യൂറോപിന്റെ ബ്രെഡ് ബാസ്‌കറ്റ്, പ്രേത നഗരങ്ങളുടെ ആസ്ഥാനം, ടണൽ ഓഫ് ലവ്... യുക്രൈനെ കുറിച്ചറിയേണ്ട പത്ത് കാര്യങ്ങൾ
|ചെർണോബില്‍ ആണവ ദുരന്തത്തിന് ശേഷം ഉപേക്ഷിക്കപ്പെട്ട പ്രിപ്യാത് പോലെയുള്ള നിരവധി പട്ടണങ്ങളും യുക്രൈനിലാണ്
റഷ്യ യുക്രൈനിൽ വ്യോമാക്രമണം തുടങ്ങി എന്ന വാർത്തയോടെയാണ് ഇന്ന് ലോകം ഞെട്ടിയുണരുന്നത്. കൊടുമ്പിരി കൊള്ളുന്ന യുദ്ധത്തിന്റെ നടുവിലാണ് ഈ രാജ്യവും അവിടുത്തെ ജനങ്ങളും. ചരിത്രപരമായ ഒരുപാട് സവിശേഷതകൾ ഉറങ്ങുന്ന നഗരമാണ്. കിഴക്കൻ യൂറോപ്യൻ രാജ്യമായ യുക്രൈൻ. യുക്രൈനിലെ പല സ്ഥലങ്ങളും സഞ്ചാരികളുടെ കൂടെ പ്രിയപ്പെട്ട ഇടമാണ്. നിരവധി പൈതൃക കേന്ദ്രങ്ങളും കോട്ടകളും യൂറോപിന്റെ പ്രധാന കൃഷിയിടങ്ങളും സ്ഥിതിചെയ്യുന്നത് യുക്രൈനിലാണ്. യുക്രൈനിന് മാത്രം സ്വന്തമായ സവിശേഷമായ 10 കാര്യങ്ങളെ കുറിച്ചറിയാം...
'ടണൽ ഓഫ് ലവ് അഥവാ പ്രണയ തുരങ്കം'
യുക്രൈനിലെ ക്ലെവാനിനടുത്തുള്ള ഒരു വ്യാവസായിക റെയിൽവേയുടെ ഭാഗമാണ് 'ടണൽ ഓഫ് ലവ് അഥവാ പ്രണയ തുരങ്കം' . പ്രകൃതിരമണീയമായ ട്രെയിൻ ടണലാണിത്. ഒറ്റട്രാക്കുള്ള ഈ റെയിൽപാതക്ക് ചുറ്റും മരങ്ങളും ചെടികളുമായുള്ള പച്ചകമാനങ്ങൾ നയനാന്ദകരമായ കാഴ്ചയാണ്. പ്രകൃതിയുടെ അതിമനോഹകമായ ഈ ഇടം ലോകത്തുടനീളമുള്ള സഞ്ചാരികളുടെ പ്രിയ കേന്ദ്രമാണ്. പ്രത്യേകിച്ചും ദമ്പതികളുടെ. പ്രാദേശികമായ വിശ്വാസമനുസരിച്ച് ഇവിടെ സന്ദർശിക്കുന്ന ദമ്പതികൾക്ക് അവരുടെ ആഗ്രഹങ്ങൾ സാധിക്കപ്പെടുമെന്നാണ് പറയപ്പെടുന്നത്.
ലോകത്തിലെ ആഴമേറിയ രണ്ടാമത്തെ സബ്‍വേ സ്റ്റേഷൻ
കിയവ് മെട്രോയുടെ ആഴ്‌സനൽന സ്റ്റേഷൻ ലോകത്തിലെ രണ്ടാമത്തെ ആഴമേറിയ സബ്വേ സ്റ്റേഷനാണ്. 346 അടി താഴെയാണ് ഈ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.
പ്രേത നഗരങ്ങളുടെ ആസ്ഥാനം
ലോകം കണ്ടഎക്കാലത്തെയും മാരകമായ ആണവ ദുരന്തം നടന്നത് ചെർണോബിലാണ്. ഈ ദുരന്തം നടന്ന സ്ഥലവും അതിന്റെ പരിസര പ്രദേശങ്ങളും വടക്കൻ യുക്രൈനിലാണ് സ്ഥിതി ചെയ്യുന്നത്. ആണവ ദുരന്തത്തിന് ശേഷം ഉപേക്ഷിക്കപ്പെട്ട പ്രിപ്യാത് പോലെയുള്ള നിരവധി പട്ടണങ്ങളും യുക്രൈനിലാണ് സ്ഥിതിചെയ്യുന്നത്.
