തുർക്കി-സിറിയ ഭൂകമ്പ ദുരിതാശ്വാസത്തിന് 10 കോടി; ബജറ്റിൽ കൂടുതൽ പ്രഖ്യാപനങ്ങൾ
|എറണാകുളത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ 10 കോടിയും അരൂർ മണ്ഡലത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ അഞ്ച് കോടിയും അനുവദിച്ചു.
തിരുവനന്തപുരം: ഭൂകമ്പം നാശംവിതച്ച തുർക്കിക്കും സിറിയക്കും ദുരിതാശ്വാസ സഹായമായി 10 കോടി നൽകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. നിയമസഭയിൽ ബജറ്റ് ചർച്ചക്ക് ശേഷമുള്ള മറുപടി പ്രസംഗത്തിലാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. എറണാകുളത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ 10 കോടിയും അരൂർ മണ്ഡലത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ അഞ്ച് കോടിയും അനുവദിച്ചു.
അഷ്ടമുടിക്കായൽ ശുചീകരണത്തിന് അഞ്ച് കോടി, പട്ടയം മിഷൻ നടപ്പിലാക്കാൻ രണ്ട് കോടി, കണ്ണൂർ വിമാനത്താവളത്തിന് ഒരുകോടി, സ്കൂളുകളിൽ കായിക പരിശീലനത്തിനായി മൂന്ന് കോടി, ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാമേളയായ സമ്മോഹനം പരിപാടിക്ക് 20 ലക്ഷം, തലശ്ശേരി മണ്ഡലത്തിലെ മയ്യഴി വിനോദസഞ്ചാര പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾക്ക് ഒരുകോടി എന്നിങ്ങനെയും തുക അനുവദിച്ചതായും മന്ത്രി പറഞ്ഞു.
അതേസമയം ഇന്ധന സെസ് അടക്കം സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഒരു നികുതിയും കുറയ്ക്കില്ലെന്ന് ധനമന്ത്രി മറുപടി പ്രസംഗത്തിൽ വ്യക്തമാക്കി. ഇന്ധന സെസിൽ ഒരു രൂപ കുറയ്ക്കുമെന്ന മാധ്യമ വാർത്തകൾ കണ്ടാണ് പ്രതിപക്ഷം സമരത്തിനിറങ്ങിയതെന്ന് ധനമന്ത്രി പരിഹസിച്ചു. വിദേശത്ത് പോകുന്നതും കാറ് വാങ്ങുന്നതും ഒഴിവാക്കലല്ല ചെലവ് ചുരുക്കൽ. പദ്ധതികളിൽ പ്രായോഗികവും ശാസ്ത്രീയവുമായ രീതികൾ കൊണ്ടുവന്നാണ് ചെലവ് ചുരുക്കുന്നതെന്നും ബാലഗോപാൽ പറഞ്ഞു.