'ഗസ്സയില്‍ 24 മണിക്കൂറിനിടെ 100ലേറെ ഇസ്രായേല്‍ സൈനികർക്ക് പരിക്ക്; ഹിസ്ബുല്ല ആക്രമണത്തില്‍ സൈനികതാവളത്തിൽ വൻ നാശനഷ്ടങ്ങൾ'
|ഹമാസ് നേതാവ് സാലിഹ് അൽആറൂരിയുടെ കൊലപാതകത്തിനു പ്രതികാരമായായിരുന്നു സൈനികതാവളമടക്കം ലക്ഷ്യമിട്ട് ഇസ്രായേലിലെ നിരവധി കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഹിസ്ബുല്ല ആക്രമണമുണ്ടായത്
ഗസ്സ സിറ്റി/തെൽഅവീവ്: ഗസ്സയിലും ലബനാൻ അതിർത്തിയിലും വൻ തിരിച്ചടി നേരിട്ടതായി സമ്മതിച്ച് ഇസ്രായേൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗസ്സയിൽ മാത്രം നൂറിലേറെ ഇസ്രായേൽ സൈനികർക്കാണു പരിക്കേറ്റത്. ഇതിനു പുറമെ വടക്കൻ ഇസ്രായേലിനുനേരെയുണ്ടായ ഹിസ്ബുല്ല ആക്രമണത്തിൽ സൈനികതാവളത്തിനു വൻ നാശനഷ്ടങ്ങൾ സംഭവിച്ചു. ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ്(ഐ.ഡി.എഫ്) ആണ് ഇതിന്റെ വിവരങ്ങൾ പുറത്തുവിട്ടതെന്ന് ഇസ്രായേൽ മാധ്യമം 'ഹാരെറ്റ്‌സ്' റിപ്പോർട്ട് ചെയ്തു.
103 ഇസ്രായേൽ സൈനികർക്കാണ് ഗസ്സയിൽ കഴിഞ്ഞ മണിക്കൂറുകളില്‍ പരിക്കേറ്റത്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് ഇസ്രായേൽ സൈന്യം വെളിപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗികമായി പുറത്തുവിട്ട കണക്കിനും അപ്പുറത്താണ് യഥാർത്ഥ ചിത്രമെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഞായറാഴ്ചയാണ് വടക്കൻ ഇസ്രായേലിലെ മൗണ്ട് മെറോണിലെ തന്ത്രപ്രധാന വ്യോമതാവളം ഹിസ്ബുല്ല ആക്രമിക്കുന്നത്. 40 റോക്കറ്റുകളും നിരവധി മിസൈലുകളും ഹിസ്ബുല്ല താവളത്തിലേക്കു വിക്ഷേപിച്ചതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നു. താവളത്തിലെ രണ്ടു നിരീക്ഷണകേന്ദ്രങ്ങൾ തകർത്തതായി ഹിസ്ബുല്ല പുറത്തുവിട്ട വിഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.
ലബനാൻ അതിർത്തിയിൽനിന്ന് എട്ടു കി.മീറ്റർ മാത്രം ദൂരത്താണ് താവളം സ്ഥിതിചെയ്യുന്നത്. കഴിഞ്ഞയാഴ്ച നടന്ന ഹമാസ് നേതാവ് സാലിഹ് അൽആറൂരിയുടെ കൊലപാതകത്തിനു പ്രതികാരമായായിരുന്നു സൈനികതാവളമടക്കം ഇസ്രായേലിലെ നിരവധി കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഹിസ്ബുല്ല ആക്രമണമുണ്ടായത്. ഇതിൽ വലിയ നാശനഷ്ടങ്ങളുണ്ടായതായി ഐ.ഡി.എഫ് സമ്മതിച്ചിട്ടുണ്ട്.
എന്നാൽ, നഷ്ടത്തിന്റെ തോതും വിശദാംശങ്ങളും വെളിപ്പെടുത്താൻ സൈന്യം തയാറായിട്ടില്ല. എന്നാൽ, വ്യോമതാവളത്തിൽ അറ്റകുറ്റപണി നടത്തി പൂർവസ്ഥിതിയിലാക്കാനാകുമെന്നാണ് ഐ.ഡി.എഫ് വക്താവ് റിയർ അഡ്മിറൽ ഡാനിയേൽ ഹഗാരി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. സമാനമായ ആക്രമണങ്ങൾ ആവർത്തിക്കുന്നതു തടയാൻ വേണ്ട അന്വേഷണങ്ങൾ നടക്കുന്നുണ്ടെന്നും ഹഗാരി അറിയിച്ചു.
Summary: More than a hundred Israeli soldiers wounded in last 24h in Gaza. Mount Meron air traffic control base damaged in Hezbollah attack: Reports