യുദ്ധഭൂമിയില്‍ നിന്നും സുരക്ഷിത സ്ഥലം തേടി 11കാരന്‍ സഞ്ചരിച്ചത് 1000 കി.മീ
|ഇതുവരെ 1.5 ദശലക്ഷം ആളുകള്‍ യുദ്ധഭൂമിയില്‍ നിന്നും അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ട്
റഷ്യന്‍ ആക്രമണം തുടരുന്ന യുക്രൈനില്‍ നിന്നും ആളുകളുടെ കൂട്ടപ്പലായനം തുടരുകയാണ്. ഇതുവരെ 1.5 ദശലക്ഷം ആളുകള്‍ യുദ്ധഭൂമിയില്‍ നിന്നും അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ട്. പതിനൊന്നുകാരനായ യുക്രൈന്‍ ബാലന്‍ സുരക്ഷിതമായ അഭയകേന്ദ്രം തേടി സഞ്ചരിച്ചത് 1000 കിലോമീറ്ററാണ്. ഒറ്റക്ക് സ്ലോവാക്യയിലേക്കാണ് ബാലന്‍ യാത്ര ചെയ്തത്.
തെക്കുകിഴക്കൻ യുക്രൈനിലെ സപ്പോരിജിയ സ്വദേശിയാണ് ബാലന്‍. രോഗിയായ ബന്ധുവിനെ പരിചരിക്കുന്നതിനായി മാതാപിതാക്കള്‍ക്ക് യുക്രൈനില്‍ തന്നെ തങ്ങേണ്ടിവന്നതിനാലാണ് ബാലന്‍ ഒറ്റക്ക് യാത്ര ചെയ്തത്. ഒരു ബാക്ക് പാക്ക് ബാഗും അമ്മയുടെ കുറിപ്പും ഫോണ്‍ നമ്പറും മാത്രമാണ് കുട്ടിയുടെ കയ്യിലുണ്ടായിരുന്നത്. അവിശ്വസനീയമായ ഒരു യാത്ര പൂർത്തിയാക്കിയ ശേഷം, ''തന്‍റെ പുഞ്ചിരി, നിർഭയത്വം, നിശ്ചയദാർഢ്യം, ഒരു യഥാർഥ നായകന്‍ എന്നിവയിലൂടെ ബാലന്‍ ഉദ്യോഗസ്ഥരെ കീഴടക്കി. കഴിഞ്ഞ രാത്രിയിലെ വലിയ ഹീറോ" സ്ലൊവാക്യൻ ആഭ്യന്തര മന്ത്രാലയം കുട്ടിയെ അഭിനന്ദിച്ച് ഫേസ്ബുക്കില്‍ കുറിച്ചു.
ബന്ധുക്കളെ കണ്ടുപിടിക്കാനായി ട്രയിനിലാണ് മകനെ സ്ലോവാക്യയിലേക്ക് അയച്ചതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. ഒരു പ്ലാസ്റ്റിക് ബാഗില്‍ പാസ്പോര്‍ട്ടും ഒരു കുറിപ്പും മകന്‍റെ കയ്യില്‍ കൊടുത്തിരുന്നു. കുട്ടി സ്ലോവാക്യയിൽ എത്തിയപ്പോൾ അതിർത്തിയിലെ ഉദ്യോഗസ്ഥർ തലസ്ഥാനമായ ബ്രാറ്റിസ്‌ലാവയിലുള്ള ബന്ധുക്കളുമായി ബന്ധപ്പെടുകയും അവര്‍ക്ക് ബാലനെ കൈമാറുകയുമായിരുന്നു. മകനെ പരിചരിച്ചതിന് സ്ലൊവാക് ഭരണകൂടത്തിനും പൊലീസിനും കുട്ടിയുടെ അമ്മ നന്ദി പറഞ്ഞുകൊണ്ട് സന്ദേശം അയച്ചു.