World
യുക്രൈനിൽ കൂട്ടപലായനം; പോളണ്ട് അതിർത്തി കടന്നത് ഒരുലക്ഷം പേർ
World

യുക്രൈനിൽ കൂട്ടപലായനം; പോളണ്ട് അതിർത്തി കടന്നത് ഒരുലക്ഷം പേർ

Web Desk
|
26 Feb 2022 12:11 PM GMT

യുദ്ധഭൂമിയിൽ നിന്ന് രക്ഷപ്പെട്ട് എത്തുന്നവരെ ഏറ്റെടുക്കുമെന്നും പോകാനിടമില്ലാത്തവർക്ക് താൽക്കാലിക അഭയസ്ഥാനമൊരുക്കുമെന്നും പോളണ്ട് സർക്കാർ വ്യക്തമാക്കി. കാൽനടയായി എത്തുന്നവർക്ക് ഏട്ട് അതിർത്തികൾ വഴിയും പോളണ്ട് പ്രവേശനം അനുവദിക്കുന്നുണ്ട്.

റഷ്യൻ ആക്രമണത്തെ തുടർന്ന് യുക്രൈനിൽ കൂട്ടപലായനം. ഒരുലക്ഷത്തോളം പേർ ഇതുവരെ തങ്ങളുടെ അതിർത്തി കടന്നതായി പോളണ്ട് അതിർത്തി രക്ഷാ ഏജൻസി അറിയിച്ചു. അഭയാർഥി പ്രവാഹം വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് അതിർത്തിരക്ഷാ ഏജൻസിയുടെ വക്താവ് അന്ന മൈക്കലസ്‌ക പറഞ്ഞു. ശനിയാഴ്ച ആറ് മണി മുതൽ മാത്രം 20,000ത്തിൽ കൂടുതൽ പേർ എത്തിയതായും അവർ വ്യക്തമാക്കി.

യുദ്ധഭൂമിയിൽ നിന്ന് രക്ഷപ്പെട്ട് എത്തുന്നവരെ ഏറ്റെടുക്കുമെന്നും പോകാനിടമില്ലാത്തവർക്ക് താൽക്കാലിക അഭയസ്ഥാനമൊരുക്കുമെന്നും പോളണ്ട് സർക്കാർ വ്യക്തമാക്കി. കാൽനടയായി എത്തുന്നവർക്ക് ഏട്ട് അതിർത്തികൾ വഴിയും പോളണ്ട് പ്രവേശനം അനുവദിക്കുന്നുണ്ട്. അതിർത്തികളിലെ ചെക്ക്‌പോയിന്റുകളിൽ കാറുകളുടെ നീണ്ട നിരയാണ് കാത്തിരിക്കുന്നത്. നേരത്തെ കാൽനടയായി എത്തുന്നവർക്ക മാത്രമാണ് മെഡിക അതിർത്തി വഴി രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചിരുന്നത്.

അഭയാർഥികൾക്ക് ഭക്ഷണവും മെഡിക്കൽ സേവനവും ലഭ്യമാക്കുന്നതിനായി ഒമ്പത് സ്വീകരണകേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. അതിർത്തിക്ക് സമീപമുള്ള സ്‌കൂളുകളും ജിംനേഷ്യങ്ങളുമെല്ലാം സ്വീകരകേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്.

അതിനിടെ റൊമേനിയയിലെ ബുക്കാറെസ്റ്റിൽ നിന്നും ഇന്ത്യയിലേക്കുള്ള ആദ്യ വിമാനം പുറപ്പെട്ടു. 219 യാത്രക്കാരെ വഹിച്ചാണ് എയർ ഇന്ത്യയുടെ വിമാനം ഇന്ത്യയിലെത്തുന്നത്. രാത്രി ഒൻപതു മണിക്ക് വിമാനം മുംബൈയിലെത്തുമെന്നാണ് വിവരം. യാത്രക്കാരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളെല്ലാം വിമാനത്താവളത്തിൽ പൂർത്തിയായിട്ടുണ്ട്. കേന്ദ്ര മന്ത്രിമാരടക്കമുള്ളവർ യുക്രൈനിൽ നിന്നെത്തുന്നവരെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തുമെന്നാണ് സൂചന.

യാത്രക്കാർക്ക് വിശ്രമിക്കാനുള്ള സൗകര്യവും സൗജന്യ ഭക്ഷണം അടക്കമുള്ള എല്ലാ സജ്ജീകരണങ്ങളും എയർപോർട്ട് അതോറിറ്റി ഒരുക്കിയിട്ടുണ്ട്. യാത്രക്കാർക്ക് കോവിഡ് പരിശോധന സൗജന്യമായി നടത്താനുള്ള നടപടിയും എയർപോർട്ട് അതോറിറ്റി കൈക്കൊണ്ടിട്ടുണ്ട്. വിമാനത്തിൽ ഏതാണ്ട് ഇരുപതോളം മലയാളികളുണ്ടെന്നാണ് വിവരം.


Related Tags :
Similar Posts