ചെറിയ സ്പർശം പോലുമുണ്ടാക്കുക അസഹനീയ വേദന, പുതയ്ക്കാൻ പോലുമാവില്ല; 10വയസുകാരിക്ക് അത്യപൂർവ രോഗം
|"ബെഡിൽ നിന്ന് അനങ്ങാൻ പറ്റില്ല, ഒന്നിരിക്കാനോ ഒന്നും... തണുപ്പായാൽ ഒരു പുതപ്പിടാൻ പോലും കഴിയാത്ത അവസ്ഥയാണ്, അങ്ങനെ എന്തെങ്കിലുമുണ്ടായാൽ ഞാൻ അലറിക്കരയും"
സിഡ്‌നി: ആസ്‌ത്രേലിയയിൽ 10വയസുകാരിക്ക് അത്യപൂർവ രോഗം. മനുഷ്യരാശിക്ക് സഹിക്കാവുന്നതിലും അപ്പുറം വേദന ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുള്ള കോംപ്ലക്‌സ് റീജിയണൽ പെയ്ൻ സിൻഡ്രോം ആണ് ബെല്ല ബെയ്‌സി എന്ന കുട്ടിയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വലതുകാലിൽ ആരെങ്കിലും തൊട്ടാൽ പോലും അസഹനീയമായ വേദനയാണ് കുട്ടിക്കുണ്ടാവുക എന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
കുടുംബത്തിനൊപ്പം നടത്തിയ ഒരു ഉല്ലാസ യാത്രക്ക് ശേഷമാണ് കുട്ടിയിൽ ശാരീരികാസ്വസ്ഥതകൾ പ്രകടമായി തുടങ്ങിയത്. ഇവിടെ വെച്ച് ബെല്ലയുടെ വലതു കാലിൽ അണുബാധയുണ്ടായിരുന്നു. ഇതിൽ പിന്നീട് വേദനയുണ്ടായതോടെ ചികിത്സ തേടിയപ്പോഴാണ് രോഗം സ്ഥിരീകരിക്കുന്നത്. വേദന കാരണം അനങ്ങാൻ പോലും വയ്യാത്ത അവസ്ഥയിലാണ് കുട്ടി. ചെറിയ ഒരു സ്പർശം പോലും അസഹനീയമായ വേദനയുണ്ടാക്കും എന്നതിനാൽ പാന്റ്‌സ് ധരിക്കാനോ പുതപ്പിടാനോ ഒന്നും കഴിയില്ല. നിലവിൽ സദാസമയവും ബെഡ്ഡിൽ കഴിച്ചു കൂട്ടുകയാണ് ബെല്ല. മുറിയിൽ നിന്ന് പുറത്തിറങ്ങണമെങ്കിൽ വലിയ വേദന സഹിക്കണം എന്നതിനാൽ സ്വന്തം മുറിയല്ലാതെ മറ്റൊരിടവും കുറച്ചു നാളുകളായി ബെല്ല കണ്ടിട്ടില്ല.
ഉള്ളിലെന്തോ കത്തുന്ന വേദനയാണ് അനുഭവപ്പെടാറുള്ളതെന്നും ലോകത്തുള്ള എല്ലാ വേദനകളും ഒന്നിച്ചുണ്ടാകുന്ന പോലെയാണ് തോന്നിയിട്ടുള്ളതെന്നും ബെല്ല പറയുന്നു. ബെഡിൽ നിന്ന് അനങ്ങാൻ പറ്റില്ല, ഒന്നിരിക്കാനോ ഒന്നും. തണുപ്പായാൽ ഒരു പുതപ്പിടാൻ പോലും കഴിയാത്ത അവസ്ഥയാണ്. അങ്ങനെ എന്തെങ്കിലുമുണ്ടായാൽ ഞാൻ അലറിക്കരയും. ബെല്ല കൂട്ടിച്ചേർത്തു.
ചെറിയ മുറിവ് പോലും ഭയങ്കരമായ വേദന നൽകുന്ന അത്യപൂർവ രോഗത്തിൽ പകച്ചു നിൽക്കുകയാണ് ബെല്ലയും കുടുംബവും. യുഎസിൽ മാത്രമാണ് നിലവിൽ രോഗത്തിന് ചികിത്സയുള്ളത്. ചികിത്സാച്ചെലവ് താങ്ങാനാവാത്തതിനാൽ ഗോഫണ്ട്മീ എന്ന പേരിൽ ബെല്ലയുടെ ചികിത്സയ്ക്കായി ഒരു ക്യാംപെയ്ൻ തുടങ്ങിയിട്ടുണ്ട് കുടുംബം.