യൂറോപിന്റെ കാപ്പി നഗരം
യൂറോപ്യൻ കോഫി ഷോപ്പ് കണ്ടുപിടിച്ചതിന്റെ അവകാശം യുക്രൈനും ഓസ്ട്രിയയും ഒരുപോലെ അവകാശപ്പെടുന്നുണ്ട്. 1680കളിൽ ഓസ്ട്രിയയിലെ വിയന്നയിൽ യൂറി കുൽസിക്കി എന്ന യുക്രേനിയൻ പോരാളിയാണ് ആദ്യമായി ഒരു കപ്പ് കാപ്പി ഉണ്ടാക്കിയതെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. നൂറുകണക്കിന് കോഫി ഷോപ്പുകളുള്ള മധ്യകാല നഗരമായ ലിവിവിൽ യുക്രൈനിന്റെ തീവ്രമായ കാപ്പി സംസ്‌കാരം വ്യക്തമായി കാണാം.
സൂര്യകാന്തി വിത്ത് ഉത്പാദകരിൽ ഒന്നാമൻ
സൂര്യകാന്തികളുടെ വലിയ പാടങ്ങൾ തന്നെ യുക്രൈനിലുണ്ട്. സ്ലോവേനിയയുടെ മുഴുവൻ പ്രദേശത്തെയും ഉൾക്കൊള്ളാൻ കഴിയുന്നതാണ് യുക്രൈനിലെ സൂര്യകാന്തി കൃഷിയിടങ്ങളുടെ ആകെ വലിപ്പം.
പൈതൃകകേന്ദ്രങ്ങളുടെ നാട്
ചരിത്രപരമായും സാംസ്‌കാരികമായും വളരെ സമ്പന്നമാണ് യുക്രൈൻ.പ്രകൃതിദത്ത യുനെസ്‌കോ ലോക പൈതൃക സ്ഥലങ്ങളിലും യുക്രൈൻ ഇടം പിടിച്ചിട്ടുണ്ട്. പല നഗരങ്ങളിലും മികച്ച രീതിയിൽ തന്നെ സംരക്ഷിക്കുന്ന നിരവധി ചരിത്ര കേന്ദ്രങ്ങളുമുണ്ട്. രാജ്യത്തിന്റെ മഹത്തായ ഭൂതകാലത്തെക്കുറിച്ച് ഓർമ്മപ്പെടുത്തുന്ന നിരവധി കോട്ടകളും മനോഹരമായ പള്ളികളാലും സമ്പന്നമാണ് യുക്രൈൻ.
ഏറ്റവും വലിയ യൂറോപ്യൻ രാജ്യം
യൂറോപ്പിലെ ഏറ്റവും വലിയ രാജ്യമായി റഷ്യ കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രാജ്യമാണ് യുക്രൈൻ. 603,628 ചതുരശ്ര കിലോമീറ്ററാണ് യുക്രൈനിലെ ആകെ വിസ്തീർണ്ണം.
സമ്പൂർണ സാക്ഷരത രാജ്യം
യുക്രൈനിലെ മുതിർന്ന ജനസംഖ്യയുടെ ഏതാണ്ട് 100 ശതമാനം പേരും സാക്ഷരരാണ്. യുക്രൈൻ പോലെ ഉയർന്ന സാക്ഷരതാ നിരക്കുള്ളത് ഉത്തരകൊറിയയിൽ മാത്രമാണ്.
'യൂറോപ്പിന്റെ ബ്രെഡ് ബാസ്‌കറ്റ്'
ഫലഭൂയിഷ്ഠമായ കറുത്ത മണ്ണുള്ള യുക്രൈനിലെ കൃഷി ഭൂമിയുടെ വലിയൊരു ശതമാനവും ഗോതമ്പും മറ്റ് ഭക്ഷ്യവിളകളുമാണ് കൃഷിചെയ്യുന്നത്. അതിനാൽ, 'യൂറോപ്പിന്റെ ബ്രെഡ്ബാസ്‌കറ്റ്' എന്ന വിളിപ്പേരും ഇതിന് ലഭിച്ചു.ഇന്ന്. ലോകത്തിലെ ഏറ്റവും വലിയ ഗോതമ്പ് ഉത്പാദകരിൽ ഒന്നാണ് യുക്രൈൻ.
ലോകത്തെ ഭാരമേറിയ വിമാനത്തിന്റെ നിർമാതാക്കൾ
ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ഭാരമേറിയ വിമാനമായ അന്റോനോവ് ആൻ-225 മരിയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നപ്പോൾ യുക്രൈനിലെ കിയവിൽ നിർമ്മിച്ചതാണ്. 285,000 കിലോഗ്രാം ഭാരവും 88.4 മീറ്റർ നീളമുള്ള ചിറകുകളുമാണ് ഈ വിമാനത്തിന്റെ പ്രത്യേകത.