കാന്‍ സാധിച്ചില്ലെങ്കിലും ഇത്തരം കാഴ്ചകള്‍ സോഷ്യല്‍മീഡിയയിലൂടെയും ടെലിവിഷനിലൂടെയുമെല്ലാം കാണാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. അത്തരത്തില്‍ ലോകത്തിലെ സുന്ദരകാഴ്ചകള്‍ എത്തിക്കുന്ന നിരവധി പേരുണ്ട്. പലരും ഒരു ജോലിയൊക്കെ ആയതിന് ശേഷമാണ് ഉലകം ചുറ്റാനിറങ്ങുന്നതെങ്കില്‍ ബ്രിഗ്സ് ഡാരിംഗ്ടണ്‍ എന്ന കുഞ്ഞ് തന്‍റെ ഒന്നാം വയസിലാണ് യാത്രകള്‍ ചെയ്യുകയും സമ്പാദിക്കുകയും ചെയ്യുന്നത്.
സോഷ്യല്‍മീഡിയയില്‍ താരമായ ബ്രിഗ്സ് തന്‍റെ മാതാപിതാക്കൾക്കൊപ്പം അമേരിക്കയിലെ വിവിധ ഇടങ്ങളിൽ ചുറ്റിക്കറങ്ങി പ്രതിമാസം 1000 ഡോളർ (75,000 രൂപ) ആണ് ഈ കുഞ്ഞ് സമ്പാദിക്കുന്നത്. 45 ഫ്ലൈറ്റുകളിൽ ഇതിനോടകം യാത്ര ചെയ്ത ബ്രിഗ്സ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ട്രാവൽ ഇൻഫ്ലുവൻസര്‍ കൂടിയാണ്.
അലാസ്ക, കാലിഫോര്‍ണിയ, ഫ്ലോറിഡ, യൂട്ട, ഐഡഹോ എന്നിവയുള്‍പ്പെടെ 16 അമേരിക്കന്‍ സംസ്ഥാനങ്ങള്‍ ബ്രിഗ്സ് ഈ കുഞ്ഞുപ്രായത്തിനിടെ സന്ദര്‍ശിച്ചു കഴിഞ്ഞു. 2020 ഒക്ടോബര്‍ 14നാണ് ബ്രിഗ്സിന്‍റെ ജനനം. വെറും മൂന്നു മാസം മാത്രം പ്രായമുള്ളപ്പോഴാണ് ബ്രിഗ്സിന്‍റെ ആദ്യയാത്രയെന്ന് മാതാവ് ജെസ് പറയുന്നു. അലാസ്കയിലെ കരടികളെയും യെല്ലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്കിലെ ചെന്നായകളെയും കാലിഫോര്‍ണിയ, ഉത്താ എന്നിവിടങ്ങളിലെ മനോഹരങ്ങളായ ബീച്ചുകളും ബ്രിഗ്സ് കണ്ടിട്ടുണ്ട്.
ഇന്‍സ്റ്റഗ്രാമില്‍ ബ്രിഗ്സിന് 30,000 ഫോളോവേഴ്സുണ്ട്. ബ്രിഗ്സിന്‍റെ അമ്മ പാര്‍ട്ട് ടൈം ടൂറിസ്റ്റ് എന്ന പേരില്‍ ഒരു ബ്ലോഗും ചെയ്യുന്നുണ്ട്.'' 2020ൽ ഗർഭിണിയായപ്പോൾ, എന്‍റെ കരിയർ അവസാനിച്ചതിൽ ഞാൻ ശരിക്കും അസ്വസ്ഥയായിരുന്നു. കുഞ്ഞുമായി എങ്ങനെ മുന്നോട്ടുപോകുമെന്നായിരുന്നു ചിന്ത'' ജെസ് പറയുന്നു. എന്നാല്‍ എന്തു പ്രതിസന്ധി വന്നാലും മുന്നോട്ടു പോകാന്‍ ഞങ്ങള്‍ തീരുമാനിച്ചു. തുടര്‍ന്ന് കുഞ്ഞുങ്ങളുടെ യാത്രകളെക്കുറിച്ചുള്ള സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ഉണ്ടോ എന്നു തിരയാന്‍ തുടങ്ങി. ഒരെണ്ണം പോലും കണ്ടെത്താനായില്ല. തുടര്‍ന്ന് കുഞ്ഞിനൊപ്പം യാത്ര ചെയ്യുന്ന വീഡിയോ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു'' ജെസ് കൂട്ടിച്ചേര്‍ത്തു.
കൃത്യമായ മുന്‍കരുതലുകളെടുത്ത് കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് ലോക്ക്ഡൗണ്‍ സമയത്തു പോലും ജെസും കുടുംബവും യാത്ര ചെയ്തു. സാമൂഹിക അകലം പാലിച്ചുകൊണ്ടായിരുന്നു ഈ യാത്രകള്‍. ഈ യാത്രകളില്‍ തങ്ങള്‍ നഗരങ്ങളെ ഒഴിവാക്കിയെന്നും ജെസ് ഡെയ്‍ലി മെയ്‍ലിനോടു പറഞ്ഞു.
സൗജന്യമായി ഡയപ്പറുകളും വൈപ്പുകളും നൽകുന്ന ഒരു സ്പോൺസറും ബ്രിഗ്സിനുണ്ട്. ഉടനൊന്നും ബ്രിഗ്സിനൊപ്പമുള്ള യാത്ര അവസാനിപ്പിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് ജെസ് പറഞ്ഞു. അടുത്ത ആറു മാസത്തിനുള്ളില്‍ യൂറോപ്പ് സന്ദര്‍ശിക്കാനൊരുങ്ങുകയാണ് ബ്രിഗ്സും കുടുംബവും